ഇന്ത്യയുടെ യുവ ബാറ്റിങ് വിസ്മയം, ടി-20 ഫോര്‍മാറ്റിലെ ഏറ്റവും വിശ്വസ്തന്‍ തിലക് വര്‍മ

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും സാങ്കേതിക തികവുള്ള ബാറ്റര്‍മാരില്‍ ഒരാളായി വളര്‍ന്നിരിക്കുകയാണ് തിലക് വര്‍മ

ഇന്ത്യയുടെ യുവ ബാറ്റിങ് വിസ്മയം, ടി-20 ഫോര്‍മാറ്റിലെ ഏറ്റവും വിശ്വസ്തന്‍ തിലക് വര്‍മ
dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിലൂടെ ഉയര്‍ന്നുവന്ന തിലക് വര്‍മ, ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും സാങ്കേതിക തികവുള്ള ബാറ്റര്‍മാരില്‍ ഒരാളായി വളര്‍ന്നു കഴിഞ്ഞു. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കഴിവ് അദ്ദേഹത്തെ വരുംകാലത്തെ മൂന്ന് ഫോര്‍മാറ്റിലെയും മുന്‍നിര താരവും ഭാവി നായകനുമാക്കാന്‍ പോന്നതാണ്. 2025-ലെ ഏഷ്യ കപ്പും 2026-ലെ ട്വന്റി-20 ലോകകപ്പും നേടിയ ഇന്ത്യന്‍ ടീമുകളില്‍ അംഗമായിരുന്ന തിലക് ഇരു ടൂര്‍ണമെന്റുകളിലും നിര്‍ണായക പങ്കുവഹിച്ചിരുന്നു.

ഇതുവരെ കളിച്ച 75 ട്വന്റി-20 അന്താരാഷ്ട്ര മത്സരങ്ങളിലെ 71 ഇന്നിങ്‌സുകളില്‍ നിന്നായി 43.11 ശരാശരിയിലും 145.75 സ്‌ട്രൈക്ക് റേറ്റിലും 1,940 റണ്‍സ് തിലക് നേടിയിട്ടുണ്ട്. ഇതില്‍ രണ്ട് സെഞ്ചുറികളും 11 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. അഞ്ച് ഏകദിന മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ധസെഞ്ചുറി അടക്കം 68 റണ്‍സും താരം നേടിയിട്ടുണ്ട്.

24-ാം വയസ്സില്‍ തന്നെ ഈ ഇടങ്കയ്യന്‍ ബാറ്റര്‍ സ്വന്തമാക്കിയ ചില മികച്ച റെക്കോര്‍ഡുകള്‍ താഴെ നല്‍കുന്നു;

