

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ ആദ്യ മത്സരത്തില്‍ ബോണ്‍മത്തിനെതിരെ തകര്‍പ്പന്‍ തിരിച്ചുവരവോടെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയം. ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സിറ്റിയുടെ വിജയം. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ മാര്‍ക്ക് ഗെഹിയും ജോസ്‌കോ ഗ്വാര്‍ഡിയോളും നേടിയ ഗോളുകളാണ് പുതിയ പരിശീലകന്‍ എന്‍സോ മാരെസ്‌കയ്ക്ക് കീഴില്‍ ലീഗിലെ ആദ്യ വിജയം സമ്മാനിച്ചത്.
മത്സരത്തിന്റെ 26-ാം മിനിറ്റില്‍ മാര്‍ക്കസ് ടാവെര്‍നിയറിലൂടെ ബോണ്‍മൗത്താണ് ആദ്യം മുന്നിലെത്തിയത്. ഇവാനില്‍സണ്‍ നല്‍കിയ ക്രോസ് വലയിലെത്തിച്ചാണ് ടാവെര്‍നിയര്‍ സന്ദര്‍ശകര്‍ക്ക് മുന്‍തൂക്കം നല്‍കിയത്. കമ്മ്യൂണിറ്റി ഷീല്‍ഡില്‍ ആഴ്‌സണലിനോട് 3-0 ന് പരാജയപ്പെട്ട സിറ്റിക്ക്, ഈ ഗോള്‍ വഴങ്ങിയതോടെ വീണ്ടുമൊരു തിരിച്ചടി നേരിടേണ്ടി വരുമോ എന്ന ആശങ്ക ഉയര്‍ന്നു. ഗോള്‍ വഴങ്ങിയതോടെ താളം കണ്ടെത്താന്‍ സിറ്റി ബുദ്ധിമുട്ടി. ഇതിനിടെ കൗണ്ടര്‍ അറ്റാക്കുകളിലൂടെ ബോണ്‍മത്ത് ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു. ഗോള്‍കീപ്പര്‍ ജിയാന്‍ലൂയിജി ഡോണറുമ്മയുടെ മികച്ച സേവുകളും, ടാവെര്‍നിയര്‍ക്കും ജസ്റ്റിന്‍ ക്ലസ്റ്റര്‍ട്ടിനും ലഭിച്ച അവസരങ്ങള്‍ പാഴായതും ആദ്യ പകുതിയില്‍ ബോണ്‍മത്തിന്റെ ലീഡ് ഉയരുന്നതില്‍ നിന്ന് സിറ്റിയെ രക്ഷിച്ചു.
രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമിച്ചു കളിച്ച സിറ്റിക്കായി 51-ാം മിനിറ്റില്‍ മാര്‍ക്ക് ഗെഹിക്ക് മികച്ചൊരു അവസരം ലഭിച്ചെങ്കിലും ഹെഡ്ഡര്‍ ലക്ഷ്യത്തിലെത്തിക്കാനായില്ല. സൂപ്പര്‍ താരം എര്‍ലിങ് ഹാളണ്ടിനും അവസരങ്ങള്‍ മുതലാക്കാനായില്ല. ബോണ്‍മത്തിന്റെ ശക്തമായ പ്രതിരോധനിര സിറ്റിയുടെ നീക്കങ്ങളെല്ലാം ചെറുത്തുതോല്‍പ്പിച്ചു. എന്നാല്‍ 84-ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ സിറ്റി സമനില ഗോള്‍ കണ്ടെത്തി. റയാന്‍ ചെര്‍ക്കി എടുത്ത കോര്‍ണര്‍ കിക്ക് മികച്ചൊരു ഹെഡ്ഡറിലൂടെ മാര്‍ക്ക് ഗെഹി ബോണ്‍മത്ത് വലയിലാക്കി. തുടര്‍ന്ന് ഇഞ്ചുറി ടൈമില്‍ സിറ്റി വിജയഗോള്‍ നേടി. പകരക്കാരനായി ഇറങ്ങിയ ചെര്‍ക്കി നല്‍കിയ മികച്ച പാസ് സ്വീകരിച്ച് ക്രോയേഷ്യന്‍ പ്രതിരോധ താരം ജോസ്‌കോ ഗ്വാര്‍ഡിയോള്‍ പന്ത് ശാന്തമായി വലയുടെ താഴത്തെ കോണിലേക്ക് എത്തിച്ചു. വി.എ.ആര്‍ പരിശോധനയ്ക്ക് ശേഷമാണ് ഗോള്‍ അനുവദിച്ചത്.
വിജയത്തോടെ പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഏഴാം സ്ഥാനത്തെത്തി. മത്സരത്തില്‍ ഏറിയ പങ്കും മുന്നിട്ടുനിന്ന ശേഷം പരാജയം വഴങ്ങേണ്ടി വന്നത് ബോണ്‍മത്തിന് വലിയ തിരിച്ചടിയായി. ദീര്‍ഘകാലം പരിശീലകനായിരുന്ന പെപ് ഗ്വാര്‍ഡിയോള സ്ഥാനമൊഴിഞ്ഞതിന് ശേഷം ചുമതലയേറ്റെടുത്ത എന്‍സോ മാരെസ്‌കയുടെ പ്രീമിയര്‍ ലീഗിലെ കന്നി മത്സരം കൂടിയായിരുന്നു ഇത്.
അതേസമയം, ലിവര്‍പൂള്‍ സമനില വഴങ്ങി. ന്യൂകാസില്‍ യുണൈറ്റഡിനോടാണ് സമനില വഴങ്ങിയത് (2-2). കോഡി ഗാക്‌പോയും ഡൊമിനിക് സൂബോസ്‌കിയുമാണ് ലിവര്‍പൂളിനുവേണ്ടി ഗോളടിച്ചത്. ന്യൂകാസിലിനുവേണ്ടി ആന്റണി എലങ്കയും ജോ വില്ലോക്കും ഗോളടിച്ചു. ബ്രൈട്ടന്‍ എതിരില്ലാത്ത നാലുഗോളിന് ആസ്റ്റന്‍വില്ലയെയും കീഴടക്കി.
സ്പാനിഷ് ലാലിഗയില്‍ വമ്പന്മാരായ ബാഴ്‌സലോണ എതിരില്ലാത്ത അഞ്ചുഗോളിന് എല്‍ച്ചെയെ തോല്‍പ്പിച്ചു. റഫീന്യയും ഫെര്‍മിന്‍ ലോപ്പസും ഇരട്ടഗോളടിച്ചു. കരീം അഡെയെമിയും ഗോള്‍ സ്‌കോര്‍ ചെയ്തു.
content highlights: Premier League: Manchester City Come From Behind to Win, Liverpool Held to a Draw