

ഐപിഎല്‍ ഒന്നാം ക്വാളിഫയര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് മുന്നില്‍ ഗുജറാത്ത് ടൈറ്റന്‍സ് വൻ തോൽവിയാണ് ഏറ്റുവാങ്ങിയത്. 92 റൺസിന്റെ വൻ വിജയമാണ് ആർസിബി നേടിയത്.ആദ്യം ബാറ്റ് ചെയ്ത് ആർസിബി ഉയർത്തിയ 255 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് 162 റൺസിന് ഓൾ ഔട്ടായി.
തുടക്കത്തിൽ തന്നെ ടോപ് ത്രീ ബാറ്റർമാർ കൂടാരം കയറിയത് വലിയ തിരിച്ചടിയായി.ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വിചിത്രമായ രീതിയിലാണ് സായ് സുദര്‍ശന്‍ ഹിറ്റ് വിക്കറ്റ് ആയി പുറത്തായത്. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ പോലും ആരാധകര്‍ക്ക് പ്രയാസമായിരുന്നു.
ഗുജറാത്ത് ഇന്നിങ്‌സിന്റെ മൂന്നാം ഓവറിലായിരുന്നു നാടകീയമായ ആ സംഭവം. ആര്‍സിബി പേസര്‍ ജേക്കബ് ഡഫിയുടെ പന്തില്‍ ഓഫ് സൈഡിലേക്ക് ഒരു കട്ട് ഷോട്ടിന് ശ്രമിച്ചതായിരുന്നു സുദര്‍ശന്‍. പന്ത് ബാറ്റില്‍ തട്ടിയ ഉടന്‍ തന്നെ റണ്ണിനായി താരം മുന്നോട്ട് കുതിച്ചു.
എന്നാല്‍ ഷോട്ട് കളിച്ചതിന് ശേഷം പിടിവിട്ട് ബാറ്റ് താരത്തിന്റെ കൈകളില്‍ നിന്ന് വഴുതിപ്പോവുകയായിരുന്നു. സുദര്‍ശന്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക് ഓടുന്നതിനിടെ, വായുവില്‍ ഉയര്‍ന്ന ബാറ്റ് പുറകോട്ട് തെറിച്ച് വന്ന് സ്റ്റംപില്‍ ഇടിക്കുകയും ബെയില്‍സ് തെറിക്കുകയുമായിരുന്നു. ഇതോടെ വിചിത്രമായ രീതിയില്‍ പുറത്തായി താരം മടങ്ങി.
content highlights: sai sudharsan bizarre hit wicket dismissal video rcb vs gt ipl 2026 qualifier 1