

രാജസ്ഥാൻ റോയൽസിനു കിരീടം ഉയർത്താൻ സാധിച്ചില്ലെങ്കിലും ഐപിഎൽ 2026 സീസൺ തൂക്കിയത് വൈഭവ് സൂര്യവംശിയാണ്. റൺവേട്ടക്കാരിൽ ഒന്നാമനായ വൈഭവ്, ഓറഞ്ച് ക്യാപ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളാണ് ഏറ്റുവാങ്ങിയത്. രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനോട് തോറ്റാണ് രാജസ്ഥാൻ റോയൽസ് ഐപിഎലിൽനിന്നു പുറത്തായത്.
മത്സരത്തിൽ വൈഭവ് 96 റൺസ് നേടി തിളങ്ങിയെങ്കിലും രാജസ്ഥാന് പരാജയം സമ്മതിക്കേണ്ടി വന്നു. 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത്, എട്ടു പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു.
ഐപിഎൽ ഫൈനലിനു പിന്നാലെ ടൂർണമെന്റിലെ ‘മോസ്റ്റ് വാല്യൂബിൾ പ്ലെയർ’ (ഏറ്റവും മികച്ച താരം) പുരസ്കാരം ഏറ്റുവാങ്ങിയ വൈഭവ് മത്സരത്തെക്കുറിച്ചും സംസാരിച്ചു. രാജസ്ഥാന്റെ തോൽവിയിൽ തനിക്കും പങ്കുണ്ടെന്ന് താരം സ്വയം കുറ്റപ്പെടുത്തി. ഗുജറാത്തിനെതിരെ ക്വാളിഫയറിൽ രാജസ്ഥാന് 10–12 റൺസിന്റെ കുറവുണ്ടായിരുന്നെന്നും മിഡിൽ ഓവറുകളിൽ താൻ സ്ട്രൈക്ക് നിലനിർത്തണമായിരുന്നെന്നും വൈഭവ് പറഞ്ഞു.
बीच के ओवर में मुझे ज्यादा स्ट्राइक पर रहना चाहिए था मुझसे गलती हुई कि मैं रह सका...~वैभव सूर्यवंशी pic.twitter.com/heuWmlqgOc
— The Bihari Girl (@varunavi17) June 1, 2026
പോയിന്റ് പട്ടികയിൽ നാലാം സ്ഥാനക്കാരായി പ്ലേഓഫിൽ കടന്ന രാജസ്ഥാൻ, എലിമിനേറ്ററിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ചാണ് ക്വാളിഫയറിൽ എത്തിയത്. എന്നാൽ ക്വാളിഫയറിൽ കാലിടറുകയായിരുന്നു. 2022ൽ സഞ്ജു സാംസന്റെ കീഴിലാണ് രാജസ്ഥാൻ ഒടുവിൽ ഐപിഎൽ ഫൈനൽ കളിച്ചത്.
അതേസമയം, ഓറഞ്ച് ക്യാപ്, മോസ്റ്റ് വാല്യൂബിൾ പ്ലെയർ എന്നിവ കൂടാതെ എമർജിങ് പ്ലെയർ ഓഫ് ദ് സീസൺ, സൂപ്പർ സ്ട്രൈക്കർ ഓഫ് ദ് സീസൺ, സൂപ്പർ സിക്സസ് ഓഫ് ദ് സീസൺ എന്നീ പുരസ്കാരങ്ങളാണ് വൈഭവിനു ലഭിച്ചത്. 776 റൺസ് നേടിയാണ് വൈഭവ് സീസണിലെ ഏറ്റവും ഉയർന്ന റൺവേട്ടക്കാരനായത്. ഒരു സെഞ്ചറി നേടിയ താരം, മൂന്നു തവണയാണ് 90കളിൽ പുറത്തായത്.
Content highlight: