യൂറോ യോഗ്യത അപകടത്തില്; ഫെര്ണാണ്ടോ സാന്റോസിനെ പുറത്താക്കി പോളണ്ട്

ഖത്തര് ലോകകപ്പില് സൂപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോയെ സ്റ്റാര്ട്ടിങ് ഇലവനില് ഉള്പ്പെടുത്താതിരുന്ന കോച്ച് എന്ന കുപ്രസിദ്ധിയും സാന്റോസിന്റെ പേരിലുണ്ട്

dot image

വാര്സോ: യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളിലെ മോശം പ്രകടനത്തിന് പിന്നാലെ മുഖ്യപരിശീലകന് ഫെര്ണാണ്ടോ സാന്റോസിനെ പുറത്താക്കി പോളണ്ട്. പരിശീലക ചുമതല ഏറ്റെടുത്ത് വെറും ഒമ്പത് മാസങ്ങള്ക്കുള്ളിലാണ് പോര്ച്ചുഗീസുകാരനായ സാന്റോസിനെ മാറ്റാനുള്ള തീരുമാനം പോളണ്ട് സ്വീകരിച്ചത്. നേരത്തെ പോര്ച്ചുഗല് കോച്ച് ആയിരുന്ന സാന്റോസ് ഖത്തര് ലോകകപ്പിന് ശേഷമാണ് പോളണ്ടിന്റെ മാനേജര് സ്ഥാനത്തേക്ക് എത്തിയത്.

യൂറോ കപ്പ് യോഗ്യത മത്സരത്തിലെ അല്ബേനിയയോട് വഴങ്ങേണ്ടി വന്ന തോല്വിയാണ് കടുത്ത നടപടിയിലേക്ക് പോളിഷ് മാനേജ്മെന്റിനെ എത്തിച്ചത്. ഞായറാഴ്ച നടന്ന മത്സരത്തില് മറുപടിയില്ലാത്ത രണ്ട് ഗോളുകള്ക്കാണ് പോളണ്ട് പരാജയപ്പെട്ടത്. സാന്റോസിന് കീഴിലുള്ള യൂറോ യോഗ്യതയിലെ അഞ്ച് മത്സരങ്ങളില് പോളണ്ടിന്റെ മൂന്നാം തോല്വിയാണിത്. യൂറോ ക്വാളിഫയറില് താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പില് ഉള്പ്പെട്ട പോളണ്ട് വെറും രണ്ട് വിജയവുമായി പട്ടികയില് നാലാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങള് കൂടി ശേഷിക്കുന്ന സാഹചര്യത്തില് ഇനിയുമൊരു പരീക്ഷണത്തിന് ടീം തയ്യാറാകില്ല. ഒക്ടോബര്, നവംബര് മാസങ്ങളിലാണ് പോളണ്ടിന് ഇനിയുള്ള മത്സരങ്ങള്.

2014 മുതല് ഹെഡ് കോച്ചായിരുന്ന സാന്റോസിനെ ഖത്തര് ലോകകപ്പിന് ശേഷമാണ് പോര്ച്ചുഗീസ് പുറത്താക്കിയത്. സാന്റോസിന് കീഴില് അണിനിരന്ന പറങ്കിപ്പട 109 മത്സരങ്ങളില് നിന്ന് 67 വിജയവും 23 സമനിലയും സ്വന്തമാക്കി. 2016ല് യൂറോപ്യന് ചാമ്പ്യന്ഷിപ്പ് കിരീടവും 2019ല് യുവേഫ നാഷന്സ് ലീഗും പോര്ച്ചുഗീസിന് നേടിക്കൊടുക്കാന് സാന്റോസിന് സാധിച്ചു. ഖത്തര് ലോകകപ്പില് സൂപ്പര് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോയെ സ്റ്റാര്ട്ടിങ് ഇലവനില് ഉള്പ്പെടുത്താതിരുന്ന കോച്ച് എന്ന കുപ്രസിദ്ധിയും സാന്റോസിന്റെ പേരിലുണ്ട്. ലോകകപ്പില് നിന്ന് പുറത്തായതിന് പിന്നാലെ 2022 ഡിസംബര് 15നാണ് പോര്ച്ചുഗല് പരിശീലക സ്ഥാനത്തുനിന്ന് ഫെര്ണാണ്ടോ സാന്റോസ് പുറത്താക്കപ്പെട്ടിരുന്നു. തുടര്ന്ന് 2023 ജനുവരി 24ന് പോളണ്ടിന്റെ മാനേജര് സ്ഥാനത്തേക്ക് എത്തുകയായിരുന്നു.

dot image
To advertise here,contact us
dot image