

ക്ഷീണവും ഉറക്കവും തോന്നുന്ന സമയങ്ങളില്‍ വാഹനം ഓടിക്കുന്നത് വലിയ അപടങ്ങള്‍ക്ക് കാരണമാകുമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം. ഇത്തരത്തില്‍ രാജ്യത്ത് നടന്ന അപകടങ്ങളുടെ കണക്കും മന്ത്രാലയം പുറത്തുവിട്ടു. ക്ഷീണം അനുഭവപ്പെട്ടാല്‍ ഡ്രൈവിങ് ഒഴിവാക്കണമെന്നും ആവശ്യത്തിന് വിശ്രമിക്കണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
തളര്‍ച്ചയോടെ വാഹനം ഓടിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പോടെയാണ് മുന്‍ വര്‍ഷങ്ങളില്‍ നടന്ന വാഹനാപകടങ്ങളുടെ കണക്ക് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടത്. 2025ല്‍ ഇത്തരത്തില്‍ 20 വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ അപകടങ്ങള്‍ കുറയുന്ന പ്രവണത നിലവിലുണ്ടെങ്കിലും അപകടസാധ്യത ഇപ്പോഴും നിലനില്‍ക്കുന്നതായി മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ക്ഷീണമുള്ള സമയത്ത് വാഹനം ഓടിച്ച 113 പേരാണ് 2022 മുതല്‍ 2025 വരെയുള്ള കാലയളവില്‍ അപകടത്തില്‍പെട്ടത്.
ഡ്രൈവര്‍മാരുടെ ശ്രദ്ധക്കുറവും ഉറക്കവും പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2022ല്‍ അബുദാബയില്‍ 28 അപകടങ്ങളും ദുബായില്‍ രണ്ട് അപകടങ്ങളും ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ഷാര്‍ജ-4, റാസല്‍ഖൈമ-2, ഉമ്മല്‍ ഖുവൈന്‍-1 എന്നിങ്ങനെയാണ് മറ്റ് എമിറേറ്റിലെ കണക്കുകള്‍.
അതേസമയം 2023ല്‍ അബുദാബിയില്‍ 25 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ദുബായില്‍ രണ്ടും റാസല്‍ഖൈമയില്‍ ഒരു അപകടവും ഇക്കാലയളവില്‍ ഉണ്ടായി. 2024ല്‍ ആകെ 27 അപകടങ്ങളാണ് ഉണ്ടായത്. 23 അപകടങ്ങള്‍ നടന്ന അബുദാബി എമിറേറ്റ് ആണ് മുന്നില്‍. ദുബായ്, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ രണ്ട് വീതം അപകടങ്ങളും ഉണ്ടായി. പൊതുജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി രാജ്യത്തുടനീളം ട്രാഫിക് വിഭാഗങ്ങള്‍ പ്രത്യേക ക്യാമ്പയിനും ശക്തമാക്കി.
ക്ഷീണിതരായിരിക്കുമ്പോള്‍ വാഹനമോടിക്കുന്നത് റെഡ് സിഗ്‌നല്‍ ലംഘനം, ലെയിന്‍ തെറ്റിക്കല്‍ തുടങ്ങിയ അപകടകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ക്ഷീണം അനുഭവപ്പെടുമ്പോള്‍ വാഹനമോടിക്കുന്നത് ഒഴിവാക്കുകയും ആവശ്യത്തിന് വിശ്രമിക്കുകയും വേണം. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
Content Highlights: UAE authorities have issued a strong warning against driving while feeling sleepy. Drowsy driving significantly increases the risk of major road accidents, and motorists are advised to take rest before driving to ensure safety.