

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏപ്രിൽ 20-ന് നടന്ന ഗുജറാത്ത് ടൈറ്റന്‍സ് - മുംബൈ ഇന്ത്യൻസ് പോരാട്ടത്തിൽ ഹർദിക്കിനെയും സംഘത്തെയും വിജയത്തിലേക്ക് നയിച്ചത് തിലക് വർമയുടെ സെഞ്ചുറിമികവായിരുന്നു. എന്നാൽ, ഇന്ത്യൻ ടി20 ടീം നായകനും മുംബൈ ഇന്ത്യൻസ് താരവുമായ സൂര്യകുമാർ യാദവിന്റെ ഫോമിനെകുറിച്ചാണ് ഇപ്പോൾ ആരാധകർ ചർച്ച വിഷയമാക്കുന്നത്. പ്രതീക്ഷക്കൊത്ത് താരത്തിന് തിളങ്ങാനാവാത്ത വിമർശനങ്ങൾക്കും വഴിവക്കുന്നുണ്ട്. ഇപ്പോൾ ആ വിമർശങ്ങൾക്കിടയിലും സൂര്യയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് തിലക് വർമ.
'സൂര്യകുമാർ യാദവ് ഫോംഔട്ട് ആണെന്ന് ഞാൻ കരുതുന്നില്ല, വളരെ മികച്ച ഷോട്ടുകള്‍ അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്ന് വരുന്നുണ്ട്. ഒരു വലിയ ഇന്നിംഗ്‌സ് ഉടന്‍ തന്നെ അദ്ദേഹത്തില്‍ നിന്ന് ഉണ്ടാകും', തിലക് വർമ സൂര്യയെ പിന്തുണച്ചുകൊണ്ട് വ്യക്തമാക്കി. വാർത്താസമ്മേളനത്തിലൂടെയായിരുന്നു താരത്തിന്റെ ഈ പ്രതികരണം.
അതിനിടെ അന്നത്തെ തന്റെ സെഞ്ചുറി നേട്ടത്തിൽ നിർണായകമായത് മുംബൈയുടെ മുൻ നായകൻ രോഹിത് ശര്‍മ നല്‍കിയ ലളിതമായ ഒരു ഉപദേശമാണെന്നും തിലക് പറഞ്ഞു. ഗുജറാത്ത് ടൈറ്റൻസിനെതിരെ 45 പന്തില്‍ നിന്ന് പുറത്താകാതെ 101 റണ്‍സായിരുന്നു തിലക് വര്‍മ അന്ന് അടിച്ചുകൂട്ടിയത്. എന്നാല്‍ മത്സരത്തിന്റെ തുടക്കത്തിലാകട്ടെ 22 പന്തില്‍ വെറും 19 റണ്‍സുമായി തിലക് മൈതാനത്ത് പതറുകയായിരുന്നു.
'രോഹിത് ഭായിയോടാണ് ഞാന്‍ സംസാരിച്ചത്. ആദ്യം ഒരു 15-20 പന്തുകള്‍ നേരിടുക, നിന്റെ കഴിവിനെക്കുറിച്ച് നിനക്ക് തന്നെ അറിയാമല്ലോ എന്നാണ് അദ്ദേഹം ചോദിച്ചത്', കൂടാതെ സാഹചര്യത്തെക്കുറിച്ചോ മറ്റ് കാര്യങ്ങളെക്കുറിച്ചോ ചിന്തിക്കാതെ 15 പന്തുകള്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ ക്രീസില്‍ പിടിച്ചുനിൽക്കാൻ അദ്ദേഹം നിര്‍ദ്ദേശിച്ചു. അത് തനിക്ക് നൽകിയത് വലിയ ആത്മവിശ്വാസം ആയിരുന്നെന്നും തിലക് വര്‍മ വാര്‍ത്താസമ്മേളനത്തില്‍ തുറന്നുപറഞ്ഞു. ആ 15 പന്തുകള്‍ കൃത്യമായി പിന്നിട്ടതോടെ സ്വാഭാവികമായും വലിയ ഷോട്ടുകള്‍ കളിക്കാനുള്ള ആത്മവിശ്വാസവും തനിക്ക് ലഭിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു.
Content highlight: Mumbai Indians player Tilak Varma supports Suryakumar Yadav