'എന്തിന് ഒഴിവാക്കി'; ഒന്നാം ടെസ്റ്റില്‍നിന്ന് മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതിനെതിരെ ഗവാസ്‌കര്‍

സിറാജിന്റെ ഫോമിനെക്കുറിച്ച് യാതൊരു ആശങ്കയുമില്ലാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ ഒഴിവാക്കിയത് അര്‍ത്ഥശൂന്യമാണെന്നും ഗവാസ്‌കര്‍

'എന്തിന് ഒഴിവാക്കി'; ഒന്നാം ടെസ്റ്റില്‍നിന്ന് മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതിനെതിരെ ഗവാസ്‌കര്‍
dot image

വ്യാഴാഴ്ച വെല്ലിംഗ്ടണില്‍ ന്യൂസിലന്‍ഡിനെതിരെ ആരംഭിച്ച ഒന്നാം ടെസ്റ്റില്‍ പേസര്‍ മുഹമ്മദ് സിറാജിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ തീരുമാനത്തിനെതിരെ ഇതിഹാസ ഇന്ത്യന്‍ ബാറ്റര്‍ സുനില്‍ ഗവാസ്‌കര്‍. ബേസിന്‍ റിസര്‍വില്‍ നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജസ്പ്രീത് ബുംറ, അന്‍ഷുല്‍ കാംബോജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ എന്നിവരടങ്ങുന്ന നാലംഗ പേസ് നിരയെയാണ് ഇന്ത്യ തിരഞ്ഞെടുത്തത്. മത്സരത്തിന് മുന്നോടിയായി സംസാരിക്കവെ, ടെസ്റ്റ് ക്രിക്കറ്റില്‍ സിറാജ് അവസാനമായി ഇന്ത്യയെ നിരാശപ്പെടുത്തിയത് എപ്പോഴാണെന്ന് തനിക്ക് ഓര്‍ത്തെടുക്കാന്‍ പോലും കഴിയുന്നില്ലെന്ന് ഗവാസ്‌കര്‍ വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച നടന്ന അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യയ്ക്ക് 3-1ന് പരമ്പര നേടിക്കൊടുത്തതിന് പിന്നാലെ സിറാജിനെ ഒഴിവാക്കിയത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ടീം മാനേജ്മെന്റിന്റെ ഈ തീരുമാനത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ഗവാസ്‌കര്‍, സിറാജ് ഒരിക്കലും ഇന്ത്യയെ നിരാശപ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞു. 'ടെസ്റ്റ് ടീമിനൊപ്പം നേരത്തെ ചേരാതിരുന്നപ്പോള്‍ തന്നെ ചില സൂചനകളുണ്ടായിരുന്നു. അവസാന ഏകദിനത്തില്‍ കളിച്ചപ്പോള്‍ അദ്ദേഹത്തെ ടെസ്റ്റിലും കളിപ്പിക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ഇതൊരു വലിയ ആശ്ചര്യമായിപ്പോയി. അദ്ദേഹം ഇന്ത്യയെ നിരാശപ്പെടുത്തിയതായി ഞാന്‍ കരുതുന്നില്ല. അദ്ദേഹം ഒരിക്കലും ഇന്ത്യയെ നിരാശപ്പെടുത്തിയിട്ടില്ല' -ടോസിന് ശേഷം ഗവാസ്‌കര്‍ പറഞ്ഞു.

സിറാജിന്റെ ഫോമിനെക്കുറിച്ച് യാതൊരു ആശങ്കയുമില്ലാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ ഒഴിവാക്കിയത് അര്‍ത്ഥശൂന്യമാണെന്നും, ഈ തീരുമാനത്തില്‍ ഇന്ത്യയ്ക്ക് പിന്നീട് ഖേദിക്കേണ്ടി വരാതിരിക്കട്ടെയെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. 'അദ്ദേഹത്തിന്റെ ബൗളിംഗില്‍ ഒരു കുഴപ്പവുമില്ല. താളം മികച്ചതാണ്. അടുത്തിടെ അദ്ദേഹം കളിച്ച മത്സരങ്ങളില്‍ നിന്നെല്ലാം അത് വ്യക്തമാണ്. എന്തുകൊണ്ടാണ് അദ്ദേഹത്തെ തിരഞ്ഞെടുക്കാത്തതെന്ന് എനിക്കറിയില്ല. സിറാജിന് പകരം ടീമിലെത്തിയവര്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു' -അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സിറാജിനെപ്പോലൊരു താരത്തെ മറികടന്ന് അന്‍ഷുല്‍ കാംബോജിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിന് പിന്നിലെ കാരണങ്ങള്‍ മുന്‍ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ സ്‌കോട്ട് സ്‌റ്റൈറിസ് വിശദീകരിച്ചു. 'ഓക്ക്ലന്‍ഡില്‍ നടന്ന ഏകദിനത്തില്‍ അന്‍ഷുല്‍ കാംബോജ് കളിച്ചിരുന്നു. നിങ്ങള്‍ വിചാരിക്കുന്നതിലും വേഗത അവനുണ്ട്. പന്ത് വേഗത്തില്‍ ബാറ്റിലേക്ക് എത്തുന്ന രീതിയാണ് അവന്റേത്. കൃത്യതയോടെ പന്തെറിയുന്ന അവന് ചെറിയ രീതിയില്‍ സീം മൂവ്മെന്റും ലഭിക്കുന്നുണ്ട്. അതുകൊണ്ടായിരിക്കാം സിറാജിന് പകരം അവനെ തിരഞ്ഞെടുത്തത്. സിറാജ് ഇന്ത്യയ്ക്കായി എന്താണ് ചെയ്തതെന്ന് എനിക്കറിയാം, തീര്‍ച്ചയായും അവന്‍ നിരാശനായിരിക്കും. പച്ചപ്പുള്ള ഈ പിച്ചില്‍ പന്ത് നന്നായി മൂവ് ചെയ്യും. ഈ സാഹചര്യത്തില്‍ കാംബോജ് മികച്ചൊരു തിരഞ്ഞെടുപ്പായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്' -സ്‌റ്റൈറിസ് പറഞ്ഞു.

content highlights: 'Why Was He Dropped?': Sunil Gavaskar Slams Mohammed Siraj's Omission from 1st Test Against New Zealand

dot image
To advertise here,contact us
dot image