

ഈ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സ് അവസാനം കളിച്ച രണ്ട് മത്സരങ്ങളിൽ തുടർ തോൽവികൾ വഴങ്ങിയതോടെ പ്ലേഓഫ് പ്രതീക്ഷകൾക്ക് തിരിച്ചടിയായിരിക്കുകയാണ്. മെയ് പതിനഞ്ചിന് ലഖ്‌നൗ സൂപ്പർ ജയ്ന്റ്സിനോടും മെയ് പതിനെട്ടിന് സൺറൈസേഴ്‌സ് ഹൈദരാബാദിനോടുമേറ്റ തോൽവികളാണ് ചെന്നൈക്ക് തിരിച്ചടിയായത്. ആറ് ജയവും ഏഴ് തോൽവികളും അടക്കം പന്ത്രണ്ട് പോയിന്റിയോടെ നിലവിൽ പോയിന്‍റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് സിഎസ്കെ.
ഈ സീസണിൽ തങ്ങളുടെ പ്ലേഓഫ് സാധ്യത നേരിയ രീതിയ്റ്റിൽ എങ്കിലും നിലനിർത്താൻ ചെന്നൈക്ക് ഇന്നത്തെ ജയം അനിവാര്യമാണ്. എങ്കിലും മറ്റ് ടീമുകളുടെ കൂടി മത്സരഫലങ്ങളെ ആശ്രയിച്ചാകും മഞ്ഞപ്പടയുടെ പ്ലേഓഫിലേക്കുള്ള ടിക്കറ്റ് എടുക്കൽ. ഇന്ന് തേറ്റാല്‍, ഐപിഎല്ലിൽ തുടർച്ചയായ മൂന്നാം സീസണിലും പ്ലേ ഓഫ് കാണാതെ ചെന്നൈ പുറത്ത് എന്നതിലേക്കാകും ചെന്നൈ അടുക്കുന്നത്. കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് ശേഷം അടുത്ത സീസണിൽ ശക്തമായി തിരിച്ചുവരുമെന്ന് ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ് പറഞ്ഞത് ടീമിന്‍റെ നിലവിലെ ആത്മവിശ്വാസക്കുറവാണ് വ്യക്തമാക്കുന്നത്. ഒപ്പം ടീമിലെ പ്രമുഖ താരങ്ങളുടെ പരിക്കും ഈ സീസണിൽ ചെന്നൈയ്ക്ക് വലിയ തിരിച്ചടിയായി മാറി. ഇന്ന് ഗുജറാത്തിനെതിരെ വലിയ മാർജിനിൽ ജയിക്കുന്നതിനൊപ്പം മറ്റ് ടീമുകളുടെ മത്സരഫലങ്ങൾ കൂടി അനുകൂലമായാൽ മാത്രമേ ചെന്നൈയ്ക്ക് നാലാം സ്ഥാനക്കാരായി പ്ലേ ഓഫിൽ കടക്കാനാകൂ.
പതിമൂന്ന് മത്സരങ്ങളിൽ നിന്ന് പതിനാറ് പോയിന്റുമായി പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കിയ ശുഭ്മാൻ ഗില്ലിന്‍റെ ഗുജറാത്ത് ടൈറ്റൻസാണ് ഇന്നത്തെ ചെന്നൈയുടെ എതിരാളികൾ. അവസാന അഞ്ച് സീസണുകളിൽ നാല് തവണയും ഗുജറാത്ത് ടൈറ്റൻസ് പ്ലേഓഫിൽ എത്തിയിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും ഒരേപോലെ മികച്ച ഫോമിലുള്ള ഗുജറാത്തിനെ അവരുടെ തട്ടകത്തിൽ വീഴ്ത്തുക റുതുരാജിനും സംഘത്തിനും അത്ര എളുപ്പമാകില്ല.
Content highlight: IPL 2026: Chennai Super Kings playoff chances