

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ മിന്നും ജയം നേടിയിരിക്കുകയാണ് ഇന്ത്യ. 165 റൺസിന്‍റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ജയത്തോടെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ ഇന്ത്യ നിലനിര്‍ത്തി.
സീസണിലെ പത്ത് മത്സരങ്ങളിൽ നിന്ന് അഞ്ചാം വിജയത്തോടെ പോയിന്‍റ് ശതമാനം 53.33 ആയി ഉയർത്തി. എങ്കിലും പോയിന്‍റ് പട്ടികയിൽ ഇന്ത്യ ഇപ്പോഴും അഞ്ചാം സ്ഥാനത്ത് തന്നെയാണ്.
കഴിഞ്ഞ ദിവസം ഓസ്ട്രേലിയയ്ക്കെതിരെ ചരിത്ര വിജയം നേടിയ ബംഗ്ലാദേശാണ് നാലാം സ്ഥാനത്ത്. ഇന്ത്യക്കെതിരെ തോൽവി വഴങ്ങിയതോടെ പോയിന്‍റ് ശതമാനം 41.67-ൽ നിന്ന് 33.33 ആയി കുറഞ്ഞെങ്കിലും ശ്രീലങ്ക ആറാമത് തന്നെയാണ്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകളാണ് ഫൈനലിലേക്ക് യോഗ്യത നേടുന്നത്. ആദ്യ രണ്ട് സീസണുകളിൽ ഫൈനലിൽ എത്തിയെങ്കിലും കിരീടം നേടാൻ ഇന്ത്യക്കായിരുന്നില്ല.
കഴിഞ്ഞ സീസണിൽ ഫൈനൽ കാണാതെ പുറത്താവുകയും ചെയ്തിരുന്നു. നിലവിലെ 2025-27 ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഇന്ത്യക്ക് ഇനി എട്ട് ടെസ്റ്റുകൾ കൂടി അവശേഷിക്കുന്നുണ്ട്.
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് പുറമെ ന്യൂസിലൻഡിനെതിരെ രണ്ട് ടെസ്റ്റുകളും അടുത്ത വർഷം നാട്ടിൽ ഓസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയുമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഇതില്‍ ആറെണ്ണത്തിലെങ്കിലും ജയിച്ചാലെ ഇന്ത്യക്ക് ഫൈനലിലെത്താനാവൂ.
content highlights: india wtc final qualification scenario after sri lanka test win