
ഓണം അടുത്തെത്തുമ്പോള്‍ വീടുകളിലെല്ലാം ഒരേ ചര്‍ച്ചയാണ് ആര്‍ക്കൊക്കെ എന്തൊക്കെ വാങ്ങണം എന്നുള്ളതിനെക്കുറിച്ച്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഓണക്കോടി എടുക്കണം, വീട്ടുസാധനങ്ങള്‍ വാങ്ങണം, വീട് മോടിപിടിപ്പിക്കാനുള്ളവ… അങ്ങനെ ഷോപ്പിങ് ലിസ്റ്റ് നീളും. എല്ലാവര്‍ക്കും ഒരേ തരത്തിലുള്ള സമ്മാനം വാങ്ങുന്നതിനേക്കാള്‍ ഓരോരുത്തരുടെയും ഇഷ്ടവും പ്രായവും ആവശ്യവും നോക്കി വാങ്ങിയാല്‍ ഓണസമ്മാനം കൂടുതല്‍ സന്തോഷം നല്‍കും, കൊടുക്കുന്നവർക്കും വാങ്ങുന്നവർക്കും. ഷോപ്പിംഗിന് ഇറങ്ങുന്നതിന് മുമ്പ് കുടുംബാംഗങ്ങള്‍ക്കായി എന്തൊക്കെ വാങ്ങാമെന്ന് ആദ്യം നോക്കാം.
അമ്മമാര്‍ക്ക് സാരി തന്നെയാണ് ഓണക്കാലത്തെ ഏറ്റവും മനോഹരമായ സമ്മാനങ്ങളില്‍ ഒന്ന്. കസവ് സാരി, കോട്ടണ്‍ സാരി, ലളിതമായ ഡിസൈനിലുള്ള സാരികള്‍ എന്നിവ തിരഞ്ഞെടുക്കാം. സാരി അധികം ഉപയോഗിക്കാത്ത ആളാണെങ്കില്‍ നല്ലൊരു ചുരിദാര്‍, നൈറ്റ് ഡ്രസ്, ഹാന്‍ഡ്ബാഗ്, ചെരിപ്പ് എന്നിവയും പരിഗണിക്കാം.

അച്ഛന് ഓണക്കോടിയായി മുണ്ട്-ഷര്‍ട്ട് കോമ്പിനേഷന്‍ നല്‍കാം. കസവ് കരയുള്ള മുണ്ട്, വെള്ള ഷര്‍ട്ട് തുടങ്ങിയ ക്ലാസിക് കോമ്പിനേഷന്‍ എപ്പോഴും ഓണത്തിന് ചേരും. മുണ്ട് ഉപയോഗിക്കാത്ത ആളാണെങ്കില്‍ നല്ലൊരു ഷര്‍ട്ട്, പാന്റ്, വാലറ്റ്, ബെല്‍റ്റ് തുടങ്ങിയവയും വാങ്ങാം.
കുട്ടികള്‍ക്ക് ഓണക്കോടി തിരഞ്ഞെടുക്കുമ്പോള്‍ അവരുടെ ഇഷ്ടത്തിന് കൂടി പ്രാധാന്യം നല്‍കാം. പെണ്‍കുട്ടികള്‍ക്ക് പാവാടയും ബ്ലൗസും, ഫ്രോക്കും, അനാര്‍ക്കലിയും പോലുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാം. ആണ്‍കുട്ടികള്‍ക്ക് മുണ്ടും ഷര്‍ട്ടും അല്ലെങ്കില്‍ കുര്‍ത്തയും പൈജാമയും നല്ല ഓപ്ഷനാണ്. വസ്ത്രത്തിനൊപ്പം ചെറിയൊരു കളിപ്പാട്ടമോ പുസ്തകമോ ആര്‍ട്ട് കിറ്റോ സമ്മാനമായി നല്‍കാം. അങ്ങനെ ഓണക്കോടിക്കൊപ്പം അവര്‍ക്ക് ഇഷ്ടപ്പെടുന്ന മറ്റൊരു സമ്മാനം കൂടി ലഭിക്കും.
മുതിര്‍ന്നവര്‍ക്ക് സമ്മാനം വാങ്ങുമ്പോള്‍ ഭംഗിയേക്കാള്‍ ഉപയോഗപ്രദമാണോ എന്നതാണ് ശ്രദ്ധിക്കേണ്ടത്. മുത്തശ്ശിക്ക് സാരി, മുണ്ടും നേരിയതും, സുഖപ്രദമായ ചെരിപ്പ് തുടങ്ങിയവ നല്‍കാം. മുത്തശ്ശന് മുണ്ട്, ഷര്‍ട്ട്, വേഷ്ടി തുടങ്ങിയവ തിരഞ്ഞെടുക്കാം.

