CMRL-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട്; 85 ലക്ഷം കൈമാറിയത് ആർക്ക്? വീണക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യും

വരുമാനത്തിന് അപ്പുറമുള്ള വീണയുടെ പണമിടപാടുകളും ഇ ഡി വിശദമായി പരിശോധിക്കും

CMRL-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട്; 85 ലക്ഷം കൈമാറിയത് ആർക്ക്? വീണക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യും
dot image

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്‌സാലോജിക് മാനേജിംഗ് ഡയറക്ടറും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ വിണ ടിയ്‌ക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യും. 85 ലക്ഷം രൂപ വീണ ദുബായിലേക്ക് കൈമാറിയതില്‍ ഫെമ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് തീരുമാനം. ആര്‍ക്കാണ് പണം കൈമാറിയത് എന്നതില്‍ വിശദമായ അന്വേഷണം നടത്തും. വരുമാനത്തിന് അപ്പുറമുള്ള വീണയുടെ പണമിടപാടുകളും ഇ ഡി വിശദമായി പരിശോധിക്കും.

അതേസമയം മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ചും ഇ ഡി വിശദമായ പരിശോധന നടത്തും. 2021ല്‍ വീണ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം പി നിഖിലിന്റെ സൊലസ് എന്ന പരസ്യകമ്പനിക്ക് വീണ പണം നല്‍കിയതായി ഇ ഡി കണ്ടെത്തിയിരുന്നു. സിഎംആര്‍എല്ലില്‍ നിന്നും ലഭിച്ച പണം ആണോ സൊലസ് കമ്പനിക്ക് നല്‍കിയത് എന്നതില്‍ വ്യക്തതയില്ല. വീണയുടെ ഡയറിയില്‍ നിന്നാണ് സൊലസ് കമ്പനിയുമായുള്ള ഇടപാടുകളുടെ വിവരങ്ങള്‍ ഇ ഡിക്ക് ലഭിച്ചത്. മെയ് 27ന് വീണയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത ഡയറിയിലെ ഒന്നുമുതല്‍ ഒന്‍പത് വരെയുള്ള പേജുകള്‍ കേസില്‍ നിര്‍ണ്ണായകമാണെന്ന് ഇ ഡി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിലെ കണക്കുകള്‍ പ്രകാരം 85 ലക്ഷത്തോളം രൂപ ദുബായിലേക്ക് വീണ കൈമാറിയെന്നാണ് കണ്ടെത്തല്‍.

കൂടാതെ മറ്റൊരാളുടെ പേരില്‍ എടുത്ത സിം കാര്‍ഡ് ഉപയോഗിച്ച് ഇന്റര്‍നെറ്റ് കോളുകള്‍ നടത്തിയതായും ഇ ഡി കണ്ടെത്തിയിരുന്നു. ഇതിനായി ഉപയോഗിച്ച സിം കാര്‍ഡിന്റെ ഫോട്ടോയും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഡിവൈഎഫ്‌ഐ നേതാവ് നന്ദു ലാലിന്റെ പേരിലുള്ളതാണ് സിം കാര്‍ഡ് എന്നാണ് ഇ ഡിക്ക് വിവരം ലഭിച്ചിരിക്കുന്നത്. മുഹമ്മദ് റിയാസും വീണയും പറഞ്ഞിട്ടാണ് സിം കാര്‍ഡ് എടുത്തുനല്‍കിയതെന്നും ഇത് എന്തിനുവേണ്ടി ഉപയോഗിച്ചുവെന്ന് അറിയില്ലെന്നുമാണ് നന്ദുവിന്റെ മൊഴി.

അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടില്‍ തന്നെയാണ് സിപിഐഎം. ഇ ഡി റെയ്ഡില്‍ പേടിച്ചോടില്ല എന്നും ബിജെപി ഉയര്‍ത്തുന്ന രാഷ്ട്രീയത്തിനെതിരായ പോരാട്ടം തല പോയാലും തുടരുമെന്നുമാണ് റിയാസ് പ്രതികരിച്ചത്.

Content Highlights: A new case is set to be registered against Exalogic Solutions managing director Veena T in connection with alleged suspicious financial transactions involving CMRL. The development comes amid continuing scrutiny of the financial dealings

dot image
To advertise here,contact us
dot image