

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം നിര്‍ണ്ണായകമായ ഒരു മാറ്റത്തിന്റെ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും റാങ്കിങ്ങുകളെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍. ചില തിരിച്ചടികള്‍ നേരിട്ടെങ്കിലും ഇന്ത്യന്‍ ടീം ശരിയായ ദിശയിലാണ് മുന്നേറുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി ശനിയാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗംഭീര്‍. ടീമിലെ മാറ്റങ്ങളുടെ വെല്ലുവിളികള്‍ നിലനില്‍ക്കുമ്പോഴും ദീര്‍ഘഫോര്‍മാറ്റില്‍ ഇന്ത്യ സ്ഥിരതയാര്‍ന്ന പ്രകടനമാണ് പുറത്തെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
'റാങ്കിങ്ങുകള്‍ക്ക് വലിയ പ്രസക്തിയൊന്നുമില്ല. നമ്മള്‍ ഒരു വലിയ മാറ്റത്തിന്റെ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. എല്ലാവര്‍ക്കും അത് നന്നായി അറിയാമെന്ന് ഞാന്‍ കരുതുന്നു' -ഗംഭീര്‍ പറഞ്ഞു. 'അതിനിടയില്‍ ചില വീഴ്ചകളും കയറ്റിറക്കങ്ങളും ഉണ്ടായേക്കാം. എങ്കിലും ഇംഗ്ലണ്ട് പര്യടനത്തിന് ശേഷമുള്ള കഴിഞ്ഞ ഒരു വര്‍ഷമായി ടെസ്റ്റ് ക്രിക്കറ്റില്‍ നമ്മള്‍ തരക്കേടില്ലാത്ത സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്' -ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
ഗംഭീര്‍ പരിശീലകനായി ചുമതലയേറ്റ ശേഷം രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, രവിചന്ദ്രന്‍ അശ്വിന്‍ തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ടീമില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരായ നാട്ടിലെ പരമ്പര തോല്‍വികളും ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ വെല്ലുവിളികളും ഇന്ത്യക്ക് നേരിടേണ്ടി വന്നിരുന്നു. നിലവിലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ 10 ടെസ്റ്റുകളില്‍ നിന്ന് 5 ജയങ്ങളോടെ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് എന്നീ ടീമുകളാണ് ഇന്ത്യക്ക് മുന്നിലുള്ളത്.
റാങ്കിങ്ങുകള്‍ മറ്റുള്ളവര്‍ക്കുള്ള മാനദണ്ഡമായിരിക്കാം എന്നാല്‍ ടീം മാനേജ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ദിശയിലാണെന്ന് ഗംഭീര്‍ പറഞ്ഞു. 'നിങ്ങള്‍ക്ക് റാങ്കിങ്ങുകള്‍ പരിശോധിച്ച് വിലയിരുത്താം, എന്നാല്‍ ഞങ്ങള്‍ അതിന് പുറകെ പോകുന്നില്ല. കാരണം ഞങ്ങള്‍ എങ്ങോട്ടാണ് പോകുന്നതെന്ന് ഞങ്ങള്‍ക്ക് വ്യക്തതയുണ്ട്. ആ യാത്ര ശരിയായ ദിശയില്‍ തന്നെയാണ്' -അദ്ദേഹം പറഞ്ഞു.
ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഉജ്ജ്വല പ്രകടനം പുറത്തെടുത്ത യുവതാരങ്ങളായ ദേവ്ദത്ത് പടിക്കലിനെയും മാനവ് സുതാറിനെയും ഗംഭീര്‍ പ്രശംസിച്ചു. ഒന്നാം ടെസ്റ്റില്‍ ഇന്ത്യ 165 റണ്‍സിന് വിജയിച്ചപ്പോള്‍ അരങ്ങേറ്റത്തില്‍ 10 വിക്കറ്റ് നേട്ടവുമായി മാനവ് സുതാറും, ഒന്നാം ഇന്നിംഗ്‌സില്‍ 167 റണ്‍സ് നേടി ദേവ്ദത്ത് പടിക്കലും തിളങ്ങിയിരുന്നു. യുവതാരങ്ങള്‍ അവസരത്തിനൊത്തുയരുന്നത് സന്തോഷകരമാണെങ്കിലും ഒന്നോ രണ്ടോ പ്രകടനങ്ങള്‍ വെച്ച് അവരെ പെട്ടെന്ന് വിലയിരുത്തരുതെന്നും റെഡ് ബോള്‍ ക്രിക്കറ്റില്‍ മികച്ച ബെഞ്ച് സ്‌ട്രെങ്ത് ഉണ്ടാക്കിയെടുക്കുകയാണ് ലക്ഷ്യമെന്നും ഗംഭീര്‍ വ്യക്തമാക്കി.
