

വീട്ടുകാരോട് പറയാതെ സുഹൃത്തുക്കളുമൊത്ത് നടത്തിയ സാഹസിക യാത്രയെക്കുറിച്ചും, കാട്ടിൽവെച്ച് പുള്ളിപ്പുലിയെ നേർക്കുനേർ കണ്ട അവിസ്മരണീയ നിമിഷത്തെക്കുറിച്ചും തുറന്നുപറഞ്ഞ് ജേസൺ സഞ്ജയ്. 25 വയസ്സായിട്ടും അമ്മ ഇപ്പോഴും തന്നെ വഴക്കുപറയാറുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് എസ്എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ ജെയ്സൺ സഞ്ജയ് ആ രസകരമായ കഥ വെളിപ്പെടുത്തിയത്.

'എനിക്ക് ഇപ്പോൾ 25 വയസായി. ഇപ്പോഴും അമ്മ എന്നെ വഴക്ക് പറയാറുണ്ട്. അടുത്തിടെ ഒരു സംഭവമുണ്ടായി. എന്റെ സുഹൃത്ത് വിദേശത്ത് നിന്ന് നാട്ടിലേക്ക് വന്നിരുന്നു. ഒരു ദിവസം അവന്റെ കൂടെ അവന്റെ വീട്ടിൽ താമസിച്ചിട്ട് വരാം. രണ്ട് ദിവസം ഞാൻ ഇവിടെ ചെന്നൈയിൽ തന്നെയുണ്ടാകും. രണ്ട് ദിവസത്തിനുള്ളിൽ ഞാൻ തിരിച്ചു വരും. എന്റെ കാര്യം മറന്നേക്ക് എന്ന് ഞാൻ അമ്മയോട് പറഞ്ഞു.
എന്നിട്ട് രണ്ട് കാർ എടുത്ത് ഞങ്ങൾ ഫ്രണ്ട്സ് എല്ലാവരും കൂടി കേരള ബോർഡറിലുള്ള ഒരു സ്ഥലത്തേക്ക് വന്നു. സ്ഥലത്തിന്റെ പേര് ഞാൻ പറയുന്നില്ല. അതൊരു കടുവ സംരക്ഷണ കേന്ദ്രം പോലെയുള്ള ഒരു സ്ഥലമായിരുന്നു. എനിക്ക് വൈൽഡ് ലൈഫ് ഭയങ്കര ഇഷ്ടമാണ്. മുതുമലൈ കഴിഞ്ഞ് പൊള്ളാച്ചി ഒക്കെ പോകുന്ന ഭാഗമാണത്. കേരള ബോർഡർ അടുത്ത്. കടുവ സംരക്ഷണ കേന്ദ്രത്തിന് അടുത്ത് എന്റെ സുഹൃത്തിന് അറിയാവുന്ന ഒരാൾക്ക് ഒരു പ്രോപ്പർട്ടി ഉണ്ട്. അവിടെ പോയി ഓഫ് റോഡ് ഒക്കെ ചെയ്ത് വന്യജീവികളെ ഒക്കെ കാണാൻ ആണ് ഞങ്ങൾ പോയത്. ഇതൊന്നും നമ്മുടെ വീട്ടിലുള്ള ആർക്കും അറിയില്ല. അവിടെ എത്തിക്കഴിഞ്ഞ് ഞാനും ഫ്രണ്ട്സും കൂടി പർച്ചേസ് ചെയ്യാൻ വേണ്ടി ഒരു ദിവസം പാലക്കാട് എത്തി. അപ്പോൾ അമ്മ എന്നെ ഫോൺ വിളിച്ചു.
ഞാനെടുത്തില്ല. കാരണം എന്താണെന്നു വച്ചാൽ, ഫോണിൽ കസ്റ്റമർ കെയറുകാർ മലയാളത്തിൽ ആണല്ലോ പറയുന്നത്. പിന്നെ തിരിച്ച് ചെന്നൈ എത്തുന്നതു വരെ അമ്മ വിളിച്ചിട്ട് ഞാൻ ഫോൺ എടുത്തിട്ടില്ല. എന്താണെന്നു വച്ചാൽ വന്യജീവി സങ്കേതമൊക്കെ കാണാനാണ് പോകുന്നത് എന്ന് പറഞ്ഞാൽ അമ്മ വിടില്ല. പക്ഷേ ഞങ്ങൾ കടുവയെ ഒന്നും കണ്ടില്ല. ഒരു പുള്ളിപ്പുലിയെ കണ്ടു. 100 അടി പോലും വ്യത്യാസമില്ലാത്ത അത്രയും അടുത്താണ് പുള്ളിപ്പുലിയെ കണ്ടത്. ഞങ്ങൾ രാത്രിയായപ്പോഴാണ് താമസിക്കുന്ന സ്ഥലത്തേക്ക് എത്തുന്നത്. കാടിന്റെ ഭാഗം എത്തിയപ്പോൾ പെട്ടെന്ന് ഭയങ്കര നിശബ്ദത. നമുക്കൊരു ശബ്ദം പോലും കേൾക്കാൻ പറ്റില്ല, അത്രയും നിശബ്ദത. എന്തോ സംഭവിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് അപ്പോൾ തന്നെ മനസിലായി.
പെട്ടെന്ന് ഞങ്ങൾ ടോർച്ച് എടുത്ത് പുറത്തേക്ക് അടിച്ചപ്പോൾ, അവിടെയൊരു പുള്ളിപ്പുലി ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നു. ഞങ്ങൾ പെട്ടെന്ന് സ്തംഭിച്ചു പോയി. അഞ്ച് മിനിറ്റ് എടുത്തു, അത് ശരിക്കും പുള്ളിപ്പുലിയാണെന്ന് മനസിലാകാൻ തന്നെ. ചില സമയങ്ങളിൽ എനിക്ക് വന്യ ജീവികളും പ്രകൃതിയുമൊക്കെ കാണാൻ ഇഷ്ടമാണ്. സിഗ്നൽ പോലും ഇല്ലാത്ത സ്ഥലങ്ങളിൽ സുഹൃത്തുക്കൾക്കൊപ്പം പോയി സന്തോഷമായിരിക്കാൻ എനിക്കിഷ്ടമാണ്. ഇതൊന്നും വീട്ടിലുള്ളവർക്ക് പറഞ്ഞാൽ മനസിലാകില്ല. ഇതെല്ലാം കഴിഞ്ഞ് തിരിച്ച് വന്നിട്ട് വീട്ടിൽ പറയും. 'കണ്ടോ പുള്ളിപ്പുലിയെ കണ്ടോ' എന്നൊക്കെ പറഞ്ഞ് ഫോട്ടോ അമ്മയ്ക്ക് കാണിച്ചു കൊടുക്കും. അമ്മ എന്നെ കുറച്ച് വഴക്കൊക്കെ പറഞ്ഞെങ്കിലും എനിക്കതിൽ ഒരു വിഷമവുമില്ല".- എസ്എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിൽ ജേസൺ സഞ്ജയ് പറഞ്ഞു.
Content Highlights: Jason Sanjay shared a personal and humorous anecdote about being scolded by his mother even at the age of 25. He recalled going into the woods without informing anyone at home, leading to his mother’s reaction and highlighting a relatable family moment.