

ആകാശ് ദീപിന്റെ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി മുഹമ്മദ് സിറാജിന് പകരം പ്രസിദ്ധ് കൃഷ്ണയെ കൊണ്ടുവന്ന ടീം മാനേജ്മെന്റിന്റെ തീരുമാനത്തെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ സിറാജിനെ ഒഴിവാക്കിയതില്‍ ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.
ഞായറാഴ്ച ക്രൈസ്റ്റ്ചര്‍ച്ചിലെ ഹാഗ്ലി ഓവലില്‍ മൂന്നാം ദിനം ബാറ്റിംഗിനിടെ ഹെല്‍മെറ്റില്‍ പന്ത് കൊണ്ടതിനെത്തുടര്‍ന്ന് ആകാശ് ദീപിനെ രണ്ടാം ടെസ്റ്റിന്റെ ശേഷിക്കുന്ന ഭാഗത്ത് നിന്ന് ഒഴിവാക്കിയത്. പരിക്കേറ്റ പേസറെ ബിസിസിഐ മെഡിക്കല്‍ ടീം നിരീക്ഷിച്ചുവരികയാണ്. ഈ തീരുമാനത്തോട് പ്രതികരിച്ച അശ്വിന്, പരമ്പരയില്‍ ഇതിനകം കളിച്ച ഒരു താരത്തെ കൊണ്ടുവരുന്നത് വിവേകപൂര്‍ണ്ണമായ നീക്കമാണെന്ന് അഭിപ്രായപ്പെട്ടു. സിറാജിന് പെട്ടെന്ന് സ്വാധീനം ചെലുത്താന്‍ സമയം വേണ്ടിവന്നേക്കാമെന്ന് സൂചിപ്പിക്കുകയും ചെയ്തു. 'കണ്‍കഷന്‍ സബ് ഉപയോഗിക്കാന്‍ അവസരം ലഭിക്കുമ്പോള്‍, പരമ്പരയില്‍ ഇതിനകം കളിച്ച ഒരു താരത്തെ കൊണ്ടുവരുന്നത് എപ്പോഴും നല്ലതാണ്. സിറാജിന് വന്ന് ഉടന്‍ തന്നെ സ്വാധീനം ചെലുത്താന്‍ കഴിയാത്ത വിധം വളരെ ഫ്രഷ് ആയിരിക്കാം' -അശ്വിന് എക്സില്‍ കുറിച്ചു. എന്നാല്‍, പകരക്കാരനായി സിറാജിനെ പരിഗണിക്കാത്തതില്‍ ഭോഗ്ലെ ആശ്ചര്യം പ്രകടിപ്പിച്ചു. 'ഇന്ത്യക്ക് കണ്‍കഷന്‍ സബ്! ആകാശ് ദീപ് പുറത്തുപോകുന്നു, പ്രസിദ്ധ് കൃഷ്ണ വരുന്നു. സിറാജിനെ തിരഞ്ഞെടുക്കാന്‍ കഴിയാത്ത വിധം എന്തോ ഗുരുതരമായ പ്രശ്നമുണ്ട്. ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളര്‍ ആകാശ് ദീപ് ആയിരുന്നു, അതിനാല്‍ അതൊരു നഷ്ടമാണ്' -ഭോഗ്ലെ എക്സില്‍ കുറിച്ചു.
ഒന്നാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ശേഷം ബാറ്റുകൊണ്ട് 52 പന്തില്‍ 29 റണ്‍സ് സംഭാവന ചെയ്ത ആകാശ് ദീപ് ആയിരുന്നു ഇന്ത്യയുടെ ശ്രദ്ധേയനായ ബൗളര്‍. വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ധ്രുവ് ജുറലിനൊപ്പം ഏഴാം വിക്കറ്റില്‍ 46 റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് ശേഷമാണ് അദ്ദേഹത്തിന് പരിക്കേറ്റത്. സിറാജും ലഭ്യമായിരുന്നുവെങ്കിലും, ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ ഉണ്ടായിരുന്ന പ്രസിദ്ധിനെയാണ് മുന്‍ഗണന നല്കി തിരഞ്ഞെടുത്തത്.
content highlights: Prasidh Krishna Chosen Over Siraj; R. Ashwin Backs the Move