

ഫീൽഡിങ്ങിനിടെ തലയ്‌ക്കേറ്റ പരിക്കില്‍ നിന്നും പൂർണ മോചിതനായി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കി എന്‍ഗിഡി. മെയ് ഒന്നിന് രാജസ്ഥാന്‍ റോയല്‍സിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി എന്‍ഗിഡി നെറ്റ്സില്‍ പന്തെറിയുന്ന വീഡിയോ ഡല്‍ഹി ക്യാപിറ്റല്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ചു.
25ന് ഡല്‍ഹിയില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിനിടെയായിരുന്നു താരത്തിന് പരിക്കേറ്റത്. പഞ്ചാബ് ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയുടെ ക്യാച്ച് എടുക്കാനുള്ള ശ്രമത്തിനിടെ പിന്നിലേക്ക് മറിഞ്ഞുവീണ എന്‍ഗിഡിയുടെ തല നിലത്ത് ശക്തമായി അടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഗ്രൗണ്ടില്‍ വീണ താരത്തെ സ്‌ട്രെച്ചറിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഇന്ന് ഡല്‍ഹി പുറത്തുവിട്ട വീഡിയോയില്‍ താരം പൂര്‍ണ്ണ വേഗതയില്‍ പന്തെറിയുന്നതും വിക്കറ്റ് വീഴ്ത്തി ആഘോഷിക്കുന്നതും കാണാം. ഡല്‍ഹി താരം കെയ്ല്‍ ജാമിസണ്‍ 'എന്‍ഗിഡി തിരിച്ചെത്തിയിരിക്കുന്നു' എന്ന് ആവേശത്തോടെ പറയുന്നതും വീഡിയോയിലുണ്ട്.
പരിക്കിനെത്തുടര്‍ന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ കഴിഞ്ഞ മത്സരം താരത്തിന് നഷ്ടമായിരുന്നു. ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ എന്‍ഗിഡി കളിക്കും എന്നാണ് റിപ്പോർട്ടുകൾ.
സീസണില്‍ ഡല്‍ഹിക്കായി മികച്ച പ്രകടനം നടത്തുന്ന എന്‍ഗിഡി ആറ് മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള ഡല്‍ഹിക്ക് പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ രാജസ്ഥാനെതിരെ ജയം നിർണായകമാണ്.
Content highlights: lungi ngidi returns from injury available for rajasthan royals match ipl 2026