

ടി 20 ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന നേട്ടത്തിലെത്തി ഹര്‍മന്‍പ്രീത് കൗര്‍. കഴിഞ്ഞദിവസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജോഹന്നാസ്ബര്‍ഗില്‍ നടത്തിയ മിന്നും പ്രകടനമാണ് ഇന്ത്യന്‍ ക്യാപ്റ്റനെ റെക്കോഡ് ബുക്കിലേക്ക് നയിച്ചത്. ക്യാപ്റ്റനെന്ന നിലയില്‍ മാത്രം 3000 റണ്‍സാണ് ഹര്‍മന്‍പ്രീത് കൗര്‍ ഇതുവരെ അടിച്ചെടുത്തത്.
കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ 38 പന്തിലാണ് ഹര്‍മന്‍പ്രീത് കൗര്‍ 66 റണ്‍സെടുത്തത്. മൂന്ന് സിക്‌സറുകളും ഏഴ് ഫോറുകളും ഇന്നിങ്‌സിനെ മനോഹരമാക്കി. ടി 20 ക്യാപ്റ്റനെന്ന നിലയില്‍ 125 ഇന്നിങ്‌സുകളിലായി 3017 റണ്‍സാണ് ഹര്‍മന്‍പ്രീത് നേടിയത്. അതില്‍ ഒരു സെഞ്ചുറിയും 14 അര്‍ധ സെഞ്ചുറിയുമുണ്ട്. ശ്രീലങ്കയുടെ ചമരി അട്ടപ്പട്ടുവാണ് ഹര്‍മന്‍പ്രീത് കൗറിന് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ളത്. 3016 റണ്‍സാണ് ശ്രീലങ്കന്‍ ക്യാപ്റ്റന്റെ സമ്പാദ്യം. 107 ഇന്നിങ്‌സുകളിലായി മൂന്ന് സെഞ്ചുറികളും 14 അര്‍ധ സെഞ്ചുറികളും അട്ടപ്പട്ടുവിന്റെ പേരിലുണ്ട്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി 20 പരമ്പരയില്‍ ആദ്യ മൂന്നുമത്സരവും തോറ്റതോടെ ഇന്ത്യപരമ്പര കൈവിട്ടു. ആദ്യമത്സരത്തില്‍ ആറുവിക്കറ്റിന് തോറ്റ ഇന്ത്യ, രണ്ടാം മത്സരത്തില്‍ എട്ടുവിക്കറ്റിനാണ് പരാജയമറിഞ്ഞത്. മൂന്നാം മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യക്കുണ്ടായത്. ദക്ഷിണാഫ്രിക്കയുടെ ലോറ വൊള്‍വര്‍ത്തിന്റെ സെഞ്ചുറി മികവാണ് ദക്ഷിണാഫ്രിക്കയെ പരമ്പര നേട്ടത്തിലേക്ക് നയിച്ചത്. ഇന്ത്യന്‍നിരയില്‍ ഹര്‍മന്‍പ്രീതിന് പുറമെ ഷെഫാലി വര്‍മയും അര്‍ധ സെഞ്ചുറി നേടി.
content highlights: Captain Harmanpreet Kaur hits milestone in T20 cricket; surpasses Sri Lankan star