
ആലപ്പുഴ: കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. കേരളത്തിലെ കോണ്‍ഗ്രസ് ഈഴവ വിരുദ്ധ പാര്‍ട്ടിയായി മാറിയെന്നത് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണെന്ന് വെളളാപ്പളളി നടേശന്‍ പറഞ്ഞു. ക്രൈസ്തവ സഭയുടെ താല്‍പ്പര്യങ്ങള്‍ക്കു വഴങ്ങിയാണ് അറിയപ്പെടാത്തതും അപ്രസക്തനുമായ ആളെ കെപിസിസി അധ്യക്ഷനായി പ്രതിഷ്ഠിച്ചതെന്നും ഇത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമോ എന്ന് കണ്ടറിയണമെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു. സി കേശവന്റെ കോഴഞ്ചേരി പ്രസംഗത്തിന്റെ 90-ാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ലേഖനത്തിലാണ് വെളളാപ്പളളിയുടെ വിമര്‍ശനം.
'കെ സുധാകരന്‍ കരുത്തനും പ്രഗത്ഭനും മിടുക്കനുമായ കെപിസിസി പ്രസിഡന്റായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസില്‍ ഒരു യുദ്ധത്തിനു തന്നെ വഴിവയ്ക്കുന്ന തീരുമാനമാണത്. സി കേശവന്റെ കോഴഞ്ചേരി പ്രസംഗത്തില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങള്‍ അവരുടെ അവകാശങ്ങള്‍ ഓരോന്നായി പിടിച്ചുവാങ്ങി. എന്നാല്‍ സംഘടിച്ച് ശക്തരാകാന്‍ ആഹ്വാനം ചെയ്ത ശ്രീനാരായണഗുരു ദര്‍ശനത്തിലൂന്നി പ്രവര്‍ത്തിക്കുന്ന എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകര്‍ക്ക് ആവേശം നിലനിര്‍ത്താനാകാതെ പോയതിനാല്‍ ജനസംഖ്യാനുപാതിക നീതി ഒരു മേഖലയിലും ലഭിക്കുന്നില്ല. സമുദായ ബലത്തില്‍ കേരളത്തില്‍ ഒന്നാമതായിട്ടും അതിന് ആനുപാതികമായ പ്രാതിനിധ്യം നിഷേധിക്കപ്പെടുന്നത് ബലഹീനതയാണ്'- വെളളാപ്പളളി നടേശന്‍ പറഞ്ഞു.
പിന്നാക്ക വിഭാഗങ്ങള്‍ക്കുവേണ്ടി എസ്എന്‍ഡിപി യോഗം നിരന്തരം ശബ്ദമുയര്‍ത്തുന്നത് രാഷ്ട്രീയ പാര്‍ട്ടികളെയും ചില സമുദായ സംഘടനകളെയും വല്ലാതെ ചൊടിപ്പിക്കുന്നുണ്ടെന്നും അവര്‍ എസ്എന്‍ഡിപിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും വെളളാപ്പളളി നടേശന്‍ ആരോപിച്ചു. സര്‍ക്കാര്‍ മേഖലയിലെ സുപ്രധാന സ്ഥാനങ്ങളെല്ലാം കൈക്കലാക്കാന്‍ സവര്‍ണ-ന്യൂനപക്ഷ സമുദായങ്ങള്‍ ഒരുമിച്ചുനില്‍ക്കുന്ന കാലത്ത് ഈഴവര്‍ സ്വയം തമ്മിലടിച്ച് നശിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: congress has become anti ezhava party says vellappally natesan