വീണ 85 ലക്ഷം രൂപ നല്‍കിയത് ആര്‍ക്ക്? വിദേശ പണമിടപാടുകളിൽ വിശദമായ അന്വേഷണത്തിന് ഇഡി

മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടരുകയാണ്

വീണ 85 ലക്ഷം രൂപ നല്‍കിയത് ആര്‍ക്ക്? വിദേശ പണമിടപാടുകളിൽ വിശദമായ അന്വേഷണത്തിന് ഇഡി
dot image

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക്ക് കേസിലെ വിദേശ പണമിടപാടുകളിൽ വിശദമായ അന്വേഷണത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ദുബായിലേക്ക് വീണ ടി കൈമാറിയ 85 ലക്ഷം രൂപ (3.49 ലക്ഷം ദിര്‍ഹം) ആര്‍ക്ക് നല്‍കിയെന്ന് കണ്ടെത്താനാണ് ഇഡിയുടെ നീക്കം. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടരുകയാണ്. കേസില്‍ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാനാണ് സിപിഐഎമ്മിന്റെ തീരുമാനം. ഞായറാഴ്ച കോഴിക്കോട് മുതലക്കുളത്ത് സംസ്ഥാന സെക്രട്ടറി പങ്കെടുക്കുന്ന പൊതുയോഗം നടക്കും.

സിഎംആര്‍എല്‍- എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് വീണ വിദേശത്തേക്ക് പണമിടപാടുകള്‍ നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചതായാണ് ഇഡി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച കോഴിക്കോട് എട്ടിടങ്ങളില്‍ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ടാണ് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. അതീവ ഗുരുതര കണ്ടെത്തലുകള്‍ സംബന്ധിച്ച പരാമര്‍ശങ്ങളായിരുന്നു വാര്‍ത്താക്കുറിപ്പില്‍ ഉണ്ടായിരുന്നത്. നേരത്തെ നടന്ന പരിശോധനയില്‍ വീണയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ വീണയുടെ കൈപ്പടയിലുള്ള ഡയറിയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി ഇഡി വ്യക്തമാക്കിയിരുന്നു. വ്യക്തികളുടെ പേരുകള്‍, കൈകാര്യം ചെയ്തതും ചെലവഴിച്ചതുമായ തുകകള്‍, ദുബായിലേക്ക് മാറ്റിയ പണം തുടങ്ങിയ വിവരങ്ങള്‍ ഡയറിയില്‍ ഉണ്ടായിരുന്നുവെന്ന് ഇ ഡി വ്യക്തമാക്കി.

വീണയില്‍ നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളില്‍ മറ്റൊരാളുടെ പേരില്‍ എടുത്ത സിം കാര്‍ഡിന്റെ ചിത്രവും കണ്ടെത്തിയതായി ഇഡി അവകാശപ്പെടുന്നത്. ഇന്റര്‍നെറ്റ് അധിഷ്ഠിത കോളുകള്‍ നടത്തുന്നതിനായി മറ്റൊരാളുടെ പേരില്‍ സിം കാര്‍ഡും വൈ-ഫൈ റൂട്ടറും എടുത്തതാകാമെന്ന് സംശയിക്കുന്നുവെന്നാണ് ഇ ഡി വ്യക്തമാക്കിയത്. കൈയെഴുത്ത് കണക്കുകളില്‍ പേരുള്ള എല്ലാ വ്യക്തികളുടെയും സിം കാര്‍ഡ് നല്‍കിയ വ്യക്തിയുടെയും കേന്ദ്രങ്ങള്‍ ഈ പരിശോധനയില്‍ ഉള്‍പ്പെടുത്തിയതായും ഇ ഡി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ റെയ്ഡില്‍ നിരവധി ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തതായും ബന്ധപ്പെട്ടവരുടെ മൊഴികള്‍ രേഖപ്പെടുത്തിയതായും ഇ ഡി അറിയിച്ചു. പിടിച്ചെടുത്ത രേഖകള്‍ പ്രകാരം വീണയുടെ അറിയാവുന്ന വരുമാന സ്രോതസുകളെക്കാള്‍ കൂടുതലായ തുകയാണ് അവര്‍ കൈകാര്യം ചെയ്തതെന്ന് സൂചന ലഭിക്കുന്നുവെന്നും കൈയെഴുത്ത് കണക്കുകളിലുള്ള തുകകള്‍ സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച പണത്തിന് പുറമെയാണെന്നുമാണ് വാര്‍ത്താക്കുറിപ്പിലെ ഇ ഡിയുടെ അവകാശവാദം.

Content Highlights: The Enforcement Directorate is conducting a detailed investigation into alleged hawala transactions involving ₹85 lakh reportedly paid by Veena.

dot image
To advertise here,contact us
dot image