

രാവിലെ വിജയ്‌യുടെ സത്യപ്രതിഞ്ജയില്‍, വൈകീട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ജേഴ്‌സിയില്‍ ചെപ്പോക്കില്‍..? വിജയ്‌യും അന്‍ഷുല്‍ കംബോജും തമ്മിലെന്താണ് ബന്ധമെന്നാണ് സാമൂഹിക മാധ്യമങ്ങള്‍ ചോദിക്കുന്നത്. അതിന് കാരണവുമുണ്ട്. ഐപിഎല്‍ ക്രിക്കറ്റില്‍ പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കി തിളങ്ങുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം അന്‍ഷുല്‍ കംബോജ്. 11 കളിയില്‍ 19 വിക്കറ്റാണ് താരത്തിനുള്ളത്. രണ്ടാമതുള്ള കാഗിസോ റബാദയ്ക്ക് ഇത്രയും കളികളില്‍ 18 വിക്കറ്റുകളാണുള്ളത്. ഈ ഐപിഎല്‍ സീസണില്‍ മികച്ച പ്രകടനമാണ് അന്‍ഷുല്‍ കംബോജിന്റേത്. ചെന്നൈയുടെ മികച്ച വിജയങ്ങളിലെല്ലാം കംബോജിന്റെ സാന്നിധ്യവും നിര്‍ണായകമായിരുന്നു. പല മത്സരങ്ങളിലും ജയിക്കാനായത് കംബോജ് നേടിയ നിര്‍ണായക വിക്കറ്റുകളുമാണ്.
എന്നാല്‍ ഇന്ന്, കംബോജിന്റെ മത്സരത്തിലെ പ്രകടനം മാത്രമല്ല ചര്‍ച്ചയായത്. അദ്ദേഹം വിജയ്‌യുടെ പരിപാടിയില്‍ പങ്കെടുത്തതിനെക്കുറിച്ചാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച. വിജയിയുടെ സത്യപ്രതിഞ്ജ ചടങ്ങില്‍ സുരക്ഷാ ഉദ്യോഗസ്ഥനെ ചൂണ്ടിക്കാട്ടിയാണ് പലരും അന്‍ഷുല്‍ കംബോജാണ് ഇതെന്ന് പറഞ്ഞ് പ്രചാരണം തുടങ്ങിയത്. സംഭവം രസകരമായി പ്രചരിച്ചതോടെ രവിചന്ദ്രന്‍ അശ്വിനും പോസ്റ്റ് ചെയ്തു. 'ഇന്ന് മത്സര ദിവസമാണെന്നും എത്രയും വേഗം ചെപ്പോക്കിലേക്ക് പോകൂ' എന്നായിരുന്നു അശ്വിന്‍ എക്‌സില്‍ കുറിച്ചത്. 'അന്‍ഷുല്‍ കംബോജിന് ഇന്ന് ഇരട്ട ഡ്യൂട്ടിയാണെന്നായിരുന്നു' മറ്റൊരു കമന്റ്. 'അന്‍ഷുല്‍ കംബോജിനെ അഭിനന്ദിക്കുന്നുവെന്നും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞാല്‍ അദ്ദേഹം ചെന്നൈ ടീമിനൊപ്പം ചേരണമെന്നും' കമന്റ് ചെയ്ത് ക്രിക്കറ്റ് പ്രേമികളും രംഗം കൊഴുപ്പിച്ചു.
സോഷ്യല്‍ മീഡിയ പ്രചാരണം മുറുകിയതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സും രംഗത്തെത്തി. ആരും പേടിക്കേണ്ടെന്നും അന്‍ഷുല്‍ കംബോജ് ഇവിടെയുണ്ടെന്നും പറഞ്ഞ് താരം പരിശീലനം നടത്തുന്ന വിഡിയോ പുറത്തുവിട്ടു.
content highlights: Anshul Kamboj at Vijay’s oath-taking ceremony? Visuals go viral