

തന്നെ കുറിച്ചുള്ള തെറ്റായ വിലയിരുത്തലുകളെ തിരുത്തികൊണ്ട് ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശി രംഗത്ത്. തിരുത്തലുകൾക്കൊപ്പം ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള ആഗ്രഹവും ഒപ്പം അതിനായുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് താരം വ്യക്തമാക്കി. ആർആർ ടീം മാനേജര്‍ റോമി ഭിന്ദറുമായി സംസാരിക്കുന്നതിനിടയിലായിരുന്നു റെഡ് ബോള്‍ ക്രിക്കറ്റിനോടുള്ള തന്റെ താല്‍പ്പര്യം സൂര്യവംശി തുറന്ന് പറഞ്ഞത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനായി ത്രസിപ്പിക്കുന്ന പ്രകടനം കാഴ്ച്ചവച്ചതിന് പിന്നാലെയാണ് താരത്തിന് ഇന്ത്യൻ ടീമിലേക്കുള്ള വിളി എത്തിയത്.
'ഞാന്‍ റെഡ് ബോളില്‍ ധാരാളം പരിശീലനം നടത്താറുണ്ട്, ഇപ്പോഴും ഞാൻ അത് തുടരുന്നുമുണ്ട്. ഞാന്‍ സംസ്ഥാനത്തിന് വേണ്ടിയും റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട്. ഓരോ ഫോര്‍മാറ്റിന്റെയും സാഹചര്യം അനുസരിച്ച് ബാറ്റിംഗ് ശൈലിയിൽ മാറ്റം വരുത്താനും എനിക്ക് സാധിക്കും. ടെസ്റ്റിലായാലും ഏകദിനത്തിലായാലും ആ ഫോര്‍മാറ്റ് ആവശ്യപ്പെടുന്നത് പോലെ കളിക്കാനാണ് ഞാന്‍ ശ്രമിക്കുക. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിക്കുക എന്നതാണ് എന്റെ സ്വപ്നം', വൈഭവം മനസുതുറന്നു.
ഇന്ത്യൻ ടീമിൽ ഇടം നേടിയതിന് പിന്നാലെ നിരവധി പ്രമുഖരാണ് വൈഭവ് സൂര്യവംശിക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യൻ മുൻ ടി20 നായകൻ സൂര്യകുമാർ യാദവ്, അജിത് അഗർക്കാർ, സുനിൽ ഗാവസ്‌കർ,എന്നിങ്ങനെ നീളുന്നു ആശംസ അറിയിച്ചവരുടെ പട്ടിക. ഒപ്പം വൈഭവിനെ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് കൂടി പരിഗണിക്കണമെന്നും അഭിപ്രായം ഉയരുന്നുണ്ട്. ആര്‍ അശ്വിന്‍, ചേതേശ്വര്‍ പൂജാര, ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍ എന്നിവര്‍ നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അഭിപ്രായം മുന്നോട്ട് വച്ചിരുന്നു.
Content highlight: Vaibhav Suryavanshi expresses desire to play test and red ball cricket