പരിക്ക് തിരിച്ചടി; ഇക്കുറി ഐപിഎലിന് ഇല്ലെന്ന് ഇംഗ്ലണ്ട് ബാറ്റര്‍ ജേക്കബ് ബെഥല്‍

നിലവിലെ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരമാണ് ജേക്കബ് ബെഥല്‍

പരിക്ക് തിരിച്ചടി; ഇക്കുറി ഐപിഎലിന് ഇല്ലെന്ന് ഇംഗ്ലണ്ട് ബാറ്റര്‍ ജേക്കബ് ബെഥല്‍
dot image

കാല്‍മുട്ടിലെ പരിക്കിനെത്തുടര്‍ന്ന് 2027-ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ താന്‍ പങ്കെടുക്കില്ലെന്ന് ഇംഗ്ലണ്ട് ബാറ്റര്‍ ജേക്കബ് ബെഥല്‍ സ്ഥിരീകരിച്ചു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള രണ്ട് വര്‍ഷത്തെ ബന്ധത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് താരം ഇക്കാര്യം അറിയിച്ചത്.

ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് ബെഥല്‍ തന്റെ തീരുമാനം വ്യക്തമാക്കിയത്. തനിക്ക് ആദ്യമായി ഐപിഎല്‍ അനുഭവം സമ്മാനിച്ചതിനും രണ്ട് കിരീടനേട്ടങ്ങളില്‍ പങ്കാളിയാകാന്‍ അവസരം നല്‍കിയതിനും അദ്ദേഹം ആര്‍സിബിയോട് നന്ദി പറഞ്ഞു. 'മികച്ച രണ്ട് വര്‍ഷങ്ങള്‍ സമ്മാനിച്ച ആര്‍സിബിക്ക് നന്ദി. എന്റെ ആദ്യ ഐപിഎല്‍ അനുഭവത്തിനായി ഇതിലും മികച്ചൊരു ഫ്രാഞ്ചൈസിയെ എനിക്ക് ലഭിക്കാനില്ല. ക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ക്കൊപ്പം ഡ്രസ്സിംഗ് റൂമും മൈതാനവും പങ്കിടാന്‍ സാധിച്ചതും, അതിലുപരി രണ്ട് കിരീടനേട്ടങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞതും വലിയ ബഹുമതിയായി കാണുന്നു' -ബെഥല്‍ കുറിച്ചു.

വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ കളിക്കുന്നതിന് പകരം കാല്‍മുട്ടിലെ പരിക്ക് പൂര്‍ണ്ണമായും ഭേദമാക്കുന്നതിനായിരിക്കും താന്‍ മുന്‍ഗണന നല്‍കുകയെന്ന് ഇടംകൈയ്യന്‍ ബാറ്ററായ ബെഥല്‍ വ്യക്തമാക്കി. ഐപിഎല്‍ 2027 മിനി ലേലത്തിന് മുന്നോടിയായി നിലവിലെ ചാമ്പ്യന്മാരായ ആര്‍സിബി ബെഥേലിനെ ടീമില്‍ നിലനിര്‍ത്തിയിരുന്നില്ല. 'നിര്‍ഭാഗ്യവശാല്‍, ഈ വര്‍ഷം ഞാന്‍ ഐപിഎല്ലില്‍ കളിക്കില്ല. എന്റെ കാല്‍മുട്ടിലെ പ്രശ്‌നം പരിഹരിക്കുന്നതിനായി കഠിനമായി പരിശ്രമിക്കുകയാണ്. ഇന്ത്യയിലായിരുന്ന സമയത്ത് എന്റെയും ടീമിന്റെയും യാത്രയെ ഇത്രയധികം മനോഹരമാക്കിയ എല്ലാ ആര്‍സിബി ആരാധകര്‍ക്കും എന്റെ സ്‌നേഹം അറിയിക്കുന്നു. ഇതൊരു അവസാനമല്ലെന്നും, ആര്‍സിബി ജേഴ്‌സിയില്‍ ഉടന്‍ തന്നെ വീണ്ടും കാണാമെന്നും പ്രതീക്ഷിക്കുന്നു' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാവിയില്‍ ഫ്രാഞ്ചൈസിയിലേക്ക് തിരിച്ചെത്താന്‍ സാധിക്കുമെന്ന പ്രത്യാശയും താരം പങ്കുവെച്ചു.

കാല്‍മുട്ടില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നതിനാല്‍ ഡിസംബറില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനവും ബെഥലിന് നഷ്ടമാകും. 2026-ന്റെ ഭൂരിഭാഗം സമയത്തും കാല്‍മുട്ടിലെ പരിക്ക് താരത്തെ അലട്ടിയിരുന്നു. ജൂലൈയില്‍ ലോര്‍ഡ്സില്‍ ഇന്ത്യയ്ക്കെതിരെ നടന്ന ഏകദിനത്തില്‍ 91 റണ്‍സിന്റെ മികച്ച ഇന്നിംഗ്സ് കളിച്ചതിന് ശേഷം ബെഥല്‍ ഇംഗ്ലണ്ടിനായി അന്താരാഷ്ട്ര തലത്തില്‍ കളിച്ചിട്ടില്ല. ഡിസംബറില്‍ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി, നിലവില്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന വൈറ്റ്-ബോള്‍ പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനൊപ്പം 23-കാരനായ താരം ചേരേണ്ടതായിരുന്നു. എന്നാല്‍ വലത് കാല്‍മുട്ടില്‍ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ ഒരുങ്ങുന്നതിനാല്‍ രണ്ട് പരമ്പരകളില്‍ നിന്നും താരത്തെ ഒഴിവാക്കിയിരിക്കുകയാണ്.

content highlights: Injury Setback: England Batter Jacob Bethell Rules Himself Out of IPL 2027

dot image
To advertise here,contact us
dot image