

പരിശീലക വേഷമണിഞ്ഞ് സ്പാനിഷ് ഫുട്ബോൾ താരം ആന്ദ്രേ ഇനിയേസ്റ്റ. യുഎഇയിലെ മുൻനിര ക്ലബുകളിൽ ഒന്നായ ഗൾഫ് യുണൈറ്റഡിന്റെ മുഖ്യ പരിശീലിക്കാനായാണ് ഇനിയേസ്റ്റ കരാർ ഒപ്പുവച്ചിരിക്കുന്നത്. ഇതേ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും ഇതിനോടകം തന്നെ ക്ലബ് നടത്തിയിട്ടുമുണ്ട്.
'ഒരു പുതിയ അദ്ധ്യായം തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഗൾഫ് യുണൈറ്റഡ് എഫ്സി എന്ന എനിക്ക് തോന്നുന്നു. ഫുട്ബോൾ എനിക്ക് എല്ലാം നൽകി. ഇനി കോച്ചിങ്ങിലൂടെയും, പഠനത്തിലൂടെയും മുന്നോട്ട് പോകാനാണ് ആഗ്രഹം. കഴിവുള്ള യുവ താരങ്ങൾക്കൊപ്പം എല്ലാ ദിവസവും പ്രവർത്തിക്കുന്നതിലൂടെ എനിക്ക് ഫുട്ബോളിന് എന്തെങ്കിലും തിരിച്ച് നൽകണം', ഇനിയേസ്റ്റ വ്യക്തമാക്കി. തന്റെ പ്രൊഫഷണൽ കളിജീവിതത്തിലെ അവസാന സീസൺ യുഎഇയിലെ എമിറേറ്റ്സ്ക് ക്ലബ് എഫ്സിക്കൊപ്പം ചിലവഴിച്ച ശേഷമാണ് അദ്ദേഹം തന്റെ ബൂട്ടഴിച്ചത്.
ഫുട്ബോൾ താരമെന്ന നിലയിൽ പല മത്സരങ്ങളിലും നിർണായക പങ്ക് വഹിച്ചിട്ടുള്ള താരമാണ് ഇനിയേസ്റ്റ. ബാഴ്‌സലോണയുടെ സുവർണകാലത്ത് സാക്ഷാൽ ലയണൽ മെസ്സിക്കൊപ്പം തന്റെ കരുത്ത് കാട്ടിയ താരം കൂടിയാണ് ഇനിയേസ്റ്റ. 2010ൽ ഫിഫ ലോകകപ്പ് കിരീടത്തിൽ സ്പെയിൻ മുത്തമിടുമ്പോൾ നെതെർലാൻഡ്സിനെതിരെ കലാശപ്പോരിൽ നിർണായകമായ വിജയഗോൾ നേടിയതും ഇനിയേസ്റ്റ ആയിരുന്നു. കൂടാതെ, യൂറോ ചാമ്പ്യൻഷിപ്, അനവധി ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, സ്പാനിഷ് ലീഗ് കിരീടങ്ങൾ എന്നിവയും സ്വന്തമാക്കിയിട്ടുണ്ട്. ഈ നേട്ടങ്ങളിലൂടെ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയിട്ടുള്ള മിഡ്‌ഫീൽഡർമാരിൽ ഒരാൾ എന്ന നേട്ടവും ഇനിയേസ്റ്റക്കുണ്ട്.
Content highlight: Andres Iniesta appointed as Gulf United FC coach