

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കായി 33-കാരനായ ഓഫ് സ്പിന്‍ ഓള്‍റൗണ്ടര്‍ സാരാന്‍ഷ് ജെയിന് അരങ്ങേറ്റം കുറിക്കും. മത്സരത്തിന് മുന്നോടിയായി നടന്ന ചടങ്ങില്‍ മുതിര്‍ന്ന താരം രവീന്ദ്ര ജഡേജയില്‍ നിന്നാണ് സാരാന്‍ഷ് ജെയിന്‍ തന്റെ അരങ്ങേറ്റ ടെസ്റ്റ് ക്യാപ് ഏറ്റുവാങ്ങിയത്. കൊളംബോയില്‍ നടക്കുന്ന പരമ്പരയിലെ നിര്‍ണ്ണായകമായ രണ്ടാം മത്സരത്തില്‍ കുല്‍ദീപ് യാദവിന് പകരക്കാരനായാണ് സാരാംശ് ആദ്യ ഇലവനില്‍ ഇടംപിടിച്ചത്. കുല്‍ദീപ് കൊളംബോ ടെസ്റ്റില്‍നിന്ന് പുറത്തായേക്കുമെന്ന് നേരത്തെത്തന്നെ വിവരങ്ങളുണ്ടായിരുന്നു. അതേസമയം, ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരെ ബാറ്റ് ചെയ്യും.
മധ്യപ്രദേശിനായി രഞ്ജി ട്രോഫിയിലും ഇന്ത്യ എ ടീമിനായും റെഡ്-ബോള്‍ ഫോര്‍മാറ്റില്‍ നടത്തിയ മികച്ച പ്രകടനങ്ങളാണ് സാരാന്‍ഷിന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴിതുറന്നത്. ശ്രീലങ്കന്‍ ബാറ്റിംഗ് നിരയിലെ ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്മാരെ പ്രതിരോധിക്കാനും, ഓഫ് സ്പിന്നിന് പുറമെ താഴത്തെ നിരയില്‍ ബാറ്റിംഗില്‍ ആഴം കൂട്ടാനുമാണ് ടീം മാനേജ്മെന്റ് സാരാന്‍ഷിനെ തിരഞ്ഞെടുത്തത്.
ഇന്ത്യന്‍ കുപ്പായമണിയുക എന്ന ദീര്‍ഘകാലത്തെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട നിമിഷത്തില്‍ സഹകളിക്കാരും ടീം മാനേജ്മെന്റും സാരാന്‍ഷിന് ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. ഗാലെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ മികച്ച വിജയം നേടിയ ഇന്ത്യ, കൊളംബോയിലും ജയം ആവര്‍ത്തിച്ച് പരമ്പര 2-0 ന് തൂത്തുവാരാനാണ് ലക്ഷ്യമിടുന്നത്.
content highlights: Saransh Jain Makes Test Debut in 2nd Test; Receives Cap from Ravindra Jadeja