'ഒരുപാട് നാളുകള്‍ക്കു ശേഷം നമ്മള്‍ ഒരുമിച്ചു വരുന്ന സിനിമയല്ലേ, പ്രേക്ഷകര്‍ പ്രതീക്ഷയിലാണ്'

പേട്രിയറ്റ് സിനിമയുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാം ലൈവില്‍ ഒന്നിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

'ഒരുപാട് നാളുകള്‍ക്കു ശേഷം നമ്മള്‍ ഒരുമിച്ചു വരുന്ന സിനിമയല്ലേ, പ്രേക്ഷകര്‍ പ്രതീക്ഷയിലാണ്'
dot image

സിനിമാപ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. 18 വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചെത്തുന്ന എന്ന പ്രത്യേകതയോടു കൂടിയാണ് സിനിമ തീയേറ്ററില്‍ എത്തുന്നത്. മഹേഷ് നാരായണന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുവെന്നത് പടത്തിന്റെ ഹൈപ്പ് കൂട്ടുകയാണ്. നാളെ ചിത്രം റിലീസാകാനിരിക്കെ മോഹന്‍ലാലും മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ഒന്നിച്ചുള്ള ഇന്‍സ്റ്റാഗ്രാം ലൈവ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

മമ്മൂട്ടിയും ചാക്കോച്ചനും കൊച്ചിയിലും മോഹന്‍ലാല്‍ ന്യൂയോര്‍ക്കിലും നിന്നാണ് ലൈവില്‍ എത്തിയത്. നാളെ തങ്ങളെല്ലാം അഭിനയിച്ച വലിയൊരു സിനിമയുടെ റിലീസായിട്ടും വളരെ കാഷ്വലായിട്ടുള്ള തമാശകളും മറ്റും നിറഞ്ഞ സംസാരമെല്ലാം പ്രേക്ഷകരെ കൂടുതല്‍ ആവേശത്തിലാക്കിയിരിക്കുകയാണ്. 34,000ത്തിലധികം ആളുകള്‍ ഈ ഇന്‍സ്റ്റാഗ്രാം ലൈവ് കണ്ടു.

ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം നമ്മള്‍ ഒരുമിക്കുന്നുവെന്ന പ്രത്യേകത സിനിമയ്ക്കുള്ളതുകൊണ്ടു തന്നെ പ്രേക്ഷകര്‍ വളരെയധികം പ്രതീക്ഷയിലാണെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. അതുകൊണ്ടു തന്നെ വളരെയധികം ടെന്‍ഷനുണ്ടെന്ന് മമ്മൂട്ടി തിരിച്ച് മറുപടി നല്‍കുന്നുണ്ട്. 'നമ്മുടെ കൈയിലുള്ളത് തന്നെയാണോ അവര്‍ പ്രതീക്ഷിക്കുന്നതെന്നാണ് ടെന്‍ഷന്‍. നമ്മളേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്തം പ്രേക്ഷകര്‍ക്കാണ്. നിര്‍മ്മാതാവിന് മുടക്കുമുതലും ലാഭവും കിട്ടണം. എന്നാല്‍ മാത്രമേ ഇനിയും ഇത്തരത്തില്‍ സിനിമകള്‍ സംഭവിക്കാനുള്ള സാഹചര്യം ഒരുങ്ങൂമികച്ച ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്'- മമ്മൂട്ടി പറഞ്ഞു.

സിനിമ കണ്ടോ എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് മഹേഷ് അത് കാണിച്ചു തരുന്നില്ലെന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ മറുപടി. മമ്മൂട്ടിയുടെയും. ഒരു ഫൈറ്റ് സീനിലെ ഫൈറ്റ് രംഗം നന്നായി എന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ നിങ്ങളുടെ ക്ലൈമാക്‌സിലെ ഫൈറ്റ് വളരെ നന്നായി എന്നായിരുന്നു മോഹന്‍ലാലിനോട് മമ്മൂട്ടിയുടെ പ്രതികരണം. ഉടന്‍ മോഹന്‍ലാലിന്റെ രസകരമായ കൗണ്ടര്‍ വന്നു. എന്നാല്‍ പിന്നെ ക്ലൈമാക്‌സ് കൂടി പറഞ്ഞുകൊടുക്ക് എന്നായിരുന്നു അത്. ആവേശം കൊണ്ട് അറിയാതെ പറഞ്ഞുപോകുന്നതാണെന്നായിരുന്നു ഇതിനോട് മമ്മൂട്ടിയുടെ പ്രതികരണം.

മമ്മൂട്ടി ദുബായിലും മോഹന്‍ലാല്‍ ന്യൂയോര്‍ക്കിലും കുഞ്ചാക്കോ ബോബന്‍ ബംഗളൂരുവിലായിരിക്കും സിനിമ കാണുന്നതെന്നും ലൈവിലൂടെ പറഞ്ഞു. അപ്പോള്‍ കേരളത്തില്‍ നിന്നാരും സിനിമ കാണുന്നില്ലേയെന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് ഫഹദിനെ നമുക്ക് എറണാകുളത്ത് പറഞ്ഞു വിടാമെന്നായിരുന്നു മമ്മൂട്ടി മറുപടി പറഞ്ഞത്.

Content Highlights: Mammootty and Mohanlal join forces on Instagram Live for Patriot movie

dot image
To advertise here,contact us
dot image