എല്‍ഡിഎഫോ യുഡിഎഫോ എന്‍ഡിഎയോ; നിയമസഭ തെരഞ്ഞെടുപ്പ് എക്സിറ്റ് പോള്‍ ഫലം ഏപ്രില്‍ 29ന്

ഔദ്യോഗികമായ പ്രവചനങ്ങള്‍ക്കായി നീണ്ട കാത്തിരിപ്പിലാണ് ഏവരും

എല്‍ഡിഎഫോ യുഡിഎഫോ എന്‍ഡിഎയോ; നിയമസഭ തെരഞ്ഞെടുപ്പ് എക്സിറ്റ് പോള്‍ ഫലം ഏപ്രില്‍ 29ന്
dot image

തിരുവനന്തപുരം: അടുത്ത അഞ്ചുവര്‍ഷക്കാലം ആര് ഭരിക്കുമെന്നറിയാനുള്ള ഔദ്യോഗിക പ്രവചനത്തിനായുള്ള കാത്തിരിപ്പിലാണ് കേരളം. ഇന്നലെ കേരളവും അസമും പുതുച്ചേരിയും വിധിയെഴുതിയെങ്കിലും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്കായി ഇനിയും ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പ് വേണം.

മറ്റ് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാലാണിത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശനമായ നിര്‍ദ്ദേശം നിലനില്‍ക്കുന്നതിനാല്‍ ഇത്തരം സര്‍വ്വേ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനാണ് നടപടി.

ഏപ്രില്‍ ഒമ്പത് രാവിലെ ഏഴ് മണി മുതല്‍ ഏപ്രില്‍ 29 വൈകുന്നേരം 6.30 വരെയാണ് എക്‌സിറ്റ് പോളുകള്‍ക്ക് നിരോധനമുള്ളത്. പശ്ചിമ ബംഗാളിലെ അവസാനഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 29-ന് വൈകുന്നേരം മാത്രമേ പൂര്‍ത്തിയാകൂ. ഈ സാഹചര്യത്തിലാണ് എക്സിറ്റ് പോളുകൾക്കുള്ള സമയം 29-ലേക്ക് നീട്ടിയത്.

തമിഴ്‌നാട്ടിലും ബംഗാളിലും വരും ദിവസങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കാനിരിക്കുകയാണ്. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 126 A പ്രകാരം നിരോധിത കാലയളവില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് രണ്ട് വര്‍ഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന ശിക്ഷാര്‍ഹമായ കുറ്റമാണ്.

സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച അവസാന വോട്ടര്‍ പട്ടിക പ്രകാരം കേരളത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,71,42,952 ആണ്. ഇതില്‍ 1,32,20,811 പേര്‍ പുരുഷന്മാരും 1,39,21,868 പേര്‍ സ്ത്രീകളുമാണ്. 273 പേര്‍ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുമാണ്. നൂറ് വയസ്സിന് മുകളില്‍ പ്രായമുള്ള 1,555 വോട്ടര്‍മാരും ഇത്തവണ പട്ടികയിലുണ്ട്. 478 പേര്‍ പുരുഷവോട്ടര്‍മാരും 1,077 സ്ത്രീ വോട്ടര്‍മാരുമാണ് പട്ടികയിലുള്ളത്. 18നും 19നും ഇടയില്‍ പ്രായമുള്ള 4,66,408 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്താന്‍ അര്‍ഹരായിരുന്നത്.

Content Highlights: kerala is waiting for the exit poll results

dot image
To advertise here,contact us
dot image