പരമ്പര നേട്ടം ലക്ഷ്യമിട്ട് ഇന്ത്യ; ഗില്ലും ജയ്സ്വാളും ഫോമിലേക്ക് തിരിച്ചെത്തുമോ? കുല്‍ദീപ് ഇല്ല?

കുല്‍ദീപിന് പകരം ഓഫ് സ്പിന്‍ ഓള്‍റൗണ്ടര്‍ സാരന്‍ഷ് ജെയിന് ഇന്ത്യ അവസരം നല്‍കിയേക്കും

പരമ്പര നേട്ടം ലക്ഷ്യമിട്ട് ഇന്ത്യ; ഗില്ലും ജയ്സ്വാളും ഫോമിലേക്ക് തിരിച്ചെത്തുമോ? കുല്‍ദീപ് ഇല്ല?
dot image

ആദ്യ ടെസ്റ്റിലെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ആത്മവിശ്വാസത്തിന്റെ നിറവില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം, ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും ജയം ആവര്‍ത്തിച്ച് പരമ്പര 2-0 ന് തൂത്തുവാരാന്‍ ഇന്നിറങ്ങുന്നു. കൊളംബോയിലെ സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടിലാണ് പരമ്പരയിലെ നിര്‍ണായകമായ അവസാന മത്സരം നടക്കുന്നത്. ഗാലെയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ 165 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ദേവ്ദത്ത് പടിക്കല്‍ (167, 44), കെ.എല്‍. രാഹുല്‍ (82, 35), ഋഷഭ് പന്ത് (66) എന്നിവരുടെ ബാറ്റിങ് മികവും, അരങ്ങേറ്റ മത്സരത്തില്‍ തന്നെ 10 വിക്കറ്റ് നേട്ടം കൊയ്ത ഇടങ്കയ്യന്‍ സ്പിന്നര്‍ മാനവ് സുതാറിന്റെ പ്രകടനവുമാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. പക്ഷെ, നാട്ടിലെ മത്സരത്തില്‍ തോറ്റ ശ്രീലങ്ക തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്.

ഇന്ത്യന്‍ വിജയത്തിലും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെയും ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെയും ഫോമില്ലായ്മ ടീമിന് ആശങ്കയുണ്ടാക്കിയിരുന്നു. ഒന്നാം ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സുകളിലും ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബാത് ജയസൂര്യക്ക് മുന്നിലാണ് ഗില്‍ വിക്കറ്റ് അടിയറവ് വെച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ റണ്ണൗട്ടായ ജയ്സ്വാള്‍ രണ്ടാം ഇന്നിംഗ്‌സില്‍ അസിത ഫെര്‍ണാണ്ടോയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു. രണ്ടാം ടെസ്റ്റില്‍ വലിയ സ്‌കോറുകള്‍ നേടി ഫോമിലേക്ക് തിരിച്ചെത്താനാണ് ഇരുതാരങ്ങളും ലക്ഷ്യമിടുന്നത്.
രണ്ടാം ടെസ്റ്റിലെ ടീം തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ചര്‍ച്ച കുല്‍ദീപ് യാദവിന്റെ സ്ഥാനമാണ്. ഗാലെ ടെസ്റ്റില്‍ 103 റണ്‍സ് വഴങ്ങി വെറും ഒരു വിക്കറ്റ് മാത്രമാണ് ലെഫ്റ്റ്-ആം റിസ്റ്റ് സ്പിന്നറായ കുല്‍ദീപിന് നേടാനായത്. അതിനാല്‍ കുല്‍ദീപിന് പകരം 33-കാരനായ ഓഫ് സ്പിന്‍ ഓള്‍റൗണ്ടര്‍ സാരന്‍ഷ് ജെയിന് ഇന്ത്യ അവസരം നല്‍കിയേക്കും. ശ്രീലങ്കന്‍ നിരയിലെ ഇടങ്കയ്യന്‍ ബാറ്റര്‍മാര്‍ക്കെതിരെ കൂടുതല്‍ ഫലപ്രദമാകാന്‍ സാരന്‍ഷിന്റെ ഓഫ് സ്പിന്നിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

Also Read:


കൊളംബോയില്‍ വിജയം സ്വന്തമാക്കാന്‍ സാധിച്ചാല്‍, 2027 ലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ക്ക് കരുത്തേകാന്‍ ഇന്ത്യക്ക് സാധിക്കും. കൂടാതെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് നിന്ന് നാലാമതിലേക്ക് ഉയരാനും ടീമിന് വഴിതുറക്കും.

content highlights: India Aims for Series Victory: Will Gill and Jaiswal Return to Form? Will Kuldeep Miss Out?

dot image
To advertise here,contact us
dot image