

ഇന്ത്യൻ താരം കരൺ ശർമ പ്രൊഫഷണൽ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. യുപി ടി20 ലീഗിൽ കാൺപൂർ സൂപ്പർ സ്റ്റാർസിന് വേണ്ടി ഓഗസ്റ്റ് 25 ചൊവ്വാഴ്ച ലക്നൗവിലെ ഏക്നാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മീററ്റ് മാവെറിക്സിനെതിരെ നടക്കുന്ന മത്സരമായിരിക്കും തന്‍റെ അവസാന മത്സരമെന്ന് കരണ്‍ ശര്‍മ പറഞ്ഞു.
സജീവ ക്രിക്കറ്റിൽ നിന്ന് പിന്മാറിയശേഷം പരിശീലകനായോ ക്രിക്കറ്റുമായി ബന്ധപ്പെട്ട മറ്റ് ഉത്തരവാദിത്തങ്ങളിലോ സജീവമാകാനാണ് തീരുമാനമെന്നും കരണ്‍ ശര്‍മ വ്യക്തമാക്കി.
ആഭ്യന്തര ക്രിക്കറ്റിൽ റെയിൽവേസിൻ്റെ താരമായിരുന്ന കരൺ ശർമ്മ ഐ പി എല്ലിൽ വിവിധ ടീമുകൾക്കായി കളിച്ചിട്ടുണ്ട്. ഐ പി എല്ലിൽ അപൂർ റെക്കോർഡോടെയാണ് ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങുന്നത്. മൂന്ന് വ്യത്യസ്ത ടീമുകൾക്കൊപ്പം തുടർച്ചയായി മൂന്ന് സീസണുകളിൽ ഐപിഎൽ കിരീടം നേടിയ ചരിത്രത്തിലെ ഏക താരമാണ് കരണ്‍ ശര്‍മ.
സൺറൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമുകൾക്കായി കളിച്ച കരൺ ശര്‍മ ഐപിഎല്ലിൽ കളിച്ച 90 മത്സരങ്ങളിൽ നിന്നായി 26.68 ശരാശരിയിലും 8.38 ഇക്കോണമി റേറ്റിലും 83 വിക്കറ്റുകൾ സ്വന്തമാക്കി.
ഇന്ത്യക്കായി നാല് മത്സരങ്ങളിലാണ് കരൺ ശർമ്മ ആകെ കളിച്ചത്. ഒരു ടെസ്റ്റ്, രണ്ട് ഏകദിനം, ഒരു ടി20 എന്നിവയിലായി ആകെ അഞ്ച് വിക്കറ്റുകൾ നേടി.
content highlights: karan sharma announces retirement from all forms of cricket ipl legend