

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 1800 കിലോമീറ്റർ നീളമുള്ള എൽപിജി പൈപ്പ്ലൈൻ പദ്ധതിക്ക് അംഗീകാരം. പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് ആണ് അംഗീകാരം നൽകിയത്. ഏഴായിരം കോടിയുടെ പദ്ധതി മൂലം രാജ്യത്ത് എൽപിജി വിതരണം കൂടുതൽ കാര്യക്ഷമാകുമെന്നാണ് പ്രതീക്ഷ.
മൂന്ന് പദ്ധതികൾക്കാണ് നിലവിൽ അനുമതി ലഭിച്ചിട്ടുള്ളത്. തെലങ്കാനയിലെ ചാർലപ്പള്ളിയിൽ നിന്ന് മഹാരാഷ്ട്രയിലെ നാഗ്‌പൂരിനെ ബന്ധിപ്പിക്കുന്ന 556 കിലോമീറ്റർ പൈപ്പ്‌ലൈൻ, ഉത്തർപ്രദേശിലെ ഝാൻസിയെയും ഉത്തരാഖണ്ഡിലെ സിതാർഗഞ്ചിനെയും ബന്ധിപ്പിക്കുന്ന 611 കിലോമീറ്റർ പൈപ്പ്ലൈൻ, മഹാരാഷ്ട്രയിലെ ശിക്രപൂരിനെ ഗോവ, കർണാടകയിലെ ഹുബ്ലി എന്നിവയുമായി ബന്ധിപ്പിക്കുന്ന 633 കിലോമീറ്റർ പൈപ്പ്‌ലൈൻ എന്നിവയ്ക്കാണ് അംഗീകാരം ലഭിച്ചത്.
പൊതുമേഖലാ സ്ഥാപനമായ ഗെയിൽ(GAIL) ആണ് ഈ പൈപ്പ്ലൈൻ പദ്ധതി വികസിപ്പിക്കുക. തെലങ്കാന, മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, കർണാടക, ഗോവ എന്നീ സംസ്ഥാനങ്ങളിലൂടെയാണ് പൈപ്പ്ലൈൻ കടന്നുപോകുക. രാജ്യത്ത് ഉടനീളം എൽപിജി വിതരണം ശക്തിപ്പെടുത്താനും കൂടുത സുഖമമാക്കാനും ഈ പൈപ്പ്ലൈൻ വികസനം സഹായിക്കുമെന്നാണ് പ്രതീക്ഷ. തുറമുഖ കേന്ദ്രീകൃതമായ ഇറക്കുമതിയിലും മറ്റുമുള്ള നമ്മുടെ ആശ്രിതത്വത്തെ കുറയ്ക്കാനും ഈ പദ്ധതി സഹായിക്കും. വിശാലമായ പൈപ്പ്‌ലൈൻ ശൃംഖല ഉപഭോഗ കേന്ദ്രങ്ങളിലേക്കുള്ള എൽപിജിയുടെ നീക്കം കൂടുതൽ വേഗത്തിൽ ആക്കുകയും ചെയ്യും.
എൽപിജി പൈപ്പ്ലൈൻ വികസനം ഇന്ത്യയുടെ റോഡ് മുഖേനയുള്ള എൽപിജി നീക്കം കുറയ്ക്കുമെന്നും റോഡ് സുരക്ഷ ഉറപ്പാക്കാനാകുമെന്നും പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് പറഞ്ഞു. ഗതാഗത ചെലവുകൾ കുറയ്ക്കാനും തിരക്ക് കുറയ്ക്കാനും കാർബൺ ഉദ്ഗമനം കുറയ്ക്കാനും ഇവ സഹായിക്കുമെന്നും ബോർഡ് പറഞ്ഞു.
Content Highlights: The Petroleum and Natural Gas Regulatory Board has approved a ₹7,000 crore LPG pipeline project spanning 1,800 km across six states. The project is expected to strengthen the country’s LPG transportation network and make LPG distribution more efficient.