'തെറ്റ് സമ്മതിക്കാൻ മടിയെന്തിന്?, 25 കോടിയുടെ താരം ടീമിന് ബാധ്യത'; ഗ്രീനിനെ വിമർശിച്ച് സെവാഗ്

ഐ പി എല്ലിലെ മോശം പ്രകടനത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനെതിരെ വിമർശനം കടുക്കുന്നു

'തെറ്റ് സമ്മതിക്കാൻ മടിയെന്തിന്?, 25 കോടിയുടെ താരം ടീമിന് ബാധ്യത'; ഗ്രീനിനെ വിമർശിച്ച് സെവാഗ്
dot image

ഐ പി എല്ലിലെ മോശം പ്രകടനത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിനെതിരെ വിമർശനം കടുക്കുന്നു. സീസണിൽ ഇതുവരെ അഞ്ചു മത്സരങ്ങൾ കളിച്ചിട്ടും കെ കെ ആറിന് ഒന്നിൽ പോലും ജയിക്കാനായിട്ടില്ല. പഞ്ചാബ് കിങ്സിനെതിരായ മഴ പെയ്ത മത്സരത്തിൽ ലഭിച്ച സമനില പോയിന്റ് മാത്രമാണ് ഏക ആശ്വാസം.

ഇന്നലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനോട് 32 റൺസിനാണ് കൊൽക്കത്ത പരാജയപ്പെട്ടത്. ആസ്ട്രേലിയൻ താരം കാമറൂൺ ഗ്രീനിനെ റെക്കോഡ് തുകയായ 25.20 കോടി രൂപക്ക് വാങ്ങിയത് ടീമിന് സംഭവിച്ച വലിയ അബദ്ധമായെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് പറഞ്ഞു.

ചെന്നൈയോട് തോറ്റതിനു പിന്നാലെയാണ് താരത്തിന്‍റെ പ്രതികരണം. സീസണിൽ ഗ്രീൻ ഇതുവരെ അഞ്ച് മത്സരങ്ങളിൽനിന്ന് ആകെ നേടിയത് 56 റൺസ് മാത്രം. ബൗളിങ്ങിലും നിരാശപ്പെടുത്തി, ഒരു വിക്കറ്റ് മാത്രം. തന്നിൽ മാനേജ്മെന്‍റ് അർപ്പിച്ച വിശ്വാസം കാക്കുന്നതിൽ ഗ്രീൻ പരാജയപ്പെട്ടു.

ഗ്രീൻ ടീമിന് ഒരു ബാധ്യതയായി മാറിയെന്നും കെ.കെ.ആർ തെറ്റ് സമ്മതിച്ച് അദ്ദേഹത്തെ ടീമിൽനിന്ന് ഒഴിവാക്കണമെന്നും സെവാഗ് ആവശ്യപ്പെട്ടു. ‘നിങ്ങൾ ഇത്രയും പണംമുടക്കി കളിക്കാരെ വാങ്ങി, കാമറൂൺ ഗ്രീനിന് 25 കോടി ചെലവഴിച്ചു, ഇപ്പോൾ അദ്ദേഹം ഒരു ബാധ്യതയായി മാറിയിരിക്കുന്നു. കളിപ്പിച്ചാൽ പ്രതീക്ഷക്കൊത്ത പ്രകടനം നടത്തുന്നില്ല.

കളിപ്പിച്ചില്ലെങ്കിൽ, ഇത്രയും പണം മുടക്കിയ താരത്തെ ബെഞ്ചിലിരുത്തിയോ എന്ന് ആളുകൾ ചോദിക്കും. എന്നാൽ തെറ്റ് സമ്മതിക്കുന്നതിൽ ലജ്ജിക്കേണ്ട ആവശ്യമില്ല. കാമറൂൺ ഗ്രീനിന് ഇത്രയും പണം ചെലവഴിച്ചത് തെറ്റായിപ്പോയി എന്ന് തുറന്നു സമ്മതിക്കൂ. അദ്ദേഹത്തെ ഒഴിവാക്കി മറ്റൊരാളെ പരീക്ഷിക്കൂ.

ബൗളിങ്ങിലും മികവ് കാണിക്കുന്നില്ല’ -മത്സരശേഷം 47കാരനായ സെവാഗ് ക്രിക്ക്ബസിനോട് പ്രതികരിച്ചു.

ടിം സീഫർട്ടിനെ ഓപ്പണറാക്കി ഫിൻ അലെനൊപ്പം കളിക്കണം. നായകൻ അജിങ്ക്യ രഹാനെ, റോവ്മാൻ പവൽ എന്നിവരെ യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങളിൽ കളിപ്പിക്കണമെന്നും സെവാഗ് അഭിപ്രായപ്പെട്ടു. സീഫർട്ടും ഫിൻ അലെനും ന്യൂസിലൻഡിനായി ഓപ്പണിങ്ങിൽ തകർപ്പൻ പ്രകടനം നടത്തുന്നവരാണെന്നും സെവാഗ് പറയുന്നു.

Content Highlights: virender-sehwag-criticizes-cameron-green-kkr-ipl-2026-performance

dot image
To advertise here,contact us
dot image