'ക്യാപ്റ്റനെന്ന നിലയിൽ കൂടുതൽ സ്ഥിരത കാണിക്കണം'; റിഷഭ് പന്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ മുൻ താരം

മധ്യനിരയിൽ പക്വത കാണിക്കേണ്ട ഘട്ടത്തിൽ റിഷഭ് പന്ത് വിക്കറ്റ് വലിച്ചെറിഞ്ഞതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യൻ മുൻ താരം മുഹമ്മദ് കൈഫ്

'ക്യാപ്റ്റനെന്ന നിലയിൽ കൂടുതൽ സ്ഥിരത കാണിക്കണം'; റിഷഭ് പന്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ മുൻ താരം
dot image

കഴിഞ്ഞ ദിവസം നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് - ലക്നൗ സൂപ്പർ ജൈൻറ്സ് മത്സരത്തിൽ എൽഎസ്ജി അവിശ്വസനീയ വിജയം സ്വന്തമാക്കിയെങ്കിലും ടീമിന് തലവേദനയായി ക്യാപ്റ്റൻ റിഷഭ് പന്തിന്‍റെയും സൂപ്പര്‍ താരം നിക്കോളാസ് പൂരന്‍റെയും മോശം ഫോം. കൊല്‍ക്കത്തക്കെതിരെ റിഷഭ് പന്ത് 10 റൺസെടുത്ത് പുറത്തായത് ലക്നൗവിനെ വലിയ സമ്മർദ്ദത്തിലാക്കിയിരുന്നു. സീസണിലെ ആദ്യ മത്സരങ്ങളിൽ മികച്ച പ്രകടനത്തോടെ തുടങ്ങിയെങ്കിലും താരത്തിന്‍റെ ബാറ്റിംഗിലെ ഒഴുക്ക് നഷ്ടപ്പെട്ടതായാണ് ഇപ്പോഴത്തെ വിലയിരുത്തൽ. മധ്യനിരയിൽ പക്വത കാണിക്കേണ്ട ഘട്ടത്തിൽ റിഷഭ് പന്ത് വിക്കറ്റ് വലിച്ചെറിഞ്ഞതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യൻ മുൻ താരം മുഹമ്മദ് കൈഫ് രംഗത്തെത്തി.

'റിഷഭ് പന്ത് ടീമിനായി അവസാനം വരെ ക്രീസില്‍ നിൽക്കണമായിരുന്നു. 2016 മുതൽ ഐപിഎൽ കളിക്കുന്ന താരമാണ് റിഷഭ് പന്ത്. അവന്‍ ബാറ്റിംഗിനിറങ്ങുമ്പോൾ 5 ഓവറിൽ 41 റൺസുണ്ടായിരുന്നു എൽഎസ്ജിക്ക്. അത്തരമൊരു സാഹചര്യത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് കളി പൂർത്തിയാക്കേണ്ട ബാധ്യത പന്തിനായിരുന്നു', കൈഫ് സ്റ്റാർ സ്പോർട്സിനോട് സംസാരിക്കുന്നതിനിടെ പറഞ്ഞു. ക്യാപ്റ്റനെന്ന നിലയിൽ പന്ത് കൂടുതൽ സ്ഥിരത കാണിക്കണമെന്നും കൈഫ് കൂട്ടിച്ചേർത്തു. ഒരു മത്സരത്തിൽ നന്നായി കളിക്കുകയും അടുത്ത മൂന്ന് മത്സരങ്ങളിൽ പരാജയപ്പെടുകയും ചെയ്യുന്നത് ഒരു ടീം ലീഡർക്ക് ചേർന്നതല്ലെന്നും കൈഫ് കൂട്ടിചേർത്തു.

സീനിയർ താരങ്ങൾ ഓരോരുത്തരായി കൂടാരം കയറിയപ്പോൾ മുകുൾ ചൗധരി നടത്തിയ ഒറ്റയാൾ പോരാട്ടമായിരുന്നു ലക്നൗവിനെ നാണക്കേടിൽ നിന്ന് കരകയറ്റിയത്‌. എന്നാൽ എല്ലാ മത്സരങ്ങളിലും ഒരു യുവതാരം രക്ഷകനാകുമെന്ന് കരുതുന്നത് മണ്ടത്തരമാണെന്ന് ക്രിക്കറ്റ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. അടുത്ത മത്സരങ്ങളിൽ പന്തും പുരാനും ഫോമിലേക്ക് തിരിച്ചെത്തിയില്ലെങ്കിൽ ലക്നൗവിന്‍റെ പ്ലേ ഓഫ് സ്വപ്നങ്ങൾക്ക് അത് വലിയ തിരിച്ചടി തന്നെയായിരിക്കും.

Content highlight: Former player Mohammad Kaif slams Rishabh Pant for lack od responsibility

dot image
To advertise here,contact us
dot image