എന്തുപറ്റി സഞ്ജുവിന്? ലൈഫ്‌ലൈനിലും രക്ഷയില്ല; പിഴവ് ആവര്‍ത്തിച്ച് പുറത്ത്

മുംബൈ ഇന്ത്യന്‍സിനെതിരെ ജസ്പ്രീത് ബുംറയുടെ പന്തിലാണ് സഞ്ജു സാംസണ്‍ പുറത്തായത്

എന്തുപറ്റി സഞ്ജുവിന്? ലൈഫ്‌ലൈനിലും രക്ഷയില്ല; പിഴവ് ആവര്‍ത്തിച്ച് പുറത്ത്
dot image

രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ഭാഗ്യംകൊണ്ട് നീട്ടിക്കിട്ടിയതായിരുന്നു സഞ്ജു സാംസണിന്റെ ഇന്നിങ്‌സ്. വെറും ആറുറണ്‍സ് എടുത്തിരിക്കെയായിരുന്നു തലനാരിഴയ്ക്ക് സഞ്ജു സാംസണ്‍ രക്ഷപ്പെട്ടത്. പക്ഷെ, രണ്ടാം ഓവറിലെ ആറാം പന്തില്‍ അതേ ആവര്‍ത്തനമാണ് സംഭവിച്ചത്. കീപ്പര്‍ ക്യാച്ച് നല്‍കിയായിരുന്നു സഞ്ജുവിന്റെ മടക്കം.

മുംബൈക്കെതിരെ നിലയുറപ്പിച്ച് പൊരുതാനുള്ള സഞ്ജുവിന്റെ നീക്കത്തെയാണ് കെണിയൊരുക്കി ബുംറ പ്രതിരോധിച്ചത്. ബുംറയുടെ പന്തില്‍ വന്ന വളരെ എളുപ്പം എടുക്കാമായിരുന്ന ക്യാച്ച് വില്‍ ജാക്‌സാണ് ഫസ്റ്റ് സ്ലിപ്പില്‍വെച്ച് നഷ്ടമാക്കിയത്. സഞ്ജിവിന്റെ പുറത്താക്കാനുള്ള അവസരം നഷ്ടമായത് മുംബൈക്കും തിരിച്ചടിയായി. തൊട്ടടുത്ത പന്തില്‍ ഒരു റണ്‍സെടുത്ത സഞ്ജു സ്‌ട്രൈക്ക് മാറി. ഗെയ്ക്വാദും തൊട്ടടുത്ത പന്തില്‍ സിംഗിളെടുത്ത് സ്‌ട്രൈക്ക് വീണ്ടും സഞ്ജുവിന് കൈമാറി. നാലാം പന്ത് മിസ്സാക്കിയ സഞ്ജു തൊട്ടടുത്ത പന്തില്‍ ബൗണ്ടറി നേടി. അവസാന പന്തില്‍ വിക്കറ്റ് കീപ്പര്‍ റയാന്‍ റിക്കള്‍ട്ടണ് ക്യാച്ച് നല്‍കി മടങ്ങി. ഒരുവേള ലൈഫ്‌ലൈന്‍ ലഭിച്ചപ്പോള്‍ സഞ്ജുവിന്റെ മനോഹര ഇന്നിങ്‌സ് പ്രതീക്ഷിച്ചയിടത്തുനിന്നാണ് ചെന്നൈ താരം അതിവേഗം ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്. ഒമ്പത് പന്തില്‍ വെറും 11 റണ്‍സ് മാത്രമാണ് സഞ്ജു മുംബൈക്കെതിരെ ചെപ്പോക്കില്‍ എടുത്തത്.

ഈ സീസണിലെ എട്ടുമത്സരങ്ങളില്‍ രണ്ടു സെഞ്ചുറി നേടിയ സഞ്ജു സാംസണ്‍, കഴിഞ്ഞ മത്സരത്തിലും 11 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്. ഗുജറാത്തിനെതിരായ മത്സരത്തില്‍ 15 പന്തിലാണ് 11 റണ്‍സെടുത്തത്. മുംബൈക്കെതിരെ വാംഖഡെയില്‍ നടന്ന മത്സരത്തില്‍ സഞ്ജു സെഞ്ചുറി നേടിയിരുന്നു. പുറത്താകാതെ നേടിയ 101 റണ്‍സിന്റെ ബലത്തിലാണ് അന്ന് ചെന്നൈ മുംബൈയെ കീഴടക്കിയത്.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയും സഞ്ജു സെഞ്ചുറി നേടിയിരുന്നു. പുറത്താകാതെ അന്ന് നേടിയത് 115 റണ്‍സ്. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ 48 റണ്‍സുമെടുത്തിരുന്നു. എന്നാല്‍, ആറുമത്സരങ്ങളില്‍ സഞ്ജു തീര്‍ത്തും നിരാശപ്പെടുത്തി. രാജസ്ഥാനെതിരായ മത്സരത്തില്‍ ആറ്, പഞ്ചാബിനെതിരെ ഏഴ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ഒമ്പത്, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഏഴ് എന്നിങ്ങനെയാണ് സ്‌കോര്‍. ചെന്നൈയുടെ ജയത്തിന് സഞ്ജുവിന്റെ പോരാട്ടം നിര്‍ണായകമാണെന്നിരിക്കെ താരത്തിന്റെ മോശം പ്രകടനം ടീമിന്റെ ബാറ്റിങ് കരുത്തിനെും ബാധിക്കുന്നുണ്ട്. സഞ്ജുവിന്റെ സ്ഥിരത നഷ്ടമാകുന്നത് ടീമിനെ ആശങ്കയിലാഴ്ത്തുകയാണ്.

content highlights: What happened to Sanju? No luck despite a 'life-line'; gets out after repeating the mistake

dot image
To advertise here,contact us
dot image