

തെഹ്റാൻ: ഇറാനും അമേരിക്കയും പരസ്പരം വെല്ലുവിളി തുടരവെ ഹോർമൂസ് കടലിടുക്കിൽ എണ്ണഗതാഗതം ഏറെക്കുറെ നിലച്ച നിലയിലാണ്. നേരത്തെ ഒമാൻ്റെ തെക്കൻതീരം വഴി എണ്ണകപ്പലുകൾക്ക് സഞ്ചരിക്കാനായി ഒരു രഹസ്യ ഇടനാഴി സൃഷ്ടിച്ചതായും ബാരൽകണക്കിന് എണ്ണ ദിനം പ്രതി ഇതുവഴി കടത്തുന്നതായും അമേരിക്ക അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ ഹോർമൂസ് വഴി സുഗമമായ കപ്പൽ ഗാതാഗതം നടക്കുന്നില്ലെന്ന് തന്നെയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ സ്ഥിരീകരിക്കുന്നത്. അനുമതിയില്ലാതെ കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന എണ്ണക്കപ്പലുകളെ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന് പുറമെ ഇറാനെതിരായ സാമ്പത്തിക ഉപരോധവും ഹോർമൂസിലെ കപ്പൽ ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്.
വ്യാഴാഴ്ച കടലിടുക്കിലൂടെ ചരക്കുമായി സഞ്ചരിച്ചത് വെറും നാല് കപ്പലുകൾ മാത്രമാണെന്നാണ് കപ്പൽ ട്രാക്കിംഗ് വിവരങ്ങൾ ഉദ്ധരിച്ച് അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നത്. അവയിൽ വലിയ ക്രൂഡ് ഓയിൽ ടാങ്കറുകളോ എൽഎൻജി കപ്പലുകളോ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇറാഖിന്റെ ആവർത്തിച്ചുള്ള അഭ്യർഥനയെ തുടർന്ന് ചില ഇറാഖി എണ്ണക്കപ്പലുകൾക്ക് പ്രത്യേക അനുമതി നൽകി ഹോർമൂസ് കടലിടുക്ക് കടക്കാൻ ഇറാൻ അനുമതി നൽകിയതായി സർക്കാർ വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫിന്റെ ഇറാഖ് സന്ദർശനത്തിനിടെയായിരുന്നു ഇത് സംബന്ധിച്ച ചർച്ചകൾ നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഹോർമൂസ് കടലിടുക്കിലൂടെ ദിവസേന ശരാശരി എട്ട് ദശലക്ഷം ബാരൽ എണ്ണ മാത്രമാണ് ഇപ്പോൾ കടന്നുപോകുന്നതെന്നാണ്
അമേരിക്കൻ ഊർജ സെക്രട്ടറി ക്രിസ് റൈറ്റിന്റെ കണക്കുകൾ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. യുദ്ധത്തിന് മുമ്പ് ഇത് പ്രതിദിനം 20 ദശലക്ഷം ബാരലിലേറെയായിരുന്നു. ലോകത്ത് ഉപയോഗിക്കുന്ന അഞ്ചിലൊന്നും യുദ്ധത്തിന് കടന്ന് പോയിരുന്നത് ഹോർമൂസ് വഴിയായിരുന്നു.
ഇതിനിടെ അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് തിങ്കളാഴ്ച വൈകിട്ട് ഇറാനെതിരായ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും കടുത്ത ഉപരോധങ്ങൾ ഇറാനെതിരെ ഏർപ്പെടുത്തുമെന്ന് അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു. നിലവിൽ അമേരിക്ക ഇറാനെതിരായ സാമ്പത്തിക ഉപരോധം കടുപ്പിച്ചാൽ അത് ചൈനയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2025-ലെ കപ്ലർ കണക്കുകൾ പ്രകാരം കടൽമാർഗം കയറ്റുമതി ചെയ്യുന്ന ഇറാനിയൻ എണ്ണയുടെ 80 ശതമാനത്തിലേറെയും വാങ്ങുന്നത് ചൈനയാണ്. ഇറാനെതിരായ ഉപരോധത്തിൽ അമേരിക്കയുമായി സഹകരിക്കാൻ ബെസന്റ് ബെയ്ജിങ്ങിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ചൈന നയതന്ത്രപരമായ പരിഹാരമാണ് മുന്നോട്ടുവയ്ക്കുന്നത്.
ഇറാന്റെ തീരത്തുള്ള ഹോർമൂസ് കടലിടുക്ക് അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലെത്തുന്നതിൽ പ്രധാന തർക്കവിഷയമായി തുടരുകയാണ്. യുദ്ധത്തിന്റെ തുടക്കത്തിൽ ഇറാൻ കടലിടുക്കിലെ കപ്പൽഗതാഗതം തടഞ്ഞതോടെ എണ്ണയുടെയും രാസവളത്തിന്റെയും ഉൾപ്പെടെയുള്ള ചരക്കുകളുടെ വില കുത്തനെ ഉയർന്നിരുന്നു. ഇതിനെ തുടർന്ന് ഗൾഫ് മേഖലയിലെ നിരവധി രാജ്യങ്ങൾ ബദൽ കയറ്റുമതി മാർഗങ്ങൾ വികസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തിൽ പ്രാദേശിക രാജ്യങ്ങൾ പങ്കാളികളായാൽ ഗൾഫിൽ നിന്നുള്ള ആ ബദൽ എണ്ണക്കയറ്റുമതി പാതകളും ലക്ഷ്യമിടുമെന്നാണ് ഇറാൻ്റെ മുന്നറിയിപ്പ്. എന്നാൽ ഇറാന് സഹായം നൽകുന്ന ഏതൊരു രാജ്യത്തിനും സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകുന്ന മുന്നറിയിപ്പ്.
Content Highlights: The United States is expected to announce new sanctions against Iran on Monday as tensions in the Strait of Hormuz continue, raising concerns over global oil supply and regional security.