തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ: ഭക്ഷ്യ കമ്പനികൾക്ക് നൂറ്റമ്പതിലേറെ നോട്ടീസ് നൽകി ഭക്ഷ്യസുരക്ഷാ അതോറിറ്റി

ഉപഭോക്താക്കൾക്ക് ഉൽപ്പന്നം വാങ്ങുമ്പോൾ പാക്കറ്റിലെ അവകാശവാദങ്ങൾ മാത്രം വിശ്വസിക്കാതെ ചേരുവകൾ, പോഷകമൂല്യ വിവരങ്ങൾ, അളവ്, കാലാവധി, നിർമാതാവിന്റെ വിവരങ്ങൾ എന്നിവ പരിശോധിക്കേണ്ടതിന്റെ പ്രാധാന്യവും ഈ നടപടി വ്യക്തമാക്കുന്നു

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ: ഭക്ഷ്യ കമ്പനികൾക്ക് നൂറ്റമ്പതിലേറെ നോട്ടീസ് നൽകി ഭക്ഷ്യസുരക്ഷാ അതോറിറ്റി
dot image

രാജ്യത്തെ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പരസ്യങ്ങളിലും ലേബലുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി ഭക്ഷ്യസുരക്ഷാ-നിലവാര അതോറിറ്റി. സമീപ മാസങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ, ലേബലിങ് ചട്ടങ്ങളുടെ ലംഘനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഭക്ഷ്യ കമ്പനികൾക്ക് നൂറ്റമ്പതിലേറെ നോട്ടീസുകൾ നൽകിയതായി അതോറിറ്റി അറിയിച്ചു. ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങളെക്കുറിച്ച് കൃത്യവും വ്യക്തവുമായ വിവരങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായാണ് പരിശോധനകളും നടപടികളും ശക്തമാക്കിയിരിക്കുന്നത്.

പ്രമുഖ ഭക്ഷ്യ-പാനീയ കമ്പനികളും അതോറിറ്റിയുടെ നടപടിയിൽ ഉൾപ്പെട്ടിട്ടുണ്ട്. നെസ്‌ലെ ഇന്ത്യ, പെപ്‌സികോ, കൊക്കക്കോള ഇന്ത്യ, അബോട്ട് ഇന്ത്യ, റെഡ് ബുൾ ഇന്ത്യ, ഡാനോൺ ഇന്ത്യ, മോൺസ്റ്റർ എനർജി ഇന്ത്യ, ഹെൽ എനർജി, മോൺഡലീസ് ഇന്ത്യ, ഡിയാജിയോ, പെർനോ റിക്കാർഡ്, ഫെറേറോ ഇന്ത്യ, കെൻവ്യൂ തുടങ്ങിയ കമ്പനികൾക്കെതിരെയാണ് വിവിധ വിഷയങ്ങളിൽ നടപടി സ്വീകരിച്ചതായി ഭക്ഷ്യസുരക്ഷാ അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നത്. ഊർജപാനീയങ്ങളും മദ്യപാനീയങ്ങളും ഉൾപ്പെടെയുള്ള വിഭാഗങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

ഉൽപ്പന്നത്തിന്റെ സ്വഭാവം, ഘടകങ്ങൾ, ഗുണനിലവാരം, ആരോഗ്യപരമായ ഗുണങ്ങൾ എന്നിവയെക്കുറിച്ച് ഉപഭോക്താവിൽ തെറ്റായ ധാരണ സൃഷ്ടിക്കുന്ന തരത്തിലുള്ള അവകാശവാദങ്ങളാണ് പ്രധാനമായും പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഉൽപ്പന്നത്തിന്റെ പാക്കറ്റിലോ പരസ്യത്തിലോ നൽകുന്ന വിവരങ്ങൾ നിലവിലുള്ള ഭക്ഷ്യസുരക്ഷാ ചട്ടങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ മാത്രമല്ല, നിർബന്ധമായ ലേബൽ വിവരങ്ങൾ നൽകാത്തതും തെറ്റായ രീതിയിൽ രേഖപ്പെടുത്തുന്നതും അതോറിറ്റിയുടെ നിരീക്ഷണത്തിലാണ്.

ഇതോടൊപ്പം ഭക്ഷ്യവിതരണ മേഖലയിലെ മറ്റ് സ്ഥാപനങ്ങൾക്കെതിരെയും നടപടിയുണ്ടായി. പ്രമുഖ ഇ-വാണിജ്യ സ്ഥാപനങ്ങളായ ആമസോണിനും ഫ്ലിപ്കാർട്ടിനും ഉൾപ്പെടെ പന്ത്രണ്ട് നോട്ടീസുകൾ നൽകിയതായി ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു. ആമസോണിന്റെ ഒരു ഗോഡൗൺ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. ഭക്ഷണശാലകളുടെ കാര്യത്തിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. കെഎഫ്സി, മക്ഡൊണാൾഡ്സ്, പിസ ഹട്ട്, ഡൊമിനോസ്, കോസ്റ്റ കോഫി തുടങ്ങിയ ഭക്ഷണശാലകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് മുപ്പതിലേറെ നോട്ടീസുകൾ നൽകിയിട്ടുണ്ട്. ഡൊമിനോസിന്റെ അഞ്ച് ലൈസൻസുകൾ സസ്‌പെൻഡ് ചെയ്തതായും അതോറിറ്റി വ്യക്തമാക്കി.

നോട്ടീസുകൾ ലഭിച്ച നിരവധി കമ്പനികൾ ഇതിനകം തിരുത്തൽ നടപടികൾ ആരംഭിച്ചതായും ഭക്ഷ്യസുരക്ഷാ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഉൽപ്പന്നങ്ങളുടെ ലേബലുകളിലും പരസ്യങ്ങളിലുമുള്ള പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ചില കമ്പനികൾ അവകാശവാദങ്ങളും ഉൽപ്പന്ന വിവരങ്ങളും തിരുത്തിയിട്ടുണ്ട്. അടുത്തിടെ ചില കമ്പനികൾ ‘നൂറ് ശതമാനം’ എന്ന തരത്തിലുള്ള അവകാശവാദങ്ങൾ പോലും പിൻവലിച്ചതായി റിപ്പോർട്ടുകളുണ്ട്.

ഉപഭോക്താക്കൾക്ക് ഉൽപ്പന്നം വാങ്ങുമ്പോൾ പാക്കറ്റിലെ അവകാശവാദങ്ങൾ മാത്രം വിശ്വസിക്കാതെ ചേരുവകൾ, പോഷകമൂല്യ വിവരങ്ങൾ, അളവ്, കാലാവധി, നിർമാതാവിന്റെ വിവരങ്ങൾ എന്നിവ പരിശോധിക്കേണ്ടതിന്റെ പ്രാധാന്യവും ഈ നടപടി വ്യക്തമാക്കുന്നു. ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വിപണനത്തിൽ കമ്പനികൾ കൂടുതൽ ഉത്തരവാദിത്തം പുലർത്തണമെന്നും പരസ്യങ്ങളിലൂടെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതികൾ ഒഴിവാക്കണമെന്നും അതോറിറ്റിയുടെ നടപടികൾ വ്യക്തമാക്കുന്നു.

Content Highlights:FSSAI issues over 150 notices to food companies over misleading advertisements. Major food and beverage companies come under regulatory scrutiny. Amazon and Flipkart among e-commerce platforms that received notices.

dot image
To advertise here,contact us
dot image