

ദുബായിൽ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും പൊതുനിരത്തുകളിലെ അശ്രദ്ധമായ പെരുമാറ്റം കുറയ്ക്കുന്നതിനുമായി പുതിയ നിയമം വരുന്നു. ഇതുപ്രകാരം, കുട്ടികൾ ഇലക്ട്രിക് സ്കൂട്ടറുകൾ ദുരുപയോഗം ചെയ്താൽ മാതാപിതാക്കൾ നിയമനടപടി നേരിടേണ്ടി വരും. ഇലക്ട്രിക് സ്കൂട്ടറുകൾ അശ്രദ്ധമായി ഉപയോഗിക്കുന്നത് വഴി കുട്ടികൾക്ക് പരിക്കേൽക്കുകയോ മറ്റുള്ളവരുടെ സുരക്ഷയെ ബാധിക്കുകയോ ചെയ്താൽ അതിന്റെ ഉത്തരവാദിത്തം മാതാപിതാക്കൾക്കായിരിക്കും. ഇതുമായി ബന്ധപ്പെട്ട നിയമനിർമ്മാണത്തിന് ദുബായ് പോലീസ് തയ്യാറെടുക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനുമാണ് ഈ നീക്കം.
ദുബായ് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഉൾപ്പെടെയുള്ളവരുമായി സഹകരിച്ചാണ് ദുബായ് പൊലീസ് പദ്ധതി തയ്യാറാക്കുന്നത്. ചെറിയ യാത്രാ വാഹനങ്ങൾ ഉയർത്തുന്ന വർദ്ധിച്ചുവരുന്ന അപകടസാധ്യതകൾ പരിഹരിക്കുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് അധികൃതർ വ്യക്തമാക്കി.
ഇലക്ട്രിക് സ്കൂട്ടറുകൾ ഇപ്പോൾ വെറുമൊരു വിനോദോപാധി മാത്രമല്ലെന്നും ചില സന്ദർഭങ്ങളിൽ അവ റോഡ് ഉപയോക്താക്കൾക്ക് യഥാർത്ഥ ഭീഷണിയായി മാറിയിട്ടുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി. പ്രായപൂർത്തിയാകാത്ത കുട്ടികൾ നിരോധിത മേഖലകളിൽ സ്കൂട്ടർ ഓടിക്കുകയോ, നിയമപരമായ വേഗത പരിധി മറികടക്കാൻ സ്കൂട്ടറുകളിൽ മാറ്റങ്ങൾ വരുത്തുകയോ ചെയ്യുമ്പോൾ മാതാപിതാക്കളെ ഉത്തരവാദികളാക്കുന്നതിലൂടെ ഇത്തരം പ്രവണതകൾ തടയാനാണ് നിർദ്ദിഷ്ട നിയമം ലക്ഷ്യമിടുന്നത്.
സുരക്ഷിതമായ പരിധിക്കപ്പുറം ചില സ്കൂട്ടറുകൾ മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാൻ കഴിയുന്ന രീതിയിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് അധികൃതർ കണ്ടെത്തി. സ്കൂട്ടറുകൾ കൃത്യമായി ട്രാക്ക് ചെയ്യുന്നതിനും സുരക്ഷ മെച്ചപ്പെടുത്തുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ദുരുപയോഗങ്ങൾ തടയുന്നതിനുമായി എല്ലാ സ്കൂട്ടറുകളും രജിസ്റ്റർ ചെയ്യാനും നമ്പർ പ്ലേറ്റുകൾ നൽകാനും പുതിയ നിയമം നിർദ്ദേശിക്കുന്നു.
ഇ-സ്കൂട്ടർ യാത്രക്കാരുടെ നിയമലംഘനങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ ദുബായ് പൊലീസ് പരിശോധന കർശനമാക്കിയതിന് പിന്നാലെയാണ് പുതിയ നിയമ നിർമാണം. നഗരത്തിൽ വർദ്ധിച്ചുവരുന്ന സ്കൂട്ടർ ഉപയോഗം നിയന്ത്രിക്കാനും ഉത്തരവാദിത്തമുള്ള പെരുമാറ്റം പ്രോത്സാഹിപ്പിക്കാനും റോഡ് സുരക്ഷ ഉറപ്പാക്കാനുമാണ് നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്.
സ്കൂട്ടറുകൾ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് തടയാൻ നിർബന്ധിത രജിസ്ട്രേഷനും നമ്പർ പ്ലേറ്റുകളും ഏർപ്പെടുത്താൻ അധികൃതർ പദ്ധതിയിടുന്നു. ചെറിയ യാത്രാ വാഹനങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം മൂലമുണ്ടാകുന്ന അപകടസാധ്യതകൾ കുറയ്ക്കാനും സുതാര്യത ഉറപ്പാക്കാനുമാണ് ഈ നടപടികൾ.
Content Highlights: Dubai Police is set to introduce a new law to strengthen road safety measures and curb traffic violations across the city.