കേരളത്തിലെ സ്വർണത്തിന് ഇതെന്ത് പറ്റി: മൂന്ന് ദിവസമായി അനക്കമില്ല; ഒരേ വില തുടരുന്നു

ജനുവരി 29-ന് രേഖപ്പെടുത്തിയ പവന് 131160 രൂപ എന്ന എക്കാലത്തെയും ഉയർന്ന റെക്കോർഡ് നിരക്കിൽ നിന്നും കുറഞ്ഞ നിലയിലാണ് നിരക്ക്

കേരളത്തിലെ സ്വർണത്തിന് ഇതെന്ത് പറ്റി: മൂന്ന് ദിവസമായി അനക്കമില്ല; ഒരേ വില തുടരുന്നു
അജ്മല്‍ എം കെ
3 min read|03 Jun 2026, 11:22 am
dot image

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നു. 22 ക്യാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 14320 രൂപയും പവന് 114560 രൂപയുമാണ് ഇന്നത്തെ നിരക്ക്. ജൂണ്‍ ഒന്നാം തിയതി മുതല്‍ സംസ്ഥാനത്ത് സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് പവന് വലിയ മാറ്റമില്ലെങ്കിലും, എക്കാലത്തെയും ഉയർന്ന റെക്കോർഡുകളിൽ നിന്ന് നേരിയ ആശ്വാസം നൽകുന്ന ഇടിവിലാണ് നിലവിൽ വിപണി തുടരുന്നത്.

സംസ്ഥാനത്ത് വെള്ളി വിലയും മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയ്ക്ക് 280 രൂപയും 10 ഗ്രാമിന് 2800 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. ഇന്നലത്തെ വിപണി വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ന് 22 ക്യാരറ്റ് നിരക്കിൽ മാറ്റമില്ലെങ്കിലും, 18 ക്യാരറ്റ് സ്വർണ്ണവിലയിൽ ഗ്രാമിന് 65 രൂപയുടെ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ഗ്രാമിന് 11765 രൂപയായിരുന്ന 18 ക്യാരറ്റ് സ്വർണ്ണത്തിന് ഇന്ന് 11830 രൂപയാണ് വിപണി നിരക്ക്. ജനുവരി 29-ന് രേഖപ്പെടുത്തിയ പവന് 131160 രൂപ എന്ന എക്കാലത്തെയും ഉയർന്ന റെക്കോർഡ് നിരക്കിൽ നിന്നും ഇടിഞ്ഞതിന് ശേഷമാണ് വിപണി ഇപ്പോൾ ഒരു സ്ഥിരതയാർന്ന ഉയർന്ന തലത്തിൽ തുടരുന്നത്.

നിലവിലെ സ്വർണ്ണവില ഇത്രയും ഉയർന്ന നിരക്കിൽ തുടരുന്നതിനും വിപണിയിൽ സ്ഥിരത പ്രകടമാകുന്നതിനും പിന്നിൽ പല നിർണ്ണായക സാമ്പത്തിക ഘടകങ്ങളുണ്ട്. അമേരിക്കൻ ഫെഡറൽ റിസർവ്വിന്റെ പലിശനിരക്ക് സംബന്ധിച്ച തീരുമാനങ്ങളും പണപ്പെരുപ്പ സൂചികകളും ആഗോളതലത്തിൽ ഡോളറിന്റെ മൂല്യത്തെ സ്വാധീനിക്കുന്നതും, ഡോളർ സൂചികയിലുണ്ടാകുന്ന നേരിയ വ്യതിയാനങ്ങൾ നിക്ഷേപകരെ സുരക്ഷിത നിക്ഷേപമായ സ്വർണ്ണത്തിലേക്ക് ആകർഷിക്കുന്നതും വിലയെ സ്വാധീനിക്കുന്നു.

ഇതോടൊപ്പം അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന രാഷ്ട്രീയ-യുദ്ധ സാഹചര്യങ്ങൾ കാരണം ആഗോള കേന്ദ്ര ബാങ്കുകൾ തങ്ങളുടെ കരുതൽ ശേഖരമായി സ്വർണ്ണം വൻതോതിൽ വാങ്ങിക്കൂട്ടുന്നത് തുടരുന്നതും വില താഴോട്ട് പോകാതെ പിടുത്തുനിർത്താൻ സഹായിക്കുന്നുണ്ട്. ഇന്ത്യയിൽ വിവാഹ-ഉത്സവ സീസണുകൾ തുടരുന്നതിനാൽ ആഭ്യന്തര വിപണിയിൽ ഭൗതിക സ്വർണ്ണത്തിനായുള്ള ആവശ്യകത ശക്തമായി തുടരുകയാണ്. കൂടാതെ രൂപയുടെ മൂല്യത്തിൽ ഡോളറിനെതിരെ ഉണ്ടാകുന്ന ഇടിവ് ഇന്ത്യയിൽ ഇറക്കുമതിച്ചെലവ് വർദ്ധിപ്പിക്കുകയും തദ്ദേശീയമായി വില ഉയർന്നു നിൽക്കാൻ കാരണമാകുകയും ചെയ്യുന്നു.

നിലവിലെ ആഗോള സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ വിപണിയിൽ പെട്ടെന്നുള്ള വലിയൊരു ഇടിവ് വിദഗ്ധർ പ്രവചിക്കുന്നില്ല. അതിനാൽ ദീർഘകാല നിക്ഷേപകർക്ക് നിലവിലെ ഈ കൺസോളിഡേഷൻ ഘട്ടം ഘട്ടമായുള്ള നിക്ഷേപത്തിന് (SIP മോഡൽ) തികച്ചും അനുയോജ്യമാണെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.

Content Highlights: Gold prices in Kerala remained unchanged for the third straight day, indicating a period of stability after recent fluctuations. The lack of movement comes amid mixed signals from international markets, currency trends, and investor sentiment, with buyers and traders awaiting the next major trigger for price changes.

dot image
To advertise here,contact us
dot image