'പവര്‍ ഹിറ്റിങില്‍ അല്ല, ടൈമിങിലായിരുന്നു അവന്റെ ശ്രദ്ധ'; സഞ്ജുവിനെ പുകഴ്ത്തി ഇന്ത്യൻ മുൻ താരം

ഐപിഎല്ലിൽ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ തകര്‍പ്പൻ പ്രകടനം കാഴ്ച്ചവച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സഞ്ജു സാംസണെ വാനോളം പുകഴ്ത്തി ഇന്ത്യൻ മുൻ താരം കെ ശ്രീകാന്ത്

'പവര്‍ ഹിറ്റിങില്‍ അല്ല, ടൈമിങിലായിരുന്നു അവന്റെ ശ്രദ്ധ'; സഞ്ജുവിനെ പുകഴ്ത്തി ഇന്ത്യൻ മുൻ താരം
dot image

ഐപിഎല്ലിൽ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ തകര്‍പ്പൻ പ്രകടനം കാഴ്ച്ചവച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സഞ്ജു സാംസണെ വാനോളം പുകഴ്ത്തി ഇന്ത്യൻ മുൻ താരം കെ ശ്രീകാന്ത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ആദ്യത്തെ മൂന്നു മല്‍സരങ്ങളില്‍ തിളങ്ങാനാവാതിരുന്ന സഞ്ജു സാംസണ്‍ ഇത്തവണ ബാറ്റ് ചെയ്തത് ഏറെ വ്യത്യസ്തമായിട്ടായിരുന്നുവെന്ന് കെ ശ്രീകാന്ത് ചൂണ്ടിക്കാട്ടി. അവിടെ നിന്ന് ഡൽഹിക്കെതിരെ ഒരു മാച്ച് വിന്നിങ് സെഞ്ച്വറിയോടെയാണ് സഞ്ജു ഈ സീസണിലെ ടീമിന്റെ ആദ്യ വിജയത്തിന്റെ ചവിട്ടുപടികൾ കയറ്റിയത്. സ്വന്തം യൂട്യൂബ് ചാനലായ ചീക്കി ചീക്കിയിലായിരുന്നു ശ്രീകാന്തിന്റെ പ്രതികരണം.

'സഞ്ജൂ, അഭിനന്ദനങ്ങള്‍, വളരെ ഗംഭീര ഇന്നിങ്‌സ് തന്നെയാണ് നിങ്ങള്‍ കാഴ്ചവച്ചത്. മല്‍സരശേഷം സ്വന്തം ബാറ്റിങിനെ കുറിച്ച് അദ്ദേഹം പറഞ്ഞത് ശരിയാണ്. അടിസ്ഥാന കാര്യങ്ങളിലേക്കു തിരികെ പോയതാണ് ഇത്ര മികച്ചൊരു ഇന്നിങ്‌സ് കാഴ്ചവയ്ക്കാന്‍ സഞ്ജുവിനെ സഹായിച്ചത്. പവര്‍ ഹിറ്റിങില്‍ അല്ല, മറിച്ച് ടൈമിങിലായിരുന്നു അദ്ദേഹം പ്രധാനമായും ശ്രദ്ധിച്ചത്', ശ്രീകാന്ത് സഞ്ജുവിനെ പുകഴ്ത്തികൊണ്ട് പറഞ്ഞു. 'ആദ്യത്തെ പവര്‍പ്ലേയില്‍ ഒരു സിക്‌സര്‍ പോലും സഞ്ജു നേടിയിട്ടിലായിരുന്നു. പകരം ടച്ച് ഗെയിമായിരുന്നു താരം കളിച്ചത്. കവര്‍ഡ്രൈവും സ്‌ട്രെയ്റ്റ് ഡ്രൈവും ഫ്‌ളിക്കുമെല്ലാം അദ്ദേഹം വളരെ മനോഹരമായി കളിച്ചു. അമിതമായി ബാറ്റിങില്‍ പവര്‍ ഉപയോഗിക്കാന്‍ സഞ്ജു ശ്രമിച്ചില്ല. ടൈമിങില്‍ മാത്രമാണ് അദ്ദേഹം ശ്രദ്ധ നല്‍കിയത്', ശ്രീകാന്ത് കൂട്ടിച്ചേർത്തു.

ഫിഫ്റ്റിക്കു ശേഷം സഞ്ജു കുറേക്കൂടി ഓപ്പണായി വലിയ ഷോട്ടുകളും കളിക്കാന്‍ ആരംഭിച്ചു. പിന്നീട് മുഴുവന്‍ ബൗളര്‍മാര്‍ക്കെതിരേയും എല്ലായിടത്തേക്കും ഷോട്ടുകള്‍ കളിക്കാന്‍ തുടങ്ങുകയും ചെയ്തു. മത്സരത്തിൽ പുറത്താവാതെ 115 റണ്‍സാണ് സഞ്ജു ചെന്നൈക്കായി അടിച്ചുകൂട്ടിയത്,അതും വെറും 56 പന്തിൽ. തന്റെ റൺവേട്ടയിൽ 15 ഫോറുകളും നാലു സിക്‌സറും സഞ്ജു നേടി. അദ്ദേഹത്തിന്റെ ഐപിഎല്‍ കരിയറിലെ നാലാമത്തെ സെഞ്ച്വറിക്കു കൂടിയാണ് ചെപ്പോക്ക് സ്‌റ്റേയിയം സാക്ഷിയായത്. ഇതിന് മുൻപ് 2017, 2019, 2021 സീസണുകളിലായിരുന്നു താരത്തിന്റെ സെഞ്ച്വറി നേട്ടം.

Content highlight: K Srikanth on Sanju Samson's performance against Delhi Capitals

dot image
To advertise here,contact us
dot image