'ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് മാത്രം പോരാ'; ഇന്ത്യന്‍ താരത്തിന്റെ തിരഞ്ഞെടുപ്പിനെതിരെ വിമര്‍ശനം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കൃഷ്ണമാചാരി ശ്രീകാന്താണ് വാഷിങ്ടണ്‍ സുന്ദറിനെ തിരഞ്ഞെടുത്തതിനെതിരെ രംഗത്തെത്തിയത്

'ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് മാത്രം പോരാ'; ഇന്ത്യന്‍ താരത്തിന്റെ തിരഞ്ഞെടുപ്പിനെതിരെ വിമര്‍ശനം
dot image

അഫ്ഗാനിസ്ഥാനെതിരായ വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയിലേക്ക് വാഷിങ്ടണ്‍ സുന്ദറിനെ തിരഞ്ഞെടുത്തതിനെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കൃഷ്ണമാചാരി ശ്രീകാന്ത്. ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കുന്നതിന് മുമ്പ് അദ്ദേഹം ഏതെങ്കിലും മത്സരങ്ങളില്‍ കളിച്ച് ഫിറ്റ്‌നസ് തെളിയിക്കണമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ടെസ്റ്റ് ക്രിക്കറ്റിലേക്ക് മികച്ച തിരിച്ചുവരവ് നടത്തിയെങ്കിലും, വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ സുന്ദറിന് തന്റെ താളം നഷ്ടപ്പെട്ടുവെന്നും അടിക്കടിയുണ്ടാകുന്ന പരിക്കുകള്‍ ആശങ്കാജനകമാണെന്നും ശ്രീകാന്ത് വ്യക്തമാക്കി. ജസ്പ്രീത് ബുമ്രയ്‌ക്കൊപ്പം ഫിറ്റ്‌നസ് ക്ലിയറന്‍സിന് വിധേയമായിട്ടാണ് സുന്ദറും ടീമില്‍ ഇടംനേടിയത്. നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ എന്നിവരും ടീമിലുണ്ട്. സെപ്റ്റംബര്‍ 13-നാണ് ടി20 പരമ്പര ആരംഭിക്കുന്നത്. സെപ്റ്റംബര്‍ 15, 17 തീയതികളിലാണ് തുടര്‍ന്നുള്ള മത്സരങ്ങള്‍. മൂന്ന് മത്സരങ്ങളും ന്യൂഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുക.

'അദ്ദേഹം ടെസ്റ്റില്‍ നന്നായി കളിക്കുന്നുണ്ട്, എന്നാല്‍ ശ്രീലങ്കയ്ക്കെതിരെ കളിച്ചില്ല. രണ്ട് ആഴ്ച കൊണ്ട് ഇപ്പോള്‍ എങ്ങനെ ഫിറ്റ്‌നസ് ലഭിച്ചു? മത്സരങ്ങളില്‍ കളിച്ച് ഫിറ്റ്‌നസ് തെളിയിച്ചിട്ടില്ല, പിന്നെ ഇതില്‍ എന്ത് കാര്യമാണുള്ളത്? ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് ഏതെങ്കിലും തലത്തിലുള്ള മത്സരങ്ങളില്‍ കളിച്ച് ഫിറ്റ്‌നസ് കാണിക്കണം. വെറുമൊരു ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റുമായി കളിക്കാന്‍ കഴിയില്ല. വാഷിങ്ടണ്‍ സുന്ദറിന് രണ്ട് അല്ലെങ്കില്‍ മൂന്ന് പരമ്പരകള്‍ക്ക് ശേഷം പരിക്കേല്‍ക്കുന്നതായി തോന്നുന്നു' -ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. 'അയര്‍ലന്‍ഡിലും ഇംഗ്ലണ്ടിലും അദ്ദേഹം റണ്‍സ് വഴങ്ങിയിരുന്നു. ടി20 ഫോര്‍മാറ്റിലൂടെയാണ് അദ്ദേഹം ക്രിക്കറ്റ് കരിയര്‍ ആരംഭിച്ചത്. പിന്നീട് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മികച്ച രീതിയില്‍ മാറിയെങ്കിലും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിന് താളം നഷ്ടപ്പെട്ടു, -ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിനിടെയാണ് വാഷിങ്ടണ്‍ സുന്ദറിന് തുടയിലെ പേശിക്ക് പരിക്കേറ്റത്. തുടര്‍ന്ന് സുഖം പ്രാപിക്കുന്നതിനായി അദ്ദേഹം സെന്റര്‍ ഓഫ് എക്‌സലന്‍സിലായിരുന്നു.

Also Read:

അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യന്‍ ടീം
ശ്രേയസ് അയ്യര്‍, അഭിഷേക് ശര്‍മ്മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, തിലക് വര്‍മ്മ, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ.

content highlights: "Doctor's Certificate Alone Isn't Enough": Selection of Indian Cricketer Draws Criticism

dot image
To advertise here,contact us
dot image