

ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ പ്ലേയിംഗ് ഇലവനിൽ നിന്ന് പേസർ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയ ടീം മാനേജ്മെന്റിന്റെ തീരുമാനത്തെ ന്യായീകരിച്ച് ഇന്ത്യൻ ബാറ്റിംഗ് കോച്ച് സിതാൻഷു കൊടക്. ആദ്യ ദിവസത്തെ സാഹചര്യങ്ങൾ മാത്രം പരിഗണിച്ചല്ല, മറിച്ച് അഞ്ച് ദിവസത്തെ മത്സരത്തിന്റെ സാഹചര്യങ്ങളും ആവശ്യങ്ങളും മുന്നിൽ കണ്ടാണ് പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്തതെന്ന് കൊടക് വ്യക്തമാക്കി.
ജസ്പ്രീത് ബുംറയ്ക്കൊപ്പം പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അൻഷുൽ കംബോജ് എന്നിവരെയാണ് പേസ് നിരയിൽ ഇന്ത്യ ഉൾപ്പെടുത്തിയത്. സിറാജിനെ പുറത്തിരുത്തിയതിനെതിരെ മുൻ താരം സുനിൽ ഗവാസ്കർ ഉൾപ്പെടെയുള്ളവർ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊടക്കിന്റെ വിശദീകരണം.
സിറാജിന് പരിക്കൊന്നുമില്ല. ടീമിനെ തിരഞ്ഞെടുത്തപ്പോൾ ഇതാണ് ഏറ്റവും മികച്ച ഇലവൻ എന്ന് ഞങ്ങൾക്ക് തോന്നി. സിറാജിനെ ഒഴിവാക്കിയത് തെറ്റായ തീരുമാനമാണെന്ന് ഞാൻ കരുതുന്നില്ല. ഇത് ആദ്യ ദിവസം മാത്രമാണ്. ഞങ്ങൾ ആദ്യ ദിവസത്തേക്ക് മാത്രമല്ല ടീമിനെ തിരഞ്ഞെടുക്കുന്നത്; രണ്ട്, മൂന്ന്, നാല് ദിവസങ്ങളിലെ സാഹചര്യങ്ങൾ കൂടി പരിഗണിച്ചാണെന്നും കൊടക് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിൽ ന്യൂസിലൻഡിനെ 70/5 എന്ന നിലയിലേക്ക് തള്ളിയിടാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. എന്നാൽ പിന്നീട് ഹെൻറി നിക്കോൾസും (113) ഗ്ലെൻ ഫിലിപ്സും (94) ചേർന്ന് ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ന്യൂസിലൻഡിനെ 243/5 എന്ന ശക്തമായ നിലയിൽ എത്തിച്ചു.
content highlights: team not picked only for day one sitanshu kotak defends mohammed siraj omission ind vs nz