ഇമ്രാന്‍ ഖാന്റെ ആരോഗ്യനിലയില്‍ ആശങ്ക: പാകിസ്താന്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് മുന്‍ ക്യാപ്റ്റന്മാര്‍

സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ്, ദിലീപ് വെങ്‌സര്‍ക്കാര്‍ എന്നിവരടക്കം 21 മുന്‍ അന്താരാഷ്ട്ര ക്യാപ്റ്റന്മാരാണ് കത്തയച്ചത്

ഇമ്രാന്‍ ഖാന്റെ ആരോഗ്യനിലയില്‍ ആശങ്ക: പാകിസ്താന്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് മുന്‍ ക്യാപ്റ്റന്മാര്‍
dot image

ജയിലില്‍ കഴിയുന്ന പാകിസ്താന്റെ മുന്‍ പ്രധാനമന്ത്രിയും 1992-ലെ ലോകകപ്പ് വിജയിയായ ക്യാപ്റ്റനുമായ ഇമ്രാന്‍ ഖാന് അടിയന്തരവും വിദഗ്ദ്ധവുമായ വൈദ്യസഹായവും നീതിയും പരിഗണനയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ലോക ക്രിക്കറ്റിലെ 21 മുന്‍ അന്താരാഷ്ട്ര ക്യാപ്റ്റന്മാര്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് കത്തയച്ചു. ഇന്ത്യയുടെ സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ്, ദിലീപ് വെങ്‌സര്‍ക്കാര്‍ എന്നിവരടക്കം ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ മുന്‍ താരങ്ങളാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇമ്രാന്‍ ഖാന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ, ആറുമാസം മുമ്പ് 14 മുന്‍ ക്യാപ്റ്റന്‍മാര്‍ അയച്ച കത്തിന്റെ തുടര്‍നടപടിയായാണ് പുതിയ ഇടപെടല്‍.

73-കാരനായ ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ തടവില്‍ കഴിയുകയാണ്. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് അദ്ദേഹത്തെ അടുത്തിടെ ഇസ്ലാമാബാദിലെ ഷിഫ ഇന്റര്‍നാഷണല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി പ്രവേശിപ്പിച്ചിരുന്നെങ്കിലും, മണിക്കൂറുകള്‍ക്കകം തിരികെ ജയിലിലേക്ക് മാറ്റി. ഈ നടപടി സുപ്രീം കോടതിയുടെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് മുന്‍ ക്യാപ്റ്റന്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. ജയില്‍വാസത്തിനിടെ അദ്ദേഹത്തിന്റെ വലതുകണ്ണിന്റെ കാഴ്ചശക്തിക്ക് കാര്യമായ തരാറുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ഇതിന് അടിയന്തര ചികിത്സ ആവശ്യമാണെന്നും കുടുംബവും അഭിഭാഷകരും ആരോപിച്ചിരുന്നു.

സുപ്രീം കോടതി നിര്‍ദ്ദേശിച്ച മെഡിക്കല്‍ ബോര്‍ഡിനും, ഇമ്രാന്‍ ഖാന്റെ സ്വന്തം ഡോക്ടര്‍മാര്‍ക്കും, സഹോദരി ഡോ. ഉസ്മ ഖാനും അദ്ദേഹത്തിന്റെ ആരോഗ്യ കാര്യങ്ങള്‍ പരിശോധിക്കാന്‍ അനുമതി നല്‍കണമെന്ന് കത്തില്‍ പറയുന്നു. കോടതി അനുവദിച്ച പ്രതിവാര കുടുംബ സന്ദര്‍ശനങ്ങള്‍ അനാവശ്യ തടസ്സങ്ങളോ ഭരണപരമായ കാലതാമസമോ ഇല്ലാതെ നടപ്പിലാക്കണമെന്നും പരിശോധനയ്ക്ക് ശേഷം മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിക്കുന്ന ഏത് അടിയന്തര ചികിത്സയും വൈകാതെ ലഭ്യമാക്കണമെന്നും കത്തിലൂടെ ക്യാപ്റ്റന്‍മാര്‍ ആവശ്യപ്പെട്ടു.

ഓസ്‌ട്രേലിയയുടെ ഗ്രെഗ് ചാപ്പല്‍, ഇയാന്‍ ചാപ്പല്‍, സ്റ്റീവ് വോ, അലന്‍ ബോര്‍ഡര്‍, ആദം ഗില്‍ക്രിസ്റ്റ്, കിം ഹ്യൂസ്, ബെലിന്‍ഡ ക്ലാര്ക്, ഇംഗ്ലണ്ടിന്റെ മൈക്കല്‍ ആതര്‍ട്ടന്‍, മൈക്കല്‍ ബ്രിയര്‍ലി, നാസര്‍ ഹുസൈന്‍, ആന്‍ഡ്രൂ സ്‌ട്രോസ്, ഡേവിഡ് ഗോവര്‍, വെസ്റ്റ് ഇന്‍ഡീസിന്റെ ക്ലൈവ് ലിയോയ്ഡ്, ന്യൂസീലന്‍ഡിന്റെ ജോണ്‍ റൈറ്റ് തുടങ്ങിയവരാണ് കത്തില്‍ ഒപ്പുവെച്ച മറ്റ് പ്രമുഖര്‍. പാകിസ്താന്റെ ആഭ്യന്തര രാഷ്ട്രീയത്തിലോ നിയമപരമായ പ്രക്രിയകളിലോ ഇടപെടാനല്ല തങ്ങള്‍ ശ്രമിക്കുന്നതെന്നും, മറിച്ച് ക്രിക്കറ്റ് മൈതാനത്തെ പഴയ സഹതാരത്തോടുള്ള മാനുഷിക പരിഗണനയും സഹാനുഭൂതിയും മുന്‍നിര്‍ത്തി മാത്രമാണ് ഈ അപേക്ഷയെന്നും കത്തില്‍ മുന്‍ താരങ്ങള്‍ വ്യക്തമാക്കി.

content highlights: Former Cricket Captains Express Concern Over Imran Khan's Health; Write to Pakistan PM

dot image
To advertise here,contact us
dot image