  1. ട്വന്റി-20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ചുറികള്‍
    പുരുഷ-വനിതാ ട്വന്റി-20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്ന് സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമാണ് തിലക് വര്‍മ്മ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ തുടര്‍ച്ചയായ രണ്ട് സെഞ്ചുറികള്‍ നേടിയ ശേഷം, 2024-ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മേഘാലയയ്ക്കെതിരെ ഹൈദരാബാദിനായി 67 പന്തില്‍ 151 റണ്‍സ് അടിച്ചുകൂട്ടിയാണ് തിലക് ഈ അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കിയത്.
  2. ട്വന്റി-20 ക്രിക്കറ്റില്‍ 150 റണ്‍സ് കടക്കുന്ന ആദ്യ ഇന്ത്യന്‍ താരം
    സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മേഘാലയയ്ക്കെതിരെ 14 ഫോറുകളും 10 സിക്‌സറുകളും അടക്കം 151 റണ്‍സ് നേടിയ തിലക്, ട്വന്റി-20 ക്രിക്കറ്റില്‍ 150 റണ്‍സ് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറി. (പിന്നീട് 2026-ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി കെ.എല്‍ രാഹുല്‍ പഞ്ചാബ് കിങ്‌സിനെതിരെ 67 പന്തില്‍ പുറത്താകാതെ 152 റണ്‍സ് നേടിയിരുന്നു).
  3. ഒരു ട്വന്റി-20 അന്താരാഷ്ട്ര പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം
    2024 അവസാനം നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍, 4 ഇന്നിങ്‌സുകളില്‍ നിന്നായി 140.00 ശരാശരിയിലും 199 സ്‌ട്രൈക്ക് റേറ്റിലും രണ്ട് സെഞ്ചുറികള്‍ അടക്കം 280 റണ്‍സാണ് തിലക് അടിച്ചുകൂട്ടിയത്. 2021-ല്‍ ഇംഗ്ലണ്ടിനെതിരായ 5 മത്സരങ്ങളുടെ പരമ്പരയില്‍ വിരാട് കോഹ്ലി നേടിയ 231 റണ്‍സിന്റെ റെക്കോര്‍ഡാണ് തിലക് തകര്‍ത്തത്.
  4. SENA രാജ്യങ്ങളില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന ട്വന്റി-20 സ്‌കോര്‍
    ജോഹന്നസ്ബര്‍ഗില്‍ പ്രോടീസിനെതിരെ 47 പന്തില്‍ പുറത്താകാതെ നേടിയ 120 റണ്‍സാണ് ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന ട്വന്റി-20 അന്താരാഷ്ട്ര സ്‌കോര്‍.
  5. ട്വന്റി-20 നോക്കൗട്ട് മത്സരങ്ങളിലെ മികച്ച പ്രകടനം
    ഇന്ത്യ, മുംബൈ ഇന്ത്യന്‍സ്, ഹൈദരാബാദ്, ഇന്ത്യ എ എന്നീ ടീമുകള്‍ക്കായി കളിക്കുമ്പോള്‍ നോക്കൗട്ട് മത്സരങ്ങളില്‍ തിലക് എന്നും വിശ്വസ്തനാണ്. 15 മത്സരങ്ങളിലെ 14 ഇന്നിങ്‌സുകളില്‍ നിന്നായി 44.50 ശരാശരിയിലും 161.23 സ്‌ട്രൈക്ക് റേറ്റിലും 4 അര്‍ദ്ധസെഞ്ചുറികള്‍ അടക്കം 445 റണ്‍സ് താരം നേടിയിട്ടുണ്ട്. 75 ആണ് ഉയര്‍ന്ന സ്‌കോര്‍.
  6. റണ്‍ ചേസുകളിലെ മികച്ച റെക്കോര്‍ഡ്
    ട്വന്റി-20-ല്‍ വിജയിച്ച റണ്‍ ചേസുകളില്‍ തിലകിന് മികച്ച റെക്കോര്‍ഡാണുള്ളത്. അത്തരം 52 ട്വന്റി-20 മത്സരങ്ങളിലെ 46 ഇന്നിങ്‌സുകളില്‍ നിന്നായി 72.21 ശരാശരിയിലും 135.37 സ്‌ട്രൈക്ക് റേറ്റിലും 9 അര്‍ദ്ധസെഞ്ചുറികള്‍ അടക്കം 1,372 റണ്‍സ് നേടിയിട്ടുണ്ട്. ഉയര്‍ന്ന സ്‌കോര്‍: 75. ഇന്ത്യന്‍ ടീമിനായി വിജയിച്ച ചേസുകളില്‍ 22 മത്സരങ്ങളിലെ 20 ഇന്നിങ്‌സുകളില്‍ നിന്നായി 76.28 ശരാശരിയിലും 130 അടുത്ത സ്‌ട്രൈക്ക് റേറ്റിലും 534 റണ്‍സാണ് തിലക് നേടിയത് (ഉയര്‍ന്ന സ്‌കോര്‍ 72).
  7. പുറത്താകാതെ നിന്ന 26 മത്സരങ്ങളിലും വിജയം
    ട്വന്റി-20 മത്സരങ്ങളില്‍ തിലക് വര്‍മ്മ പുറത്താകാതെ ക്രീസില്‍ നിന്ന 26 തവണയും അദ്ദേഹത്തിന്റെ ടീം വിജയിച്ചിട്ടുണ്ട് എന്ന സവിശേഷമായ റെക്കോര്‍ഡും അദ്ദേഹത്തിനുണ്ട്.
  8. ട്വന്റി-20 ഫൈനലുകളില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികള്‍ നേടുന്ന ഇന്ത്യന്‍ താരം
    ട്വന്റി-20 ഫൈനലുകളില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ അര്‍ദ്ധസെഞ്ചുറികള്‍ (2 എണ്ണം) നേടിയ താരമെന്ന റെക്കോര്‍ഡില്‍ വിരാട് കോഹ്ലിക്കൊപ്പമാണ് തിലക്. ഏഷ്യ കപ്പ് ഫൈനലിലും ഏഷ്യന്‍ ഗെയിംസ് ഫൈനലിലും പാകിസ്ഥാനെതിരെയായിരുന്നു തിലകിന്റെ ഈ രണ്ട് അര്‍ദ്ധസെഞ്ചുറികളും. ഫൈനലുകളിലെ 3 ഇന്നിങ്‌സുകളില്‍ നിന്നായി 158.02 സ്‌ട്രൈക്ക് റേറ്റില്‍ 128 റണ്‍സ് നേടിയിട്ടുള്ള തിലകിന് മികച്ചൊരു ഫൈനല്‍ റെക്കോര്‍ഡാണുള്ളത്.

content highlights: Tilak Varma: India's Young Batting Prodigy & Most Reliable T20 Striker

dot image
To advertise here,contact us
dot image