

2027 ഐപിഎൽ സീസണിന് മുന്നോടിയായുള്ള മിനി ലേലം ഡിസംബർ 16-ന് നടക്കും. ഗോവയിൽ രാവിലെ 11 മണി മുതലാണ് ലേലം. കഴിഞ്ഞ ദിവസം ടീമിൽ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക എല്ലാ ഫ്രാഞ്ചൈസികളും പുറത്തുവിട്ടിരുന്നു. അതിന് പിന്നാലെയാണ് ലേലം സംബന്ധിച്ചുള്ള അറിയിപ്പ് വരുന്നത്.
55 വിദേശ താരങ്ങൾ ഉൾപ്പെടെ ആകെ 184 കളിക്കാരെയാണ് ടീമുകൾ നിലനിർത്തിയത്. താരങ്ങൾക്കായി ഫ്രാഞ്ചൈസികൾ 1,002.05 കോടി രൂപയാണ് ചെലവഴിച്ചത്. ലേലത്തിനായി പത്ത് ടീമുകൾക്കും കൂടി 297.95 കോടി രൂപയാണ് ഇനി മുടക്കാവുന്നത്. 25 വിദേശ താരങ്ങളുടെ സ്ലോട്ടുകൾ ഉൾപ്പെടെ 10 ടീമുകളിലായി 66 താരങ്ങളുടെ ഒഴിവുണ്ട്.
ഗുജറാത്ത് ടൈറ്റൻസ് ആണ് ഏറ്റവും കൂടുതൽ കളിക്കാരെ നിലനിർത്തിയത്. ഗുജറാത്ത് 22 പേരെ നിലനിർത്തി. ചെന്നൈ സൂപ്പർ കിങ്സ്, പഞ്ചാബ് കിങ്സ്, രാജസ്ഥാൻ റോയൽസ് എന്നിവർ 19 കളിക്കാരെ വീതം നിലനിർത്തിയിട്ടുണ്ട്.
ലേലത്തിൽ ഏറ്റവും കൂടുതൽ തുക ചെലവഴിക്കാനാകുന്നത് ലഖ്നൗ സൂപ്പർ ജയന്റ്സിനാണ്. 47.45 കോടി രൂപയാണ് ശേഷിക്കുന്നത്. കൊൽക്കത്ത (41.65 കോടി രൂപ), സൺറൈസേഴ്സ് ഹൈദരാബാദ് (40.15 കോടി രൂപ), ഡൽഹി ക്യാപിറ്റൽസ് (39.50 കോടി രൂപ) എന്നീ ടീമുകളാണ് കൂടുതൽ തുക ചെലവഴിക്കാവുന്ന മറ്റ് ഫ്രാഞ്ചൈസികൾ. ഗുജറാത്തിനാണ് ഏറ്റവും കുറഞ്ഞ തുക ചെലവഴിക്കാവുന്നത്. വെറും 8.75 കോടി രൂപ മാത്രമാണ് ടീമിന് ചെലവഴിക്കാനാവുക.
content highlights: ipl 2027 mini auction december 16 go -teams remaining purse