

ഇന്ത്യന്‍ സീനിയര്‍ ടീമിനുവേണ്ടി അരങ്ങേറിയതിന് പിന്നാലെ വൈഭവ് സൂര്യവംശിയുടെ ആദ്യ സോഷ്യല്‍ മീഡിയ പോസ്റ്റ് തരംഗമാകുന്നു. ശനിയാഴ്ച ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചതിന് പിന്നാലെ വൈഭവ് സൂര്യവംശി തന്റെ സോഷ്യല്‍ മീഡിയയില്‍ വൈകാരികമായ കുറിപ്പ് പങ്കുവെച്ചത്. ഐപിഎല്ലിലെ മികച്ച പ്രകടനത്തിന് ശേഷം അയര്‍ലന്‍ഡിനെതിരായ രണ്ട് ടി20 മത്സരങ്ങളില്‍ ഈ 15-കാരന് ഇന്ത്യന്‍ ടീം അരങ്ങേറ്റത്തിന് അവസരം നല്‍കാത്തത് വലിയ ചര്‍ച്ചയായിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലും താരത്തിന് ഇടം ലഭിച്ചില്ല. എന്നാല്‍ മാഞ്ചെസ്റ്ററില്‍ നടന്ന രണ്ടാം മത്സരത്തില്‍ വൈഭവിന് അവസരം ലഭിക്കുകയായിരുന്നു. തന്റെ ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ 10 പന്തില്‍ നിന്ന് 14 റണ്‍സാണ് താരം നേടിയത്. രണ്ടു സിക്‌സറുകളും താരം നേടി.
മത്സരത്തില്‍ ഇന്ത്യ നാലുവിക്കറ്റുകള്‍ക്ക് പരാജയപ്പെട്ടെങ്കിലും, വൈഭവിന്റെ അരങ്ങേറ്റമായിരുന്നു ചര്‍ച്ചയായിരുന്നു. തന്റെ കരിയറിലുടനീളം പിന്തുണയ്ക്കുകയും വിശ്വസിക്കുകയും ചെയ്ത ആരാധകര്‍ക്കും ടീമംഗങ്ങള്‍ക്കും സീനിയര്‍ കളിക്കാര്‍ക്കും യുവ ബാറ്റര്‍ നന്ദി അറിയിച്ചു. മത്സരത്തിന് ശേഷം ഇന്ത്യന്‍ ജേഴ്‌സിയിലുള്ള തന്റെ ചിത്രം ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചുകൊണ്ട്, ദേശീയ ടീമിനെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്നും അവസരം ലഭിക്കുമ്പോഴെല്ലാം തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും താരം കുറിച്ചു. സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഷഫാലി വര്‍മ്മ എന്നിവരുടെ റെക്കോഡുകള്‍ തകര്‍ത്ത് ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ അരങ്ങേറ്റ താരം എന്ന നേട്ടം സ്വന്തമാക്കിയ 15-കാരന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത് ഇങ്ങനെ; 'ഞാന്‍ അതീവ സന്തുഷ്ടനാണ്. എന്നെ നിരന്തരം സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും നന്ദി. എന്റെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ ലഭിച്ച ഈ അവസരത്തില്‍ ഞാന്‍ ഏറെ സന്തോഷവനാണ്. ടീമിനായി കളത്തിലിറങ്ങുന്ന ഓരോ തവണയും എന്റെ ഏറ്റവും മികച്ച പ്രകടനം നല്‍കാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കും. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.' -വൈഭവ് കുറിച്ചു.
ഒരു വലിയ നാഴികക്കല്ല് പിന്നിട്ട താരത്തെ അഭിനന്ദിച്ചും ഭാവിയിലേക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടും നിരവധി ആരാധകരാണ് ഈ വൈകാരിക പോസ്റ്റിന് താഴെ പ്രതികരണങ്ങളുമായി എത്തുന്നത്.
content highlights: This is pure luck; Vaibhav Suryavanshi pens an emotional Instagram post following his debut