
റിയാദ്: കിംഗ്സ് കപ്പ് ചാമ്പ്യൻഷിപ്പിൽ അൽ നസറിന് തകർപ്പൻ ജയം. ഒഹോദിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് അൽ നസർ തോൽപ്പിച്ചത്. തുടർച്ചയായ മത്സരങ്ങളെ തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിശ്രമം നൽകിയാണ് അൽ നസർ കളിക്കാനിറങ്ങിയത്. ആൻഡേഴ്സൺ ടലിസ്ക, സാദിയോ മാനെ, സെകോ ഫൊഫാന, അയ്മൻ യഹ്യ, സമി അൽ-നജീ എന്നിവരാണ് അൽ നസറിനായി ഗോളുകൾ നേടിയത്.
13-ാം മിനിറ്റിൽ തന്നെ അൽ നസർ മുന്നിലെത്തി. പെനാൽറ്റിയിലൂടെ സാദിയോ മാനെയാണ് ആദ്യ ഗോൾ നേടിയത്. 40-ാം മിനിറ്റിൽ കോൺറാഡ് മിചാലക് സമനില ഗോൾ നേടി. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. രണ്ടാം പകുതി അൽ നസറിന്റേതായിരുന്നു. നാല് ഗോളുകൾ രണ്ടാം പകുതിയിൽ അൽ നസർ താരങ്ങൾ വലയിലെത്തിച്ചു. വിജയത്തോടെ കിംഗ്സ് കപ്പിന്റെ പ്രീ ക്വാർട്ടറിൽ കടക്കാൻ അൽ നസറിന് കഴിഞ്ഞു.
മറ്റൊരു മത്സരത്തിൽ അൽ ഹിലാൽ എതിരില്ലാത്ത ഒരു ഗോളിന് അൽ ജബലൈനെ തോൽപ്പിച്ചു. സൂപ്പർ താരം നെയ്മർ ജൂനിയർ ഇല്ലാതെയാണ് അൽ ഹിലാൽ കളിച്ചത്. റൂബൻ നെവെസ് ആണ് അൽ ഹിലാലിന്റെ ഏക ഗോൾ നേടിയത്. അൽ ഹിലാലും കിംഗ്സ് കപ്പിന്റെ പ്രീക്വാർട്ടറിൽ കടന്നു.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക