'ഞാന്‍ പന്തിനെ നോക്കിയാണ് കളിക്കുന്നത്, ബൗളറെയല്ല'; മനസുതുറന്ന് വൈഭവ് സൂര്യവംശി

ആരെയും അതിശയിപ്പിക്കുന്ന പ്രകടനമാണ് രാജസ്ഥാൻ റോയൽസിന്റെ കൗമാരതാരം വൈഭവ് സൂര്യവംശി ഓരോ മത്സരത്തിലും പുറത്തെടുക്കുന്നത്

'ഞാന്‍ പന്തിനെ നോക്കിയാണ് കളിക്കുന്നത്, ബൗളറെയല്ല'; മനസുതുറന്ന് വൈഭവ് സൂര്യവംശി
dot image

ആരെയും അതിശയിപ്പിക്കുന്ന പ്രകടനമാണ് രാജസ്ഥാൻ റോയൽസിന്റെ കൗമാരതാരം വൈഭവ് സൂര്യവംശി ഓരോ മത്സരത്തിലും പുറത്തെടുക്കുന്നത്. ഇപ്പോൾ ആ പ്രകടനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് വൈഭവ്. ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരെ നേരിടുമ്പോഴും 'ബൗളറെ നോക്കണ്ട, പന്തിനെ മാത്രം ശ്രദ്ധിക്കുക' എന്ന തന്ത്രമാണ് താരം പിന്തുടരുന്നത് എന്നാണ് ആ വെളിപ്പെടുത്തൽ. ഐപിഎല്ലില്‍ ഇതുവരെയുള്ള മത്സരങ്ങളിൽ ആ താന്ത്രം വിജയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ജസ്പ്രിത് ബുംറയെ ആയിരുന്നു താരം പറപറത്തിയതെങ്കിൽ വെള്ളിയാഴ്ച രാത്രി ആ സ്ഥാനത്ത് ജോഷ് ഹേസല്‍വുഡ് ആയിരുന്നു. എതിരാളികൾ മാറി, സാഹചര്യങ്ങള്‍ മാറി, വെല്ലുവിളികള്‍ മാറി, പക്ഷേ മാറ്റമില്ലാതെ തുടരുന്ന പ്രകടനവുമായി വൈഭവ് മുന്നോട്ടുതന്നെ.

അന്താരാഷ്ട്ര തലത്തിൽ വരെ വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള ബൗളര്‍മാര്‍ പോലും ഈ കൗമാരക്കാരന് മുന്നില്‍ ഉത്തരമില്ലാതെ നില്‍ക്കുന്ന കാഴ്ചയാണ് ഐപിഎല്ലിൽ എപ്പോൾ കാണാനാകുന്നത്. നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ വെറും 26 പന്തില്‍ നിന്നായിരുന്നു വൈഭവ് 78 റണ്‍സ് അടിച്ചുകൂട്ടിയത്. മത്സത്തിലെ രാജസ്ഥാന്‍ റോയല്‍സിന്റെ അനായാസ വിജയത്തിൽ നിർണായകമായതും ആ ബാറ്റിംഗ് പ്രകടനം തന്നെ. 202 റണ്‍സ് എന്ന ലക്ഷ്യം രണ്ട് ഓവര്‍ ബാക്കിനില്‍ക്കെയായിരുന്നു രാജസ്ഥാന്‍ മറികടന്നത്.

'ഞാന്‍ എന്താണോ പരിശീലിക്കുന്നത് അത് മൈതാനത്ത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. സ്വാഭാവികമായ കളി ശൈലിയില്‍ വിശ്വസിക്കുന്നു. മനസ്സിന്റെ ഒരു കോണില്‍ ബൗളര്‍ ആരാണെന്ന ബോധ്യമുണ്ടാകും, പക്ഷേ ഞാന്‍ പന്തിനെ നോക്കിയാണ് കളിക്കുന്നത്', വൈഭവ് വ്യക്തമാക്കി. താരത്തെ പിടിച്ചുകെട്ടാന്‍ ഹേസല്‍വുഡ് സാധ്യമായ എല്ലാ വഴികളും പയറ്റി നോക്കിയിരുന്നു. എങ്കിലും ഒന്നും തന്നെ വിജയം കണ്ടിരുന്നില്ല. വെറുമൊരു വെടിക്കെട്ട് എന്നതിലപ്പുറം, കൃത്യമായ ടൈമിംഗും ഹിറ്റിംഗുമായിരുന്നു ഒരു നീക്കവും. തന്റെ വളര്‍ച്ചയില്‍ പിതാവ് സഞ്ജീവിനും രാജസ്ഥാന്‍ റോയല്‍സ് സപ്പോര്‍ട്ട് സ്റ്റാഫ് അംഗം റോമി ഭിന്ദറിനും വലിയ പങ്കുണ്ടെന്ന് വൈഭവ് പറഞ്ഞുവയ്ക്കുന്നു.

Content highlight: Vaibhav Sooryavanshi on his success in RR jersey

dot image
To advertise here,contact us
dot image