സഹോദരങ്ങള്‍ക്ക് അവരുടെ വ്യക്തിത്വത്തിന് ചേരുന്ന സമ്മാനങ്ങള്‍ തിരഞ്ഞെടുക്കാം. വസ്ത്രങ്ങള്‍, വാച്ച്, ബാഗ്, പെര്‍ഫ്യൂം, ചെരിപ്പ്, പുസ്തകങ്ങള്‍ തുടങ്ങിയവ നല്ല ഓപ്ഷനുകളാണ്. പങ്കാളിക്ക് സമ്മാനം നല്‍കുമ്പോള്‍ പതിവ് ഓണക്കോടിക്ക് പകരം കുറച്ചുകൂടി വ്യക്തിപരമായ എന്തെങ്കിലും തിരഞ്ഞെടുക്കാം. ഇഷ്ടപ്പെട്ട വസ്ത്രം, വാച്ച്, ബാഗ്, പുസ്തകം തുടങ്ങിയവയ്‌ക്കൊപ്പം ഒരു ഓണാശംസ കുറിപ്പും കൂടി ചേര്‍ത്താല്‍ സമ്മാനത്തിന് ഭംഗിയേറും.
ഓണം കുടുംബത്തിന്റെ ആഘോഷമാണ്. അതുകൊണ്ട് വീട്ടിലേക്കും എന്തെങ്കിലും വാങ്ങാവുന്നതാണ്. പുതിയ ബെഡ്ഷീറ്റ്, കര്‍ട്ടന്‍, ടേബിള്‍ റണ്ണര്‍, കുഷ്യന്‍ കവര്‍, ഡൈനിങ് സെറ്റ് തുടങ്ങിയവ വീടിന് ഓണത്തിന്റെ പുതുമ നല്‍കും.അതുപോലെ ഓണത്തിന്റെ മൂഡ് കൊണ്ടുവരാനായി മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പൂമാലകള്‍ കൊണ്ട് വീടിന്റെ വാതിലുകള്‍ അലങ്കരിക്കാവുന്നതാണ്. അടുക്കളയിലേക്ക് നല്ലൊരു പാത്രസെറ്റ്, സെര്‍വിങ് ബൗള്‍, ഗ്ലാസ് സെറ്റ് തുടങ്ങിയവയും പരിഗണിക്കാം.

ഓണം ഷോപ്പിംഗിന് മുമ്പ് ആദ്യം ബജറ്റ് തീരുമാനിക്കുക. ഓരോരുത്തര്‍ക്കും എത്ര രൂപ വരെ ചെലവാക്കാമെന്ന് നേരത്തെ നിശ്ചയിച്ചാല്‍ ആവശ്യമില്ലാത്ത സാധനങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കാം. ആരൊക്കെക്കാണ് സമ്മാനം നല്‍കേണ്ടതെന്ന് എഴുതി വെച്ച ശേഷം ഷോപ്പിങ്ങിന് ഇറങ്ങുന്നതും നല്ലതാണ്. ഓണക്കോടിയുടെ വിലയേക്കാള്‍ അതിന് പിന്നിലെ സ്‌നേഹമാണ് പ്രധാനമെന്ന കാര്യം മറക്കേണ്ട. കുടുംബത്തിലെ ഓരോരുത്തര്‍ക്കും അവരുടെ ഇഷ്ടം ഓര്‍ത്തെടുത്ത് ഒരു ചെറിയ സമ്മാനം നല്‍കിയാല്‍ പോലും ഇത്തവണത്തെ ഓണം കൂടുതല്‍ മനോഹരമാക്കാം.