അതേസമയം, ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി സ്പിന്നര്‍ കുല്‍ദീപ് യാദവിന് പിന്തുണയുമായി ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ രംഗത്തെത്തി. വിക്കറ്റുകള്‍ വീഴ്ത്താന്‍ അമിതമായി ധൃതി കാണിക്കാതെ, നിയന്ത്രണം നിലനിര്‍ത്തിക്കൊണ്ട് വിക്കറ്റുകള്‍ നേടാനാണ് കുല്‍ദീപ് ശ്രദ്ധിക്കേണ്ടതെന്ന് ഗംഭീര്‍ പറഞ്ഞു. 'അദ്ദേഹം എത്രത്തോളം മികച്ച ബൗളറാണെന്ന് ഞങ്ങള്‍ക്ക് അറിയാം. വിക്കറ്റ് വീഴ്ത്താന്‍ അമിതമായി ധൃതി കൂട്ടുന്നതിന് പകരം വിക്കറ്റുകള്‍ നേടുക എന്നതിലായിരിക്കണം ശ്രദ്ധിക്കേണ്ടതെന്നാണ് എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്. കാരണം ഒരു റിസ്റ്റ് സ്പിന്നര്‍ എന്ന നിലയില്‍ വിക്കറ്റിനായി അമിതമായി ശ്രമിക്കുമ്പോള്‍ ചിലപ്പോള്‍ പന്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്' -ഗംഭീര്‍ പറഞ്ഞു.
'വളരെക്കാലമായി ഞങ്ങള്‍ കുല്‍ദീപിന് ഉയര്‍ന്ന മൂല്യമാണ് നല്‍കുന്നത്. അദ്ദേഹം എത്രത്തോളം വിജയകരമായ പ്രകടനമാണ് പുറത്തെടുത്തതെന്നും ഞങ്ങള്‍ക്ക് അറിയാം. എങ്കിലും, നിലവിലെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ ഏറ്റവും മികച്ച ബൗളിങ് നിരയെ തിരഞ്ഞെടുക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരകള്‍ക്ക് പകരം മൂന്ന് മത്സരങ്ങളുള്ള പരമ്പരകളാണ് താന്‍ കൂടുതല്‍ ആഗ്രഹിക്കുന്നതെന്നും ഗംഭീര്‍ വ്യക്തമാക്കി. 'വ്യക്തിപരമായി മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരകളോടാണ് എനിക്ക് താല്പര്യം. ആദ്യ ടെസ്റ്റ് തോല്‍ക്കുന്ന ഒരു ടീമിന് തിരികെ വന്ന് പരമ്പര സ്വന്തമാക്കാന്‍ അവസരമുണ്ടാകണം എന്ന് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നു. എന്നാല്‍ രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ അത് സാധ്യമല്ല. പരമ്പര സമനിലയിലാക്കാന്‍ മാത്രമേ പരമാവധി കഴിയൂ. ടെസ്റ്റുകള്‍ക്കിടയിലെ കുറഞ്ഞ ഇടവേളകള്‍ പ്രശ്‌നമല്ല. മറ്റ് ടീമുകളും അങ്ങനെ ചെയ്യുന്നുണ്ട്' -ഗംഭീര്‍ പറഞ്ഞു.
content highlights: "Rankings Don't Matter, Indian Test Team is on the Right Track": Gautam Gambhir