അരങ്ങേറ്റത്തിന് രണ്ടുവര്‍ഷം മുമ്പ് സച്ചിന്‍ പാകിസ്താനുവേണ്ടി ഫീല്‍ഡ് ചെയ്തു; കൗതുക കഥയറിയാം

1987-ലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം പാകിസ്താനുവേണ്ടി കളിച്ചത്, കൗതുക കഥ വീണ്ടും ചര്‍ച്ചയാകുന്നു

അരങ്ങേറ്റത്തിന് രണ്ടുവര്‍ഷം മുമ്പ് സച്ചിന്‍ പാകിസ്താനുവേണ്ടി ഫീല്‍ഡ് ചെയ്തു; കൗതുക കഥയറിയാം
dot image

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നതിനും രണ്ടുവര്‍ഷം മുമ്പ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ പാകിസ്താന്‍ ടീമിനായി ഫീല്‍ഡ് ചെയ്തിട്ടുണ്ടെന്ന അപൂര്‍വ്വ സംഭവം ക്രിക്കറ്റ് ലോകത്ത് വീണ്ടും ചര്‍ച്ചയാകുന്നു. 1989-ല്‍ പാകിസ്താനെതിരെ കറാച്ചിയിലാണ് 16-ാം വയസ്സില്‍ സച്ചിന്‍ ഇന്ത്യയ്ക്കായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ അതിനും മുന്‍പ്, 1987-ല്‍ താരം പാകിസ്താന്‍ ജേഴ്‌സിയില്‍ മൈതാനത്തിറങ്ങിയിരുന്നു.

1987 ജനുവരി 20-ന് മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്ന ഒരു പ്രദര്‍ശന മത്സരത്തിനിടെയായിരുന്നു ഈ സംഭവം. അന്ന് 13 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സച്ചിന്‍ മുംബൈയില്‍ നിന്നുള്ള ഒരു സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായി പാകിസ്താന്‍ ടീമിനായി ഗ്രൗണ്ടിലിറങ്ങുകയായിരുന്നു. മത്സരത്തിനിടെ ഭക്ഷണ സമയത്ത് പാകിസ്താന്‍ താരങ്ങളായ ജാവേദ് മിയാന്‍ദാദും അബ്ദുള്‍ ഖാദിറും വിശ്രമത്തിനായി പവലിയനിലേക്ക് മടങ്ങിയപ്പോഴാണ് സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡര്‍മാരുടെ ആവശ്യമുണ്ടായത്. തുടര്‍ന്ന് ഡ്രസ്സിങ് റൂമിലുണ്ടായിരുന്ന അന്നത്തെ പാകിസ്താന്‍ ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്‍, ലഭ്യമായ പ്രാദേശിക കളിക്കാരെ ഫീല്‍ഡിങ്ങിനായി ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പാകിസ്താന്റെ പച്ചക്കുപ്പായത്തില്‍ ഫീല്‍ഡ് ചെയ്യാന്‍ എത്തിയത്.

മത്സരത്തില്‍ ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്ത സച്ചിന് മുകളിലൂടെ ഇന്ത്യന്‍ താരം കപില്‍ ദേവ് അടിച്ചുയര്‍ത്തിയ പന്ത് സിക്‌സറാവുകയും ചെയ്തിരുന്നു. ആ മത്സരത്തില്‍ തനിക്ക് അല്പം മുന്നോട്ട് ഓടി കപില്‍ ദേവിന്റെ ക്യാച്ച് എടുക്കാന്‍ സാധിക്കുമായിരുന്നുവെന്ന് പിന്നീട് തന്റെ ആത്മകഥയായ 'പ്ലേയിങ് ഇറ്റ് മൈ വേ'യില്‍ സച്ചിന്‍ ഓര്‍ത്തെടുത്തിട്ടുണ്ട്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും അപൂര്‍വ്വവും കൗതുകകരവുമായ ഏടുകളിലൊന്നായാണ് ഈ സംഭവം അറിയപ്പെടുന്നത്.

content highlights: Indian Cricket Legend Played for Pakistan; The Curious Story Becomes a Topic of Discussion Again"

dot image
To advertise here,contact us
dot image