

പന്ത് ചുരണ്ടൽ വിവാദത്തിൽ ഞെട്ടുന്ന വെളിപ്പെടുത്തലുകളുമായി മുൻ ഓസ്ട്രേലിയൻ ഓപ്പണർ കാമറൂൺ ബാൻക്രോഫ്റ്റ്. പന്തിൽ സാൻഡ്പേപ്പർ ഉപയോഗിച്ചിരുന്ന വിവരം ടീമിലെ എല്ലാവർക്കും അറിയാമായിരുന്നെന്നും കേപ്ടൗൺ ടെസ്റ്റിനിടെ ക്യാമറയിൽ കുടുങ്ങിയതോടെ തന്നെ ബലിയാടാക്കുകയായിരുന്നെന്നും ബാൻക്രോഫ്റ്റ് ആരോപിച്ചു.
'ദി വെസ്റ്റ് ഓസ്ട്രേലിയൻ' പത്രത്തിലെഴുതിയ ലേഖനത്തിലാണ് ബാൻക്രോഫ്റ്റിന്റെ തുറന്നുപറച്ചിൽ. പന്തിന്റെ സ്വാഭാവിക രൂപം മാറ്റാനുള്ള പദ്ധതിയെക്കുറിച്ച് മുതിർന്ന താരങ്ങൾക്കും പരിശീലക സംഘത്തിനും അറിവുണ്ടായിരുന്നെന്ന് അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ആഴ്ച ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് നടത്തിയ വാർത്താസമ്മേളനത്തിലെ പരാമർശങ്ങളാണ് ഇപ്പോൾ തന്നെ തുറന്നുപറച്ചിലിന് പ്രേരിപ്പിച്ചതെന്ന് ബാൻക്രോഫ്റ്റ് പറഞ്ഞു. കമ്മിൻസിന്റെ വാക്കുകൾ കേട്ടപ്പോൾ തനിക്ക് 'ദേഷ്യവും വഞ്ചിക്കപ്പെട്ടതായും ഒറ്റപ്പെട്ടതായും' തോന്നിയെന്ന് അദ്ദേഹം കുറിച്ചു.
2018-ലെ വിവാദത്തിൽ ഉൾപ്പെട്ട താരങ്ങൾക്കും സ്റ്റാഫുകൾക്കും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കാൻ സ്വതന്ത്ര ഫോറം രൂപീകരിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ബുധനാഴ്ച പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ബാൻക്രോഫ്റ്റിന്റെ ലേഖനം പുറത്തുവന്നത്. ഈ ഫോറത്തിൽ പങ്കെടുക്കാൻ തയ്യാറാണെന്നും ബാൻക്രോഫ്റ്റ് അറിയിച്ചിട്ടുണ്ട്. ബാൻക്രോഫ്റ്റ്, സ്മിത്ത്, വാർണർ എന്നിവർക്ക് വിലക്ക് നേരിടേണ്ടി വന്ന 'സാൻഡ്പേപ്പർഗേറ്റ്' വിവാദത്തിൽ മറ്റ് താരങ്ങളുടെയും പരിശീലകരുടെയും പങ്ക് വീണ്ടും ചർച്ചയാക്കുന്നതാണ് ഈ പുതിയ വെളിപ്പെടുത്തലുകൾ.
കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ തന്റെ ആത്മകഥയിൽ ഉസ്മാൻ ഖവാജ നടത്തിയ വെളിപ്പെടുത്തലുകളാണ് പുതിയ ഫോറം രൂപീകരിക്കുന്നതിലേക്ക് നയിച്ചത്. കാര്യങ്ങളെക്കുറിച്ച് ടീമിലെ എല്ലാവർക്കും അറിവുണ്ടായിരുന്നുവെന്നും ഖവാജ പുസ്തകത്തിൽ ആരോപിച്ചിരുന്നു. എന്നാൽ അന്ന് വാർണർ, സ്മിത്ത് , ബാൻക്രോഫ്റ്റ് എന്നീ മൂന്ന് താരങ്ങൾക്ക് മാത്രമാണ് നടപടി നേരിടേണ്ടി വന്നത്.
content highlights: cameron-bancroft-scapegoat-ball-tampering-backs-usman-khawaja