

ഇന്ത്യൻ പ്രീമിയർ ലീഗ് 'എൽ ക്ലാസിക്കോ' എന്നറിയപ്പെടുന്ന മുംബൈ ഇന്ത്യൻസ് - ചെന്നൈ സൂപ്പർ കിങ്‌സ് പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കി. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി 7.30-നാണ് മത്സരം അരങ്ങേറുന്നത്. എൽ ക്ലാസിക്കോ പോര് കാണാനായുള്ള ആവേശത്തിലാണ് മുംബൈയുടെയും ചെന്നൈയുടെയും ആരാധകർ. എന്നാൽ, ആവേശം അതിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും ചെന്നൈ ആരാധകർക്ക് ഇന്നും നിരാശയാണ്. പരിക്കിൽ നിന്ന് മുക്തനായി സിഎസ്കെ മുൻ ക്യാപ്റ്റൻ എംഎസ് ധോണി മുംബൈക്ക് എതിരായ മത്സരത്തിൽ മൈതാനത്ത് ഇറങ്ങുമെന്നായിരുന്നു നേരത്തെ പുറത്ത് വന്നിരുന്ന വാർത്ത. എന്നാൽ, താരം ഇന്ന് കളത്തിലിറങ്ങാനുള്ള സാധ്യത മങ്ങിയതായാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്.
ഐപിഎൽ 2026 സീസൺ തുടങ്ങും മുൻപാണ് ധോണിക്ക് പരിക്ക് പറ്റിയത്. ആറ് മത്സരങ്ങൾ കഴിയുമ്പോഴും താരം പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനായിട്ടില്ലെന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് കേന്ദ്രങ്ങളെ ഉദ്ധരിച്ച് റേവ് സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സീസണിൽ ഇതുവരെ ചെന്നൈയ്ക്കായി ഒരു മത്സരത്തിൽ പോലും ധോണിക്ക് ഇറങ്ങിയിട്ടില്ല. പരിശീലനത്തിൽ താരം സജീവമാണെങ്കിലും വിക്കറ്റ് കീപ്പിംഗിലും ബാറ്റിംഗിലും താരം പൂർണ്ണ തൃപ്തനല്ലെന്നാണ് പുറത്ത് വരുന്ന വിവരം. ലഭിക്കുന്ന സൂചനകൾ അനുസരിച്ച് ധോണിയുടെ തിരിച്ച് വരവ് ഇനിയും വൈകുമെന്ന് തന്നെയാണ് ലഭിക്കുന്ന വിവരം. മെയ് 21-ന് ഗുജറാത്ത് ടൈറ്റൻസിനെതിരെ നടക്കുന്ന മത്സരത്തിലൂടെയാകും ധോണി തിരിച്ചെത്തുക. എന്നാൽ തന്‍റെ മടങ്ങിവരവിനെക്കുറിച്ച് ധോണി തന്നെയാകും അന്തിമ തീരുമാനമെടുക്കുക. ഇന്നലെ നെറ്റ്സിൽ അദ്ദേഹം ദീർഘനേരം പരിശീലനം നടത്തിയെങ്കിലും ചില പന്തുകൾ നേരിടാൻ ബുദ്ധിമുട്ടിയിരുന്നു.
മുംബൈ ഇന്ത്യൻസ് ക്യാംപിലും പരിക്കിന്‍റെ ആശങ്കകൾ ഒഴിയാതെ നിൽക്കുകയാണ്. ആംസ്ട്രിങ് പരിക്കിനെ തുടർന്ന് കഴിഞ്ഞ പത്ത് ദിവസമായി വിശ്രമത്തിലായിരുന്ന എംഐ മുന്‍ നായകന്‍ രോഹിത് ശർമ ഇന്നലെ പരിശീലനത്തിന് എത്തിയിരുന്നു. രോഹിത്തിനെ ഇപ്പോൾ കാര്യമായ പരിക്കുകൾ അലട്ടുന്നില്ലെങ്കിലും താരം ചെന്നൈക്കെതിരെ കളിക്കുമോ എന്നതിൽ ടോസ് സമയത്ത് മാത്രമേ ടീം മാനേജ്‌മെന്‍റ് അന്തിമ തീരുമാനം അറിയിക്കുകയുള്ളു എന്നാണ് നിലവിലെ റിപ്പോർട്ട്. സൂര്യകുമാർ യാദവിന്‍റെയും ക്യാപ്റ്റൻ ഹാര്‍ദിക് പാണ്ഡ്യയുടെയും ബാറ്റിംഗ് ഫോമും മുംബൈക്ക് തലവേദന സൃഷ്ട്ടിക്കുണ്ട്. ഇന്നലെ മൂന്ന് സെഷനുകളിലായി കഠിനമായ ബാറ്റിംഗ് പരിശീലനമാണ് സൂര്യകൂമാര്‍ യാദവ് നടത്തിയത്. പഴയ പ്രതാപം വീണ്ടെടുക്കാൻ സൂര്യയ്ക്ക് ചെന്നൈക്കെതിരായ മത്സരത്തിലെ പ്രകടനം അനിവാര്യമാണ്.
Content highlight: IPL 2026: Mumbai Indians vs Chennai Super Kings matchday