ചെന്നൈ അല്ലാതെ മറ്റാര്! എല്‍ ക്ലാസിക്കോ രണ്ടാം മത്സരത്തിലും ജയിച്ച് ചെന്നൈ

മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചത് എട്ടുവിക്കറ്റിന്, ഗെയ്ക്വാദിനും കാര്‍ത്തിക് ശര്‍മയ്ക്കും അര്‍ധ സെഞ്ചുറി

ചെന്നൈ അല്ലാതെ മറ്റാര്! എല്‍ ക്ലാസിക്കോ രണ്ടാം മത്സരത്തിലും ജയിച്ച് ചെന്നൈ
dot image

ആദ്യം പന്തുകൊണ്ട്, പിന്നെ ബാറ്റുകൊണ്ട്..! ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ പോരില്‍ തുടര്‍ച്ചയായ രണ്ടാം മത്സരവും ജയിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. മുംബൈ ഇന്ത്യന്‍സിനെ 11 പന്തുകള്‍ ശേഷിക്കെ എട്ടുവിക്കറ്റിനാണ് തോല്‍പ്പിച്ചത്. നായകന്‍ റുതുരാജ് ഗെയ്ക്വാദും ഇംപാക്റ്റ് പ്ലെയര്‍ കാര്‍ത്തിക് ശര്‍മയുമാണ് വിജയശില്‍പ്പികള്‍. ഗെയ്ക്വാദ് 67 റണ്‍സെടുത്തു. കാര്‍ത്തിക് ശര്‍മ 54 റണ്‍സ് നേടി. സഞ്ജു സാംസണിന് (11) തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഫോമിലേക്കെത്താനായില്ല. ഉര്‍വില്‍ പട്ടേല്‍ 24 റണ്‍സെടുത്തു. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 160 റണ്‍സ് ലക്ഷ്യമിട്ട ചെന്നൈ, പവര്‍പ്ലേയിലും മിഡില്‍ ഓവറുകളിലും മികച്ച പ്രകടനമാണ് നടത്തിയത്. ഓപ്പണിങ് കൂട്ടുകെട്ട് കാര്യമായ നേട്ടമുണ്ടാക്കാനായില്ലെങ്കിലും മൂന്നാം വിക്കറ്റില്‍ ഗെയ്ക്വാദ്-കാര്‍ത്തിക് ശര്‍മ സഖ്യം 75 പന്തില്‍ 98 റണ്‍സെടുത്ത് ടീമിന്റെ നട്ടെല്ലായി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ചുറി നേടിയ ഗെയ്ക്വാദ് ഫോമിലേക്കെത്തിയതിന്റെ സൂചനയും നല്‍കി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ ഇന്ത്യന്‍സിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് വരിഞ്ഞുമുറുക്കിയിരുന്നു. ആതിഥേയ ടീമിന്റെ ബൗളിങ് സംഘത്തിന്റെ മിന്നുന്ന പ്രകടനമാണ് മുംബൈയെ വലച്ചത്. മുംബൈ 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണെടുത്തത്. സ്‌കോര്‍ ബോര്‍ഡില്‍ ആദ്യറണ്‍സ് പിറന്നപ്പോഴേക്കുതന്നെ ഓപ്പണര്‍ വില്‍ ജാക്‌സിനെ നഷ്ടമായത് മുംബൈക്ക് ഷോക്കായി. എന്നാല്‍ റയാന്‍ റിക്കള്‍ട്ടണും നമന്‍ ധിറും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം ആശ്വാസമേകി. റിക്കള്‍ട്ടണ്‍ 37 റണ്‍സെടുത്തു. 24 പന്തില്‍ അഞ്ചുസിക്‌സുകളുടെ അകമ്പടിയോടെയായിരുന്നു നേട്ടം. നമന്‍ ധിര്‍ 57 റണ്‍സെടുത്താണ് മടങ്ങിയത്. 37 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും ഇന്നിങ്‌സിലുണ്ടായിരുന്നു.

സൂര്യകുമാര്‍ യാദവിന് ഈമത്സരത്തിലും തിളങ്ങാനായില്ല. തിലക് വര്‍മയും (അഞ്ച്) നിരാശപ്പെടുത്തിയാണ് മടങ്ങിയത്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കും ചെന്നൈ ബൗളിങ്ങിന് മുന്നില്‍ കാര്യമായി ചെയ്യാനായില്ല. 18 റണ്‍സെടുത്ത് നായകനും അതിവേഗം മടങ്ങി. റോബിന്‍ മിന്‍സ് അഞ്ചു റണ്‍സെടുത്തു. അന്‍ഷുല്‍ കംബോജിന് മുന്നില്‍ ബൗള്‍ഡായാണ് മടങ്ങിയത്. ക്രിഷ് ഭഗത് മൂന്നും ട്രെന്‍ഡ് ബോള്‍ട്ട് ഏഴുറണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. ചെന്നൈയ്ക്കുവേണ്ടി അന്‍ഷുല്‍ കംബോജ് നാലോവറില്‍ 32 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തി. നൂര്‍ അഹമ്മദ് നാലോവറില്‍ 26 റണ്‍സ് വഴങ്ങി രണ്ടുവിക്കറ്റെടുത്തു. രാമകൃഷ്ണ ഘോഷ്, ജാമി ഓവര്‍ട്ടണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

contents highlights: Chennai wins the second El Clasico match as well

dot image
To advertise here,contact us
dot image