

ഇന്ത്യൻ പ്രീമിയർ ലീഗിൽ തന്റെ നീണ്ട 10 വർഷത്തെ കരിയറിൽ ആദ്യമായി ഒരു സീസണിൽ ഒരു വിക്കറ്റ് പോലും നേടാനാകാതെ ജസ്പ്രീത് ബുംറ. ഇതുവരെ മുംബൈ ഇന്ത്യൻസ് കളിച്ച നാല് ഐപിഎൽ മത്സരങ്ങളിൽ ഒന്നിൽ പോലും താരത്തിന് വിക്കറ്റുകൾ ഒന്നും തന്നെ നേടാനായിട്ടില്ല.
ഐപിഎൽ 19-ാം സീസണിൽ മുംബൈ ഇന്ത്യൻസിന്റെ ആദ്യം മത്സരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയായിരുന്നു. അന്ന് നാല് ഓവർ എറിഞ്ഞ താരം വഴങ്ങിയത് 35 റൺസായിരുന്നു. ഡൽഹിക്കെതിരായ രണ്ടാം മത്സരത്തിൽ വഴങ്ങിയത് നാല് ഓവറിൽ 21 റൺസ്. ശേഷം നടന്ന രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ മൂന്ന് ഓവറിൽ 32 റൺസും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ നാല് ഓവറിൽ 35 റൺസുമാണ് വഴങ്ങിയത്.
ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്കായി 14 വിക്കറ്റുമായി തിളങ്ങി കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും കലാശപ്പോരിൽ കളിയിലെ താരമാകുകയും ചെയ്ത ബുംറക്ക് മുംബൈയുടെ നീലക്കുപ്പായത്തിലെത്തിയപ്പോള്‍ ഇതെന്ത് പറ്റിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മുംബൈ നായകൻ ഹാർദിക് പാണ്ഡ്യയ്ക്ക് ബുംറയെ ഉപയോഗിക്കുന്ന രീതിയിൽ കൃത്യമായ ഒരു പദ്ധതിയില്ലാത്തത് താരത്തിന്റെ ഈ വിക്കറ്റ് വരൾച്ചയ്ക്ക് കരണമാകുന്നതായാണ് ഉയരുന്ന വിമർശനം. ഓരോ മത്സരത്തിലും താരത്തെ വ്യത്യസ്തമായ ഓവറുകളിലാണ് പാണ്ഡ്യ പരീക്ഷിക്കുന്നത്. മുംബൈ ജയിച്ച കൊല്‍ക്കത്തക്കെതിരായ ആദ്യ മത്സരത്തിൽ 5, 12, 18, 20 എന്നി ഓവറുകളിലും ആര്‍സിബിക്കെതിരെ 4, 6, 17, 19 ഓവറുകളിലുമാണ് ബുംറ പന്തെറിഞ്ഞത്. ഇത് ബുംറയുടെ താളം തെറ്റിക്കുന്നുവെന്നാണ് നിരീക്ഷകർ ചണ്ടിക്കാട്ടുന്നത്. സൂര്യകുമാർ യാദവ് ഇന്ത്യൻ ടീമിനെ നയിക്കുമ്പോൾ ബുംറയ്ക്ക് കൃത്യമായ റോളുകൾ നൽകാറുണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേർത്തു.
എന്നാൽ ബുംറ വിക്കറ്റ് വീഴ്ത്താതിനെക്കുറിച്ച് മുംബൈ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഇന്ത്യൻ മുന്‍ താരം രവിചന്ദ്രൻ അശ്വിൻ പറഞ്ഞ് വയ്ക്കുന്നത്. ടി20 ക്രിക്കറ്റിൽ വിക്കറ്റ് നേടുന്നതിനേക്കാൾ റൺസ് വിട്ടുനൽകുന്നത് നിയന്ത്രിക്കുന്നതിലാണ് കാര്യമെന്ന് അശ്വിൻ എക്സിൽ കുറിച്ചു. 'ബുംറ യോർക്കറുകൾ കൃത്യമായി എറിയുന്നതും എതിരാളികളെ വരിഞ്ഞുമുറുക്കുന്നതും വിക്കറ്റ് എടുക്കുന്നതിനേക്കാൾ പ്രധാനമാണ്. വാംഖഡെ പോലെയുള്ള സ്റ്റേഡിയങ്ങളിൽ റൺസ് നിയന്ത്രിക്കുക എന്നതാണ് വലിയ കാര്യം', അശ്വിൻ വ്യക്തമാക്കി.
ബുംറയുടെ മങ്ങിയ ഫോമും ഹാർദിക്കിന്‍റെ ക്യാപ്റ്റൻസിയിലെ പാളിച്ചകളും മുംബൈ ഇന്ത്യൻസിനെ പോയിന്‍റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് പിൻതള്ളി. നാല് കളികളിൽ ഒരെണ്ണത്തിൽ മാത്രമാണ് മുംബൈക്ക് ജയിക്കാനായിട്ടുള്ളത്. വരും മത്സരങ്ങളിൽ ബുംറ ഫോമിലേക്ക് തിരിച്ചെത്തിയില്ലെങ്കിൽ മുംബൈയ്ക്ക് പ്ലേ ഓഫ് സ്വപ്നങ്ങൾക്ക് അത് തിരിച്ചടിയാകുമെന്നാണ് ആരാധകര്‍ കരുതുന്നത്. ഏപ്രിൽ 16-ന് പഞ്ചാബ് കിംഗ്‌സിനെതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ അടുത്ത മത്സരം.
Content highlight: IPL 2026: Jasprit Bumrah hits career long wicketless drought