ആദ്യം വീട്ടില്‍ ഉള്ളത് നോക്കുക
പുതിയതായി വാങ്ങേണ്ടതെന്താണെന്ന് ആദ്യം പരിശോധിക്കുക. ഒരേ സാധനം വീണ്ടും വാങ്ങുന്നത് ഒഴിവാക്കാം.
ബജറ്റിന്റെ 50% വസ്ത്രങ്ങള്‍ക്ക് മാറ്റിവയ്ക്കാം
ഓണക്കോടിയാണ് പ്രധാനമെങ്കില്‍ ഇതിന് കൂടുതല്‍ തുക മാറ്റിവയ്ക്കാം. എല്ലാവര്‍ക്കും പുതിയ വസ്ത്രം വാങ്ങുന്നതിനുപകരം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മുന്‍ഗണന നല്‍കാം.
20-30% വീട്ടുപകരണങ്ങള്‍ക്ക്
ഓണം അവസരമാക്കി അടുക്കളയിലോ വീട്ടിലോ സ്ഥിരമായി ഉപയോഗിക്കുന്ന സാധനങ്ങള്‍ വാങ്ങാം. നല്ലൊരു ഫ്രൈയിങ് പാന്‍, കാസറോള്‍, സ്റ്റോറേജ് കണ്ടെയ്‌നറുകള്‍, ഡിന്നര്‍ സെറ്റ്, ബെഡ്ഷീറ്റ്, ടവല്‍ തുടങ്ങിയവ ബജറ്റിനനുസരിച്ച് തിരഞ്ഞെടുക്കാം. ഉത്സവ സീസണായതിനാൽ തന്നെ മുൻനിര കമ്പനികളെല്ലാം മികച്ച ഡിസ്കൗണ്ട് വാഗ്ദാനങ്ങൾ നൽകുന്നതിനാൽ ഓണം മികച്ചൊരു ഷോപ്പിങ് സീസൺ കൂടിയാണ്.
സദ്യയ്ക്കുള്ള സാധനങ്ങള്‍ക്ക് പ്രത്യേക ബജറ്റ്
പച്ചക്കറികള്‍, പായസത്തിനുള്ള സാധനങ്ങള്‍, അച്ചാറുകള്‍, പപ്പടം, പഴം തുടങ്ങിയവയ്ക്കായി പ്രത്യേക തുക മാറ്റിവയ്ക്കുന്നത് അവസാന നിമിഷത്തെ അധിക ചെലവ് ഒഴിവാക്കും.

ഓഫര്‍ കണ്ടാല്‍ ഉടന്‍ വാങ്ങേണ്ട
'ഓണം ഓഫര്‍' എന്ന് കണ്ടതുകൊണ്ട് ആവശ്യമില്ലാത്ത സാധനങ്ങള്‍ വാങ്ങാതിരിക്കുക. ആദ്യം വില താരതമ്യം ചെയ്തശേഷം മാത്രം വാങ്ങുന്നതാണ് നല്ലത്.
ഒരു ചെറിയ ഓണം ഫണ്ട് മാറ്റി വയ്ക്കാം
മുഴുവന്‍ തുകയും ഒരുമിച്ച് ചെലവാക്കാതെ, ബജറ്റിന്റെ 10 ശതമാനം അടിയന്തര വാങ്ങലുകള്‍ക്കായി മാറ്റിവച്ചാല്‍ ഷോപ്പിംഗ് കൂടുതല്‍ എളുപ്പമാകും.
Content Highlights :Things to know before going Onam shopping: who to buy for, what to buy, and how to set a budget.