

തിരുവനന്തപുരം: സിപിഐഎം ജില്ലാ സെക്രട്ടറി സ്ഥാനത്തില്‍ അതൃപ്തി പ്രകടമാക്കി മുതിര്‍ന്ന നേതാവ് വി ശിവന്‍കുട്ടി. ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതിലാണ് ശിവന്‍കുട്ടിക്ക് കടുത്ത അമര്‍ഷം. ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ശിവന്‍കുട്ടി പങ്കെടുത്തേക്കില്ലെന്നാണ് വിവരം. എംഎല്‍എ വി ജോയിയെ സെക്രട്ടറിയാക്കാന്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന സമിതിയില്‍ ധാരണയായിരുന്നു.
ഇന്നത്തെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ സെക്രട്ടറിയെ ഔദ്യോഗികമായി തെരഞ്ഞെടുക്കും. എന്നാല്‍ എംഎല്‍എ ആയ ആള്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നാണ് വി ശിവന്‍കുട്ടിയുടെ നിലപാട്. സിപിഐഎമ്മിന്റെ സംഘടനാ രീതി അതല്ലെന്നാണ് വിമര്‍ശനം.
ജില്ലയില്‍ നിന്നുളള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലായിരുന്നു ജോയിയെ സെക്രട്ടറിയാക്കുന്ന കാര്യത്തില്‍ ധാരണയായത്. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ക്കല മണ്ഡലത്തില്‍ നിന്നും വീണ്ടും മത്സരിച്ച സാഹചര്യത്തിലായിരുന്നു വി ജോയ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നിന്നത്. പകരം സെക്രട്ടറിയായി രാജ്യസഭാ എം പി എ എ റഹീമിന് സിപിഐഎം ചുമതല നല്‍കിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന ഘട്ടത്തില്‍ ജില്ലാ സെക്രട്ടറി ആയതിനാല്‍ ജോയി സിറ്റിംഗ് സീറ്റായ വര്‍ക്കലയില്‍ മത്സരിക്കേണ്ടെന്ന് സംസ്ഥാന നേതൃത്വം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും ജോയ് മത്സരിച്ചില്ലെങ്കില്‍ വര്‍ക്കല സീറ്റ് നഷ്ടപ്പെടുമെന്ന നിലപാട് സ്വീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വി ജോയ് വര്‍ക്കലയില്‍ മത്സരിക്കുന്നതും ജില്ലാ സെക്രട്ടറിയുടെ ചുമതല ഒഴിയുന്നതും.
Content Highlights: Senior CPM leader V Sivankutty has reportedly expressed dissatisfaction over the appointment to the CPM Thiruvananthapuram District Secretary post, sparking discussions within party